മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 13

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു.

വയലത്തലയുടെ മണ്ണിൽ കത്തോലിക്കാ വിശ്വാസത്തിന് തുടക്കം കുറിച്ച കോശി കുഴിയംമണ്ണിൽ അച്ചൻ.

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

സംസ്കാരത്തെയും സമൂഹത്തെയും യേശുക്രിസ്തുവിൽ രക്ഷാകരമായ നവീനതയിലേയ്ക്ക് അടുപ്പിക്കുന്നതിനായി പുണ്യനദിയായ പമ്പയുടെ തീരത്ത് മാമലകളുടെ നടുവിൽ വയലത്തല എന്ന ഒരു ചെറു കുന്നിൻപുറത്ത് 1936-ൽ വന്ദ്യനായ കുഴിയംമണ്ണിൽ കോശി കത്തനാർ തുടക്കം കുറിച്ചതാണ് വയലത്തല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി. വയലത്തല ദേശത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കാൻ സധൈര്യം മുന്നോട്ടുവന്ന ധീരമനുഷ്യൻ. തന്റെ ജീവിതയാത്ര കഷ്ടപ്പാടും വെല്ലുവിളികളും നിറഞ്ഞതാണെന്നറിഞ്ഞിട്ടും ഉന്നതമായ ചിന്തയും ദീർഘവീക്ഷണവും കൈമുതലായ ആ കർമ്മയോഗി നൈമിഷികങ്ങളായ നിദ്രാസ്വപ്നങ്ങളേക്കാൾ ശ്രേഷ്ഠമാണ് തന്റെ ജീവിതവിളി എന്ന് തിരിച്ചറിഞ്ഞു. ഇതിനു തെളിവായിരുന്നു അച്ചന്റെ ഔന്നത്യപൂർണ്ണമായ പൗരോഹിത്യജീവിതം.

പത്തനംതിട്ട ജില്ലയിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ വയലത്തല ഗ്രാമത്തിൽ കുഴിയംമണ്ണിൽ വീട്ടിൽ കുര്യൻ യോഹന്നാൻ – റെബേക്ക ദമ്പതികളുടെ കനിഷ്ഠപുത്രനായി 1905 ഏപ്രിൽ 29-ന് ഭൂജാതനായി. മകൻ ഒരു പട്ടക്കാരൻ ആകണമെന്ന് അച്ചന്റെ വത്സലപിതാവ് ഏറെയാഗ്രഹിച്ചിരുന്നു. ഇടവക പൊതുയോഗം കൂടി ദേശത്ത് പട്ടക്കാരനെ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. വൈദികസ്ഥാനത്തേയ്ക്ക് അർത്ഥികൾ മൂന്നു പേരുണ്ടായിരുന്നതിനാൽ അപ്പസ്തോല നടപടികളിൽ മത്തിയാസിനെ തെരഞ്ഞെടുത്തതുപോലെ ദൈവഹിതമറിയാനായി കുറിയിടുകയും അങ്ങനെ കോശിയുടെ പേര് വെളിവാകുകയും 1929 ഫെബ്രുവരി 22-ന് ഇരുപത്തിനാലാമത്തെ വയസ്സിൽ പട്ടം സ്വീകരിക്കുകയും സഹപട്ടക്കാരനായി ഇടവക പള്ളിയായ മാർ സ്ളീബാ സേവേറിയോസ് ഓർത്തഡോക്സ് പള്ളി വയലത്തലയിൽ തന്നെ നിയമിതനാവുകയും ചെയ്തു.

കുഴിയംമണ്ണിൽ കുടുംബത്തിന് ഈ ദേവാലയവുമായി വൈകാരികമായ അടുപ്പമുണ്ട്. പള്ളിക്ക് ആവശ്യമായ സ്ഥലം ദാനമായി നൽകിയതും പള്ളി പണിയുന്നതിന് മുൻകൈയ്യെടുത്തതും അച്ചന്റെ വത്സലപിതാവായ യോഹന്നാനായിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ അംഗീകാരമെന്നോണം പളളിയുടെ പടിഞ്ഞാറ് ഭാഗത്താണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.

കോശി അച്ചൻ അടൂർ ചിറ്റുവയിൽ എലിയാമ്മയെ വിവാഹം ചെയ്യുകയും ലില്ലിക്കുട്ടി, മോനിക്ക, മേരിക്കുട്ടി, ചെറുപുഷ്പം, ജോൺ എന്നിങ്ങനെ 5 മക്കളെ ദൈവം നൽകുകയും ചെയ്തു. ഏകമകൻ ജോണും മകൾ ചെറുപുഷ്പവും ബാല്യത്തിൽ തന്നെ സ്വർഗ്ഗീയസമ്മാനത്തിനായി യാത്രയായി.

1930 സെപ്റ്റംബർ 20-ന് ബഥനിയുടെ മെത്രാപ്പൊലീത്ത മാർ ഈവാനിയോസും ഒരു ചെറുസംഘവും കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടത് കക്ഷിവഴക്കിലും സ്വത്ത് വ്യവഹാരങ്ങളിലും കുടുങ്ങിക്കിടന്ന മെത്രാൻകക്ഷിക്കാർക്കിടയിൽ ഒരു മാറ്റത്തിനു തുടക്കം കുറിച്ചു. ഒപ്പം ഏകസത്യസഭ കത്തോലിക്കാ സഭയാണ് എന്ന ചിന്ത അനേകരിൽ രൂഢമൂലമായി. മാർ ഈവാനിയോസ് തിരുമേനിയുമായും ബഥനി പ്രസ്ഥാനവുമായും അടുത്ത് സഹകരിച്ചിരുന്ന അച്ചൻ, പുനരൈക്യത്തെ നഖശിഖാന്തം എതിർത്തിരുന്നുവെങ്കിലും നിരന്തരമായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും വെളിച്ചത്തിൽ 1935-ൽ അച്ചനും വയലത്തല പ്രദേശത്തെ 21 കുടുംബനാഥന്മാരും കാട്ടൂർ പള്ളിയിൽ വച്ച് തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും പുനരൈക്യശിൽപിയുമായ മാർ ഈവാനിയോസ് പിതാവിന്റെ മുമ്പാകെ കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവുമായ കത്തോലിക്കാവിശ്വാസം ഏറ്റുപറഞ്ഞ് പുനരൈക്യപ്പെടുകയും മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അംഗങ്ങളാകുകയും ചെയ്തു.

പത്തനംതിട്ട പ്രദേശങ്ങളിൽ ആദ്യം പുനരൈക്യപ്പെട്ട വൈദികരിലൊരാളാണ് ഈ പുരോഹിതശ്രേഷ്ഠൻ. മൈലപ്ര അച്ചൻ, കടമ്മനിട്ട അച്ചൻ, കുമ്പഴ അച്ചൻ എന്നീ ത്രിമൂർത്തികൾക്കൊപ്പം പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ പത്തനംതിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കെട്ടുപണിക്കായി അക്ഷീണം പ്രയത്നിക്കുകയും തന്റെ ജീവിതം പരിപൂർണ്ണമായും അതിനായി ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു. മാർ ഈവാനിയോസ് തിരുമേനിയുമായി വലിയ അടുപ്പമുണ്ടായിരുന്ന അച്ചൻ ജീവിതത്തിലുടനീളം അത് കാത്തുസൂക്ഷിച്ചിരുന്നു.

നിസ്തുലമായ പൗരോഹിത്യജീവിതത്താൽ അനേകം കുടുംബങ്ങളെ ക്രിസ്തീയവിശ്വാസത്തിലും കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിലും വളർത്തുന്നതിനും അച്ചന് സാധിച്ചു. അതിന്റെ തെളിവാണ് 1936- ലെ ദനഹാ പെരുനാൾ ദിനത്തിൽ (ജനുവരി 6) സ്ഥാപിതമായ വയലത്തലയിലെ കത്തോലിക്കാ സമൂഹം. പള്ളി പണിയുന്നതിന് നിയമാനുവാദം കിട്ടാനായി ഒട്ടേറെ പണിപ്പെട്ടു. അച്ചനോടൊപ്പം സഹോദരങ്ങളും കുടുംബാംഗങ്ങളും കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്നിരുന്നു.

കീക്കൊഴൂർ, നാരങ്ങാനം ഇടവകകളിലും സമീപപ്രദേശങ്ങളിലും വികാരിയായിരുന്നു. ഇവിടങ്ങളിലെ പഴയ തലമുറ വളരെ വികാരാധീനരായി അച്ചന്റെ ശുശ്രൂഷയെ ഇന്നും അനുസ്മരിക്കുന്നു. സുറിയാനി ഭാഷയോടുള്ള അടങ്ങാത്ത ആവേശം അദ്ദേഹം തന്റെ സഹോദരങ്ങൾക്കും ഇടവകാംഗങ്ങൾക്കും പകർന്നുനൽകി. ഈ ഭാഷയിൽ അവഗാഹമുണ്ടായിരുന്നതിനാലും ഇമ്പമായി ഗാനങ്ങൾ ആലപിക്കാൻ കൃപയുണ്ടായിരുന്നതിനാലും അച്ചന്റെ ശുശ്രൂഷകൾ വിശ്വാസ സമൂഹത്തെ സ്വർഗ്ഗീയ ഔന്നത്യത്തിലേയ്ക്ക് ഉയർത്തിയിരുന്നു. വലിപ്പചെറുപ്പഭേദമന്യേ എല്ലാവരേയും കരുതാനും സ്നേഹിക്കാനും അച്ചനു സാധിച്ചിരുന്നു.

പ്രമേഹ രോഗബാധിതനായിരുന്ന അച്ചൻ അതൊന്നും വകവയ്ക്കാതെ പുനരൈക്യപ്രസ്ഥാനത്തിനായി അക്ഷീണം അദ്ധ്വാനിച്ചു. വയലത്തല പള്ളി പണിയുന്നതിനായി ഇടവക ജനങ്ങളോടൊപ്പം കൈ-മെയ് മറന്ന് അദ്ധ്വാനിച്ചു. വിശ്രമമില്ലാത്ത അദ്ധ്വാനത്താൽ പ്രമേഹം മൂർച്ഛിക്കുകയും കാലിലുണ്ടായ ഒരു ചെറിയ മുറിവ് പഴുത്ത് വ്രണമായി ഒടുവിൽ മുട്ടിനു താഴെവച്ചു മുറിക്കേണ്ടതായും വന്നു. രോഗം വീണ്ടും അധികരിച്ചതിനാൽ വയലത്തലയുടെ മണ്ണിൽ കത്തോലിക്കാ സഭയുടെ വിത്ത് പാകിയ വന്ദ്യനായ കോശി അച്ചൻ 1946 സെപ്റ്റംബർ 6-ന് നിത്യതയുടെ മേഘങ്ങൾക്കിടയിൽ സ്വർഗ്ഗഭാഗ്യം പൂകി ചരിത്രത്തിന്റെ ഭാഗമായി.

മരണക്കിടക്കയ്ക്കു സമീപം ബന്ധുവും സതീർതഥ്യനുമായ മൈലപ്ര അച്ചനും കുടുംബാംഗങ്ങളും ഇടവകാംഗങ്ങളുമെല്ലാമുണ്ടായിരുന്നു. ദേവാലയത്തോട് ചേർന്നു തന്നെ അച്ചനെ സംസ്കരിച്ചിരിക്കുന്നു. അച്ചന്റെ പ്രിയപത്നിയായ ഏലിയാമ്മ കോശി, 1999 മെയ് 11-ന് മരണപ്പെടുകയും വയലത്തല പള്ളിയിൽ അടക്കപ്പെടുകയും ചെയ്തു.

കുടുംബാംഗങ്ങളിൽ നിന്നും ബന്ധുമിത്രാദികളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നുമുളള എതിർപ്പ്, സ്വപിതാവ് നൽകിയ സ്ഥലത്ത് പണിയിപ്പിച്ച, താൻ പട്ടമേറ്റ, ഇടവക ശുശ്രൂഷ ചെയ്ത ദേവാലയത്തോടുള്ള വൈകാരികമായ അടുപ്പം, അരക്ഷിതമായ ഭാവി ഇതിനെയെല്ലാം അതിജീവിക്കാൻ കോശി കുഴിയംമണ്ണിൽ അച്ചനായി എന്ന് തിരിച്ചറിയുമ്പോഴാണ് ആ സത്യാന്വേഷിയുടെ ജീവിതം എത്ര ഉദാത്തമായിരുന്നു എന്നത് മനസ്സിലാകുക. വളരെ ഹ്രസ്വമായ കത്തോലിക്കാ പട്ടത്വ ശുശ്രൂഷ, 10 വർഷക്കാലം വയലത്തല കത്തോലിക്കാ പള്ളിയുടെയും സമീപപ്രദേശങ്ങളിലെ പള്ളികളുടെയും വികാരിയായി തീക്ഷ്ണതയോടെ സേവനം ചെയ്ത അച്ചൻ തന്റെ യുവത്വത്തിൽ (41 വയസ്സ്) ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടുവെങ്കിലും അച്ചൻ തിരിതെളിച്ച സത്യവിശ്വാസമാകുന്ന ദീപനാളത്തിന്റെ പൊൻപ്രഭ ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ലില്ലിക്കുട്ടി തോമസ് (മകൾ), റോയി ഇളമത (കൊച്ചുമകൻ), പ്രൊഫ. ഡോ. ഏബ്രഹാം മാത്യു പൊൻമേലിൽ, ബ്ര. ഐവാൻ പുതുപ്പറമ്പിൽ, സുബിൻ മാത്യു തേക്കിൻകാട്ടിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.