വേണ്ട, ഇനി ആണവായുധം

ടോണി ചിറ്റിലപ്പിള്ളി

ഇന്ന് ആഗസ്റ്റ് 29. സമാധാനത്തിന്റെയും ആണവ നിരായുധീകരണത്തിന്റേയും സന്ദേശം പരത്തുന്ന ദിനം. ആണവപരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്രദിനം. ഹിരോഷിമ, നാഗസാക്കി മാനവരാശിയെ സംബന്ധിച്ച് ഈ രണ്ടു പേരുകളും ആഗസ്റ്റ് ആറ്, ഒമ്പത് തീയതികളും എന്നും ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലാണ്. ആണവപരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്രദിനവും ആഗസ്റ്റ് മാസം തന്നെ. വടക്കുകിഴക്കൻ കസാക്കിസ്ഥാനിലെ സ്റ്റെപ്പിയിലെ സെമിപാലാറ്റിൻസ്ക് ന്യൂക്ലിയർ ടെസ്റ്റ് സൈറ്റ് അടച്ചതിന്റെ ഓർമ്മ പുതുക്കുന്നത് 1991 ആഗസ്റ്റ് 29 -നാണ്.

ആണവായുധങ്ങളുടെ നിർമ്മാണത്തിനും ശേഖരണത്തിനുമെതിരെ ശബ്ദമുയർത്തുന്നതിനോടൊപ്പം ലോകത്തിെന്റെ ശാശ്വത സമാധാനത്തിനും സ്ഥിരമായി ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ് ഹിരോഷിമ സമാധാന സ്മാരകം. ഭൂമുഖത്ത് ആദ്യമായി അണുബോംബ് വർഷിച്ചത് ജപ്പാനിൽ അമേരിക്കയുടെ വകയായിട്ടായിരുന്നു. ഒരുലക്ഷത്തി നാൽപതിനായിരത്തിലധികം മനുഷ്യജീവനുകൾ നിമിഷങ്ങൾക്കകം കത്തിച്ചാമ്പലായതായിരുന്നു ആ ബോംബ് വർഷത്തിന്റെ ഫലം. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിക്കരിഞ്ഞു. അണുബോംബിന്റെ പാർശ്വഫലങ്ങളായി ലുക്കേമിയ പോലുള്ള ക്യാൻസറും മാരകരോഗങ്ങളും പകർച്ചവ്യാധികളും ജപ്പാൻ ജനതയെ ഇപ്പോഴും കാർന്നുതിന്നു കൊണ്ടിരിക്കുകയാണ്.

ഇന്ന് നമ്മുടെ ഭൂമിയുടെ മുന്നിലെ വലിയൊരു ഭീഷണിയാണ് ആണവമാലിന്യങ്ങള്‍. കോണ്‍ക്രീറ്റ് കുടീരങ്ങള്‍ക്കുള്ളില്‍ അടക്കം ചെയ്തിരിക്കുന്ന ഈ വിഷവസ്തുക്കള്‍ കടലിലേക്കും അന്തരീക്ഷവായുവിലേക്കും ചോര്‍ന്നെത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുംവിധം വിനാശകരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ആണവമാലിന്യം.

ആണവനിലയ ദുരന്തങ്ങളുടെയും ആണവായുധ പരീക്ഷണങ്ങളുടെയും ആണവയുദ്ധങ്ങളുടെയും ഫലമായുണ്ടാകുന്ന റേഡിയോ വികിരണശേഷിയുള്ള അവശിഷ്ടങ്ങള്‍ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അതിഭീകരവും തലമുറകളോളം പ്രതികൂലമായി ബാധിക്കുന്നവയുമാണ്. അതുകൊണ്ടു തന്നെ, ലോകത്ത് ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നിരവധി അന്താരാഷ്ട്ര ഉടമ്പടികള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം ഉടമ്പടികളിലെ വ്യവസ്ഥകള്‍ അവഗണിച്ചുകൊണ്ട് ആണവശക്തികള്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ദുരന്തഫലം ലോകത്തിലെ പല രാജ്യങ്ങളും അവിടത്തെ ജനങ്ങളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ആണവപരീക്ഷണങ്ങൾ നടന്ന ഇന്ത്യയുടെ പാെക്കറാനും അമേരിക്കയുടെ മാർഷൽ ദ്വീപസമൂഹവും റഷ്യയുടെ കസാക്കിസ്ഥാൻ, ഉസ്ബസ്കിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെ കേന്ദ്രങ്ങളിൽ സ്ഥിതിചെയ്ത ഇടങ്ങളും പരിസരങ്ങളും ചൈനയുടെ വിവിധ കേന്ദ്രങ്ങളും ആണവചോർച്ചകൾ ഉണ്ടായ മറ്റു പ്രദേശങ്ങളും ലോകത്തിന്റെ വിവിധ ഭാഗത്തായി അണുവികിരണങ്ങളുടെ ഭീഷണി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തിനും മനുഷ്യനും നേരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ വരെ ഇന്ന് അണുബോംബിന്റെയും ആണവായുധങ്ങളുടെയും സൂക്ഷിപ്പുകാരാവുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് എന്നതാണ് വാര്‍ത്തകള്‍.

അമേരിക്കയേയും റഷ്യയേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമഫലമായി ജീവൻ നഷ്ടമായത് 1.94 ലക്ഷം പേർക്കെന്നാണ് റിപ്പോർട്ട്. 1964 -നും 1996 -നും ഇടയിൽ ചൈന വിജയകരമായി നടത്തിയ 45 ആണവപരീക്ഷണങ്ങളുടെ ഫലമായാണ് ഇത്രയും മനുഷ്യജീവൻ നഷ്ടമായതെന്ന് അമേരിക്കൻ മാസികയായ ദ നാഷണൽ ഇന്ററസ്റ്റിൽ മാദ്ധ്യമപ്രവർത്തകൻ പീറ്റർ സൂസ്യു എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നു.

ലോകം ആഗ്രഹിക്കുന്നത് യുദ്ധമില്ലാത്ത നാളുകൾ തന്നെയാണ്. ഇനിയൊരു യുദ്ധമുണ്ടായാൽ അത് ലോകനാശത്തിലേക്കായിരിക്കും നയിക്കുകയെന്നത് പ്രവചനത്തിനപ്പുറം സംഭവിക്കാൻ പോകുന്ന യാഥാർത്ഥ്യമാണ്. മനുഷ്യരാശിയെ സ്‌നേഹിക്കുന്ന രാഷ്ട്രനേതാക്കൾ അതുകൊണ്ട് ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് പിന്മാറുകയാണ് ചെയ്യേണ്ടത്. ഓരോ ആഗസ്റ്റ് 29 -ഉം ആണവപരീക്ഷണങ്ങൾക്കെതിരായ ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുമ്പോള്‍ ആണവായുധമുക്ത ലോകത്തിനായി സമാധാനകാംക്ഷികളായ ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കുന്ന അവസരമായി അവ മാറുകയാണ്. ഇനിയും അത്തരത്തിലുള്ള ഒരു ആണവദുരന്തം താങ്ങാനുള്ള കരുത്ത് ലോകത്തിനില്ല.

ആണവായുധങ്ങളുടെ കരിനിഴലില്‍ നിന്ന് ലോകം മോചിതമാകണം. രാസായുധങ്ങളും ആണവായുധങ്ങളും ഉള്‍പ്പെടെ കൂട്ടനശീകരണത്തിന് ശക്തിയുള്ള എല്ലാ ആയുധങ്ങളും ഇല്ലാതാക്കണം. അതു മാത്രമാണ് സുരക്ഷിതലോകത്തിലേക്കുള്ള വഴി. ഈ ആയുധങ്ങള്‍ ഉള്ളിടത്തോളം ലോകം മുഴുവന്‍ ഭീതിയുടെ നിഴലിലായിരിക്കും. ആണവപരീക്ഷണങ്ങൾ ഒന്നിനും പരിഹാരമല്ല.

ആണവപരീക്ഷണം കൊണ്ട് ഒരു രാജ്യം രണ്ടു കാര്യങ്ങളാണ് ലക്ഷ്യമാക്കുന്ന്. ഒന്ന്, ഒരു അണുബോബ് ഉണ്ടാക്കാനാവശ്യമായ ഡാറ്റ കളക്റ്റ് ചെയ്യുക, രണ്ടാമത്തേതും പരമപ്രധാനവുമായ ലക്ഷ്യം മറ്റുള്ളവരെ തങ്ങൾക്ക് ഒരു അണുബോബ് ഉണ്ടാക്കാനാവശ്യമായ ശേഷിയുണ്ടെന്ന് ബോധ്യമാക്കുക. സംഘര്‍ഷങ്ങള്‍ക്കു പരിഹാരമായി ആണവായുധപ്രയോഗം ആകാമെന്ന ഭീഷണി സ്ഥിരമായി നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് നമുക്ക് സമാധാനത്തെക്കുറിച്ചു പറയാനാകുക?

ചരിത്രത്തിലുടനീളം ഇത്തരം പരീക്ഷണങ്ങൾ മനുഷ്യവംശത്തിന് നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. കൂട്ടമരണങ്ങൾ, തലമുറകളിലേക്ക് പടരുന്ന ജനിതകരോഗങ്ങൾ, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും നാശം. ഇതു മാത്രമാണ് ആണവപരീക്ഷണങ്ങൾ ഈ ഭൂമണ്ഡലത്തിൽ സൃഷ്ടിച്ചത്. മാനവരാശിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഹൃദയം തുറന്ന ചര്‍ച്ചകള്‍ നടത്തി ആണവായുധമുക്ത ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലോകനേതാക്കള്‍ക്ക് കഴിയട്ടെ.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.