വി. ഫൗസ്തീനായുടെ ഡയറിയിലെ ഏറ്റവും പ്രധാനപ്പെട്ട 10 കാര്യങ്ങള്‍

ദൈവവുമായി ഏറ്റവും അടുത്തു നിന്ന വ്യക്തിയായിരുന്നു വിശുദ്ധ ഫൗസ്തീന. ദൈവിക കരുണയുടെ ആഴവും അര്‍ത്ഥവും ഫൗസ്തീനായിലൂടെ ഈശോ ലോകത്തിനു വെളിപ്പെടുത്തി. മഠത്തിന്റെ ചുറ്റുപാടുകളില്‍ ഒതുങ്ങി കൂടിയ ഒരു സാധു കന്യാസ്ത്രീയായിരുന്നു അവരെങ്കിലും വിശുദ്ധിയില്‍ ഇത്രത്തോളം ദൈവവുമായി അടുത്തു നിന്ന മറ്റൊരാളെ കണ്ടെത്തുക സാധ്യമല്ല.

ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ദൈവം ഫൗസ്തീനായിലൂടെ ലോകത്തിനു നല്‍കിയിരുന്നു. അവയൊക്കെ ഫൗസ്തീന തന്റെ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു. വിശുദ്ധ ഫൗസ്തീനായുടെ ഡയറിയിലെ ഏറ്റവും പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ താഴെ ചേര്‍ക്കുകയാണ്:

1. ‘സഹനം ഏറ്റവും വലിയ കൃപയാണ്. സഹനത്തിലൂടെ രക്ഷകനെപ്പോലെയായി ഭവിക്കുന്നു. സഹനത്തില്‍ സ്‌നേഹം മൂര്‍ത്തരൂപം പ്രാപിക്കുന്നു. സഹനം എത്ര വലുതാകുന്നുവോ സ്‌നേഹം അത്രയും നിര്‍മ്മലമായിരിക്കും.’ (# 57 പേജ് 29)

2. ‘എന്റെ പ്രിയപ്പെട്ട ദൈവമേ, അങ്ങേയ്ക്ക് വേണ്ടി സഹിക്കുക എത്ര മനോഹരം. ആ സഹനം എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍, ഒരു സ്ഫടികം പോലെ നിര്‍മലമായി, ആരാലും ശ്രദ്ധിക്കപ്പെടാതെ ആരുടെയും അനുകമ്പയ്ക്ക് നില്‍ക്കാതെ ഒരു ബലിയായി തീരുന്നു. അങ്ങയോടുള്ള സജീവ സ്‌നേഹത്തില്‍ ഞാന്‍ ഉരുകി തീരുന്നു. സ്വപ്നം കണ്ടു കളയാന്‍ എനിക്ക് സമയയമില്ല. എന്നിലെ ഓരോ നിമിഷവും ആ അതുല്യ ശക്തിക്കായി ഞാന്‍ മാറ്റി വയ്ക്കുന്നു. കഴിഞ്ഞു പോയ സമയങ്ങള്‍ എന്നില്‍ അവശേഷികുന്നില്ല. ഭാവി എന്റെ കയ്യില്‍ അല്ല. ഇപ്പോഴുള്ള ഈ അനുഭവത്തില്‍ ആയിരിക്കുവാന്‍ എന്റെ ആത്മാവ് ആഗ്രഹിക്കുന്നു. (351 പേജ് 157)

3. ‘വലിയ സ്‌നേഹത്തിനു ചെറിയ കാര്യങ്ങളെ പോലും വലുതാക്കുവാന്‍ കഴിയും. ആ സ്‌നേഹത്തിനേ നമ്മുടെ പ്രവര്‍ത്തികളെ വിലയുള്ളതാക്കുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ ഉള്ളിലെ സ്‌നേഹം ശുദ്ധമായി തീരുമ്പോള്‍ നമ്മിലെ കുറവുകള്‍ക്ക് മേലെ ആ സ്‌നേഹം ജ്വലിക്കുകയും അത് നമ്മിലെ സഹനങ്ങളെ സഹനങ്ങള്‍ അല്ലാതാക്കി തീര്‍ക്കുകയും ചെയ്യും. അത് വളരെ മനോഹരമാണ്. ദൈവകൃപയാല്‍ അത്തരം ഒരു മനോഭാവം സ്വീകരിക്കുവാന്‍ എനിക്ക് കഴിഞ്ഞു. എന്റെ ഓരോ ഹൃദയത്തുടിപ്പിലൂടെയും ഞാന്‍ സ്‌നേഹിക്കുന്ന യേശുവിനായി സഹിക്കുന്നത് പോലെ  ഞാന്‍ ഒരിക്കലും ഇത്ര സന്തുഷ്ടയല്ല.’ (303 പേജ് 104)

4. ‘ദൈവത്തെക്കുറിച്ച് മറന്നുവെച്ച ചുഴലിക്കാറ്റില്‍ ഞാന്‍ എന്നെത്തന്നെ ഉള്‍ക്കൊള്ളാന്‍ അനുവദിക്കില്ല. എനിക്ക് കിട്ടുന്ന ഒരു നിമിഷവും ഞാന്‍ ദിവ്യകാരുണ്യത്തില്‍ കുടിയിരിക്കുന്ന ആ അധിപന്റെ പാദത്തിന്‍ കീഴില്‍ ആയിരിക്കും.’ (82, പേജ് 42)

5. ‘സ്വയം എളിമപ്പെടുത്തിയിട്ട് കുമ്പസാരം എന്ന കൂദാശ സ്വീകരിച്ചില്ലെങ്കില്‍ അതില്‍ നിന്ന് ആത്മാവിന് പ്രയോജനം ലഭിക്കില്ല. അഹങ്കാരം ഇരുട്ടില്‍ നിലനില്‍കുന്നു. താന്‍ തയ്യാറാണോ എന്ന ആത്മശോധന ആഴത്തില്‍ നടത്തിയില്ലെങ്കില്‍ അതിന്റെ ആഴമായ അര്‍ഥം മനസിലാകുകയില്ല. അത് ഒരു മുഖം മൂടി അണിയുകയും വീണ്ടെടുക്കാന്‍ കഴിയുന്നവയെ ഒഴിവാക്കുകയും ചെയ്യുന്നതിനു തുല്യമായിരിക്കും.’ (113, പേജ് 63)

6. ‘ദൈവമേ, എന്റെ ഈ ചെറിയ ജീവിതത്തില്‍ നിരവധി തവണ അങ്ങ് എന്നെ പരീക്ഷിച്ചിട്ടുണ്ട്. പലകാര്യങ്ങളും എനിക്ക് മനസിലായി. അവ പോലും എന്നെ അത്ഭുതപ്പെടുത്തുന്നു. ദൈവത്തിനു പ്രവര്‍ത്തിക്കുവാനായി ഒരാളുടെ ആത്മാവിനെ പൂര്‍ണ്ണമായും വിട്ടുകൊടുക്കുക എന്നത് എത്ര മനോഹരമാണ്.’ (134, പേജ് 74)

7. ‘ക്ഷമിക്കാന്‍ കഴിയുന്നവന്‍ ദൈവത്തിന്റെ അനേകം അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ തന്നത്താന്‍ തയ്യാറെടുക്കുകയാണ്. ഞാന്‍ കുരിശെടുക്കുമ്പോള്‍ പൂര്‍ണ്ണ ഹൃദയത്തോടെ ക്ഷമിക്കുവാന്‍ തയ്യാറാകണം.’ (390, പേജ് 175)

8. ‘ഞാന്‍ സ്‌നേഹവും കരുണയും ആകുന്നു. ആ കരുണയ്ക്ക് പകരമാകുവാന്‍ മറ്റൊന്നിനും കഴിയുകയില്ല. അതൊരിക്കലും ചെറുതാവുകയോ ക്ഷയിക്കുകയോ ഇല്ല. ചൊരിയും തോറും അത് വര്‍ധിക്കുന്നു. എന്റെ കരുണയില്‍ ആശ്രയിക്കുന്ന ആത്മാക്കള്‍ രക്ഷപ്രാപിക്കും. കാരണം അവരെ ഞാന്‍ തന്നെയാണ് സംരക്ഷിക്കുന്നത്’ (1273, പേജ് 459)

9. ‘ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്നു മകളെ, ക്ലോക്ക് മൂന്നാം മണിക്കൂറില്‍ എത്തുമ്പോള്‍ നീ എന്റെ കരുണയെ ഓര്‍ക്കുക. ആ അനന്ത കരുണയെ ഓര്‍ത്ത് ആരാധിക്കുകയും സ്തുതിക്കുകയും നിന്നെ തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും ചെയ്യുക. പാപികളായവര്‍ക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാര്‍ത്ഥിക്കുക. ആ മണിക്കൂറില്‍ ഞാന്‍ എന്റെ കരുണയെ എല്ലാ ആത്മാക്കള്‍ക്കും വേണ്ടി തുറന്നു കൊടുക്കും. ഈ മണിക്കൂറില്‍ നിനക്ക് വേണ്ടിയും ലോകം മുഴുവന് വേണ്ടിയും ചോദിക്കുന്നതൊക്കെ നല്‍കപ്പെടും. ലോകം മുഴുവനും വേണ്ടിയും കൃപ ചൊരിയുന്ന മണിക്കൂര്‍ ആണ് അത്. നീതിക്കുമേല്‍ കരുണ ചോരിയുന്ന നിമിഷം.’ (1572, പേജ് 558)

10. ഈ ഭാരം എന്റെ ശക്തിക്ക് അപ്പുറമാണെന്ന് ഞാന്‍ കാണുമ്പോള്‍, അതിനെ ഞാന്‍ പരിഗണിക്കില്ല. വിശകലനം ചെയ്യുകയോ, അതിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഞാന്‍ യേശുവിന്റെ ഹൃദയത്തില്‍ ഒരു കുട്ടിയെപ്പോലെ ഓടിച്ചെല്ലും. എന്നിട്ട് പറയും, നിനക്ക് സകലതും ചെയ്യാന്‍ കഴിയും. പിന്നെ നിശബ്ധമാകും. കാരണം ഈശോ പിന്നീട് ആ വിഷയത്തില്‍ ഇടപെടും എന്ന് എനിക്ക് അറിയാം. എന്നെത്തന്നെ ദ്രോഹിക്കുന്നതിനു പകരം ഞാന്‍ അവനെ സ്‌നേഹിക്കാന്‍ ആ സമയം ഉപയോഗിക്കുന്നുവെന്നും എനിക്കറിയാം. ‘(1033, പേജ് 392)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.