ഒരു കന്യാസ്ത്രീ ചെയ്തത്

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

അവന് ഏറ്റവും ദേഷ്യം, ഞായറാഴ്ചയുള്ള വേദപാഠമായിരുന്നു. അതുകൊണ്ടു തന്നെ സണ്‍ഡേ ക്ലാസില്‍ കയറാതിരിക്കാന്‍ പതിനെട്ട് അടവും അവന്‍ പയറ്റുമായിരുന്നു. അവന്‍ പഠിച്ചിരുന്ന അന്നത്തെ ക്ലാസ് മുറികളുടെ ജനലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയ്ക്ക് കതകോ കമ്പിയോ ഇല്ലായിരുന്നു. ജനല്‍ഭിത്തിയില്‍ കൈകള്‍ കുത്തി പുറത്തേയ്ക്കും അകത്തേയ്ക്കും ചാടുക എന്നതായിരുന്നു അവന്റെ ഒരു ഇഷ്ടവിനോദം.

ആ വര്‍ഷം അവന്റെ വേദപാഠ ടീച്ചറായി ഒരു സിസ്റ്റര്‍ വന്നു. ആദ്യ ദിവസം തന്നെ സിസ്റ്ററിന്റെ കണ്ണുവെട്ടിച്ച് അവന്‍ ജനലിലൂടെ പുറത്തേയ്ക്കു ചാടി. എന്നാല്‍, അവന്റെ കണക്കുകൂട്ടലുകള്‍ മുഴുവനും തെറ്റിച്ചുകൊണ്ട് സിസ്റ്റര്‍ അത് കണ്ടുപിടിച്ചു. ജനല്‍ വഴി തന്നെ അവന്‍ ക്ലാസ്സിനകത്തെത്തി. സിസ്റ്റര്‍ വഴക്കു പറയുമെന്നും അടിക്കുമെന്നും കരുതി അവന്‍ നിന്ന് വിറയ്ക്കാന്‍ തുടങ്ങി. പക്ഷേ, അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിസ്റ്റര്‍ അവനെ ചേര്‍ത്തുനിര്‍ത്തി ഉപദേശിക്കുക മാത്രം ചെയ്തു. അവന്റെ മനസിനെ കുളിരണിയിപ്പിക്കുന്ന ഒരനുഭവമായിരുന്നു അത്. ആദ്യമായാണ്, ചെയ്ത കുറ്റത്തിന് ശകാരവും തല്ലും അവന് കിട്ടാതിരുന്നത്. അവന്‍ ആ സിസ്റ്ററിനെ ബഹുമാനിച്ചു. പിന്നീട് അവന്‍ ജനല്‍ ചാടുകയോ ക്ലാസ് കട്ട് ചെയ്യുകയോ ചെയ്യാതെ നന്നായി പഠിച്ചുതുടങ്ങി. സിസ്റ്റര്‍ അവന് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ അതേ സണ്‍ഡേ സ്കൂളില്‍ അധ്യാപകനായി. പിന്നീട് അവിടുത്തെ പ്രധാന അധ്യാപകനും. അന്നത്തെ ആ സിസ്റ്റര്‍ അവിടെ നിന്ന്
സ്ഥലം മാറി പോയെങ്കിലും കുറേ നാളുകള്‍ക്കുശേഷം വീണ്ടും അവിടെത്തന്നെ വന്നു. പ്രധാന അധ്യാപകനായ അയാള്‍ ഒരു ദിവസം സ്റ്റാഫ് മീറ്റിങ്ങിന്റെ സമയത്ത് അന്നത്തെ തന്റെ ജനല്‍ചാട്ടത്തെക്കുറിച്ചും സിസ്റ്റര്‍ കാണിച്ച കരുണയെക്കുറിച്ചും വിവരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “വേദപാഠത്തിനും പഠനത്തിനും ഏറ്റവും ഉഴപ്പനായിരുന്ന എന്നെ, സ്‌നേഹം കൊണ്ടും ക്ഷമ കൊണ്ടും കീഴ്‌പ്പെടുത്തി എന്റെ ജീവിതത്തിന് ലക്ഷ്യബോധം നല്‍കിയതും എന്നിലെ കഴിവുകളെ വളര്‍ത്തിയതും ഒരു സിസ്റ്ററാണ്. ആ സിസ്റ്റര്‍ ഇവിടെയുണ്ട്. ദാ… ആ ഇരിക്കുന്നതാണ് ആ സിസ്റ്റര്‍.” പ്രായമുള്ള ആ സിസ്റ്ററമ്മയുടെ മിഴികളില്‍ നിന്ന് അപ്പോള്‍ സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് ഏവരും ശ്രദ്ധിച്ചു.

ഈ സംഭവം നടന്നത് ഇരിങ്ങാലക്കുട രൂപതയിലെ മൂന്നുമുറി ഇടവകയിലാണ്. അതു തന്നെയാണ് എന്റെയും ഇടവക. ആ സിസ്റ്ററും മാഷും എന്നെയും പഠിപ്പിച്ചിട്ടുണ്ട്. ആ മാഷാണ് എന്റെ ദൈവവിളിയെ പ്രോത്സാഹിപ്പിച്ച് എന്നെ ലാസലെറ്റ് സഭയിലേയ്ക്ക് പറഞ്ഞയച്ചത്. ഇത് എഴുതുമ്പോള്‍ ആ മാഷിനെയും സിസ്റ്ററിനെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ആ മാഷ് ഇന്നും എന്റെ ഇടവകയിലെ സണ്‍ഡേ സ്കൂളിന്റെ പ്രധാന അധ്യാപകനാണ്. മാത്രമല്ല, വെള്ളിക്കുളങ്ങരയിലെ വില്ലേജ് ഓഫീസറുമാണ്. നിങ്ങള്‍ക്ക് അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കാം; അദ്ദേഹമാണ് മിസ്റ്റര്‍ ഷാജു പി.ഡി. സെയിന്റ് മര്‍ത്താ സഭയിലെ സി. ഗ്രെയ്സ്ലിന്‍ എന്ന സ്‌നേഹമുള്ള ആ അമ്മ ഇപ്പോള്‍ എവിടെയാണ് എന്നെനിക്കറിയില്ല.

ഇന്നിത് ഓര്‍ക്കാന്‍ കാരണം, ക്രിസ്തു പങ്കുവച്ച താലന്തുകളുടെ ഉപമയെക്കുറിച്ചുള്ള ധ്യാനമാണ് (Ref: മത്തായി 22:1430). പലതരം താലന്തുകളുടെ ശേഖരണമാണ് ഓരോ വ്യക്തിയും. ചിലര്‍ക്ക് അവ കണ്ടെത്തി വളര്‍ത്താന്‍ കഴിവും സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ അങ്ങനെയുള്ള കഴിവും അവസരങ്ങളുമില്ലാത്തവര്‍ എത്രയോ പേരാണുള്ളത്. അങ്ങനെയുള്ളവരിലെ താലന്തുകള്‍ കണ്ടെത്തി അവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാതാപിതാക്കളും ഗുരുഭൂതരും സുഹൃത്തുക്കളും ഉള്ളിടത്ത് ആരും തന്നെ അവരുടെ താലന്തുകള്‍ കുഴിച്ചിടില്ല. അല്ലാത്തയിടങ്ങളില്‍ താലന്തുകള്‍ കുഴിച്ചിട്ട് അവയ്ക്കുമേല്‍ പായ വിരിച്ച് ഉറങ്ങുന്നവര്‍ ഏറുക തന്നെ ചെയ്യും, തീര്‍ച്ച.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.