തകര്‍ന്ന കുഞ്ഞു സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന കെനിയന്‍ വൈദികന്‍ 

‘ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക്. പഠിക്കണം വലിയ ജോലി നേടണം. അതൊക്കെ തകര്‍ന്നെന്ന് തോന്നിയ നിമിഷത്തിലാണ് അച്ചന്‍ എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. ഇപ്പോള്‍ എനിക്ക് ഉറപ്പുണ്ട്, ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാന്‍ കഴിയുമെന്ന്’. പതിനഞ്ചു വയസുകാരിയായ ലിലിയന്‍ നെബ്രുവിന്റെ വാക്കുകളാണിത്. ആ വാക്കുകള്‍ ചെന്ന് നില്‍ക്കുക ഫ്രാന്‍സിസ് റിവ എന്ന വൈദികനിലാണ്. നാളുകളായി കെനിയന്‍ തെരുവുകളില്‍ വീണുടഞ്ഞു പോകാവുന്ന കുഞ്ഞു സ്വപ്നങ്ങള്‍ക്ക് നിറം പകരുകയാണ് ഈ വൈദികന്‍.

ടാന്‍സാനിയയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനായ ഫ്രാന്‍സിസ് റിവ തന്റെ വൈദിക ജീവിതവും തന്റെ മിഷന്‍ പ്രവര്‍ത്തനവും ആരംഭിക്കുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ബാലവിവാഹവും ദാരിദ്രവും ബാലവേലയും ഒക്കെയായി തകര്‍ന്നടിയുന്ന അനേകം ബാല്യങ്ങളുടെ വേദന കണ്ടു നില്‍ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അവരോടൊപ്പമുള്ള യാത്രയില്‍ അവര്‍ക്കും ഒരുപാട് നിറമുള്ള സ്വപ്നങ്ങള്‍ ഉണ്ടെന്ന് അച്ചന്‍ മനസിലാക്കി. പലവിധ സാഹചര്യങ്ങള്‍ മൂലം പലരുടെയും ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങള്‍ പലതും മായുകയാണെന്ന് മനസിലാക്കിയ അദ്ദേഹം ഒരു ദൗത്യം ഏറ്റെടുത്തു. സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവരുടെ, തെരുവില്‍ കഷ്ടപ്പെടുന്നവരുടെ മക്കളെ മുഖ്യധാരയിലേയ്ക്കു കൈപിടിച്ചുയര്‍ത്തുക.

ആരും ഇല്ലാത്ത ആ കുട്ടികള്‍ക്കായുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ദിവസവും അദ്ദേഹം ഒന്ന് കറങ്ങാനെന്ന മട്ടില്‍ പുറത്തിറങ്ങും. കെനിയയുടെ പ്രാന്ത പ്രദേശങ്ങളില്‍ കൂടിയുള്ള ആ യാത്രയുടെ ഉദ്ദേശം പിള്ളേരെ പിടിക്കല്‍ തന്നെ. മിക്കപ്പോഴും അദ്ദേഹം തിരികെ തന്റെ പള്ളിയില്‍ എത്തുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടാവും, അദ്ദേഹത്തിന്റെ ഒപ്പം. ഒട്ടിയ വയറും കരഞ്ഞ കണ്ണുകളും ആയി അവര്‍ക്ക് ആവശ്യമായ വസ്ത്രവും ഭക്ഷണവും നല്‍കി ഒപ്പം നിര്‍ത്തും. പിന്നെ പഠിപ്പിക്കും. ഉന്നത വിദ്യാഭ്യാസം പോയിട്ട് അടിസ്ഥാന വിദ്യാഭ്യാസം പോലും സ്വപ്നം കാണാന്‍ കഴിയാതിരുന്ന അനേകം കുട്ടികളെ അച്ചന്‍ പഠിപ്പിച്ചു. അച്ചന്റെ പ്രവര്‍ത്തികള്‍ക്കെല്ലാം പിന്നില്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ പഠിക്കണം. നല്ല നിലയില്‍ എത്തണം. അവരുടെ സ്വപ്നങ്ങള്‍ തെരുവുകളില്‍ അലയാനുള്ളതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തനം അക്ഷീണം തുടരുകയാണ്.

പലപ്പോഴും പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ അവരുടെ രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് അച്ചന്‍ രക്ഷപെടുത്തുന്നത്. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം നന്നേ ചെറുപ്പത്തില്‍ തന്നെ കെട്ടിച്ചു വിടുന്നത് പതിവായിരുന്നു. പല പെണ്‍കുട്ടികള്‍ക്കും പഠിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതൊന്നും നടക്കാറില്ലായിരുന്നു. അങ്ങനെ ഉള്ള കുട്ടികളെ തേടിപ്പിടിച്ച് അച്ചന്‍ രക്ഷിക്കും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കും. അവര്‍ നല്ല ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആ കുട്ടികള്‍ക്ക് ഉള്ള സന്തോഷത്തെക്കാളും രണ്ടിരട്ടി സന്തോഷം അച്ചനുണ്ടാവും.

നല്ല നിലയില്‍ എത്തുന്ന കുട്ടികള്‍ പലരും ഒരു അപ്പനോടെന്നപോലെ സംസാരിക്കുന്നത് റിവ അച്ചന്റെ പക്കലാണ്. കാരണം അവരില്‍ പലര്‍ക്കും സ്വന്തം മാതാപിതാക്കള്‍ ആരെന്ന് അറിയില്ല. അത്തരം കുട്ടികള്‍ക്കും സ്വപ്നമുണ്ടെന്നും അവരും സമൂഹത്തിന്റെ മുന്‍നിരകളില്‍ എത്തണം എന്നും അച്ചന്‍ അതിയായി ആഗ്രഹിക്കുന്നു. അതിനായി അച്ചന്‍ ആരംഭിച്ച സ്ഥാപനമാണ് കുട്ടികളുടെ ഗ്രാമം. ഇതുവരെ രണ്ടായിരത്തിലധികം കുട്ടികള്‍ ഈ സ്ഥാപനത്തിലൂടെ കടന്നു പോയി. അവര്‍ക്കൊക്കെ റിവ അച്ചന്‍ എന്നാല്‍ ദൈവം തങ്ങള്‍ക്കു വേണ്ടി അയച്ച ദൂതന്‍ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.