മുട്ടുകുത്തി ജീവനെടുത്തതിനു പകരം മുട്ടുകുത്തിയുള്ള ക്ഷമ ചോദിക്കൽ  

“എനിക്ക് ശ്വാസം മുട്ടുന്നു” – I can’t breathe – കുറച്ചു ദിവസങ്ങളായി മനുഷ്യമനസ്സിനെ കരയിപ്പിക്കുന്ന ഈ വാചകം കേൾക്കാൻ തുടങ്ങിയിട്ട്. ജോർജ് ഫ്ലോയ്ഡ് എന്ന നാൽപ്പത്തിയാറുകാരൻ്റെ ഈ മരണരോദനം പരിഷ്കൃതസമൂഹത്തിൻ്റെ പുറംമോടിയിൽ ആഞ്ഞുപതിച്ച വിധിവാചകമാണ്.‌

2020 മെയ് 25-നാണ് സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരനെ ഡെറിക് ചൗവിൻ എന്ന പോലീസുകാരൻ കഴുത്തിൽ കാൽമുട്ട് ഊന്നിനിന്ന് ശ്വാസംമുട്ടിച്ചു കൊന്നത്. എനിക്ക് ശ്വാസം മുട്ടുന്നു “I can’t  breathe”  എന്നു പന്ത്രണ്ടു തവണ പറഞ്ഞിട്ടും പിന്മാറാൻ പോലീസ് തയ്യാറായില്ല.

ഈ ക്രൂരകൃത്യത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ പ്രതിഷേധം കത്തുകയാണ്. മിനിയപ്പലിസിൽ ആരംഭിച്ച പ്രതിഷേധം അമേരിക്കയിയിലെ പല നഗരങ്ങളിലേയ്ക്കും വ്യാപിച്ചുവെങ്കിലും ചില സ്ഥലങ്ങളിൽ അവ അക്രമത്തിലേയ്ക്കു കടന്നില്ല. അതിനു കാരണം തങ്ങളുടെ സഹപ്രവർത്തകൻ ചെയ്ത പാതകത്തിന് അമേരിക്കൻ പോലീസ് മുട്ടുകുത്തി ക്ഷമ ചോദിക്കുന്നതുകൊണ്ടാണ്.

മുട്ടുകുത്തി ജീവനെടുത്തതിനു പകരം മുട്ടുകുത്തിയുള്ള ക്ഷമ ചോദിക്കൽ. ധീരമായ മാതൃക, ഹൃദയത്തിൽ നന്മയുള്ളവർക്കു മാത്രം ചെയ്യാൻ കഴിയുന്ന പ്രവർത്തി. കത്തിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഇന്നലെ ഞായറാഴ്ച ഫ്ലോറിഡ സംസ്ഥാനത്തെ മിയാമിക്കു സമീപമുള്ള കോറൽ ഗേബ്ലസ് നഗരം വ്യത്യസ്തമായ ഒരു കാഴ്ച ലോകത്തെ കാണിച്ചു. മിയാമി പോലീസ് അസോസിയേഷൻ കോറൽ  ഗേബ്ലസിലെ പ്രതിഷേധക്കാരുടെ ഐക്യദാർഢ്യസമരത്തിൽ പങ്കുചേരുകയും ക്ഷമ ചോദിച്ചുകൊണ്ട് പ്രാർത്ഥനയ്ക്കായി മുട്ടുകുത്തുകയും ചെയ്തു.

അമേരിക്കയിലെ പല ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മിനിയപ്പലിസ് പോലീസിന്റെ നടപടിയെ ശക്തമായി അപലപിച്ചടുണ്ട്. ഫ്ലോയിഡിൻ്റെ ജന്മനാടായ  ഹൂസ്റ്റണിലെ പോലീസ് മേധാവി, ആർട്ട് അസെവെഡോ ഫ്ലോയിഡിൻ്റെ മരണത്തെ എല്ലാ നിയമപാലകരും അവരുടെ വിപുലീകൃത സമൂഹവും അപലപിക്കുന്നതായി പരസ്യമായി പ്രസ്താവിച്ചു.

ഫ്ലോയിഡിൻ്റെ മൃതദേഹം ഹൂസ്റ്റണിൽ എത്തിക്കുമ്പോൾ, ഗാർഡ് ഓഫ് ഓണർ നൽകാൻ താൽപര്യമുള്ള കാര്യം ആർട്ട് അസെവെഡോ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എഴുന്നേറ്റു നിൽക്കാനും സംസാരിക്കാനും ആവശ്യം ധൈര്യമാണ്. ഇതേ ധൈര്യം തന്നെയാണ് ക്ഷമയോടെ ഇരിക്കുവാനും മറ്റുള്ളവരുടെ തെറ്റുകൾക്കു ക്ഷമ ചോദിക്കാനും ആവശ്യം വേണ്ടത്. അതാണ് അമേരിക്കയിലെ ചില ഇടങ്ങളിൽ നാം ദർശിച്ച പ്രതിഷേധം. ഈ പ്രതിഷേധത്തിൽ  ഇരുകൂട്ടരും കരയുന്നു, കെട്ടിപിടിക്കുന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രവും ഫലപ്രദവുമായ പ്രതിഷേധം. പലപ്പോഴും ആദ്യം ക്ഷമ ചോദിക്കുന്നത്, തെറ്റ് ചെയ്തവരായിരിക്കില്ല, ജീവനും മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും വില കൽപിക്കുന്ന “അവരിൽ” ചിലരായിരിക്കാം.

ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതാകവും അമേരിക്കൻ ജനതയുടെയും  പോലീസിൻ്റെയും അതിനോടുള്ള സമീപനവും അഞ്ചു കാര്യങ്ങളിലേയ്ക്കു നമ്മുടെ ദൃഷ്ടി തിരിപ്പിക്കുന്നു.

1. കൂട്ടത്തിൽ ഒരുവൻ തെറ്റു ചെയ്താൽ ആ  തെറ്റിനെ ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളികൾ അവിടെ കണ്ടില്ല.

2. തങ്ങളിൽ ഒരുവൻ കാണിച്ച കൊടുംക്രൂരതയ്ക്ക് മുട്ടുകുത്തി ജനങ്ങളോട് മാപ്പ് ചോദിക്കാൻ പോലീസുകാർ  വൈമനസ്യം കാട്ടിയില്ല.

3. നീതിക്കായുള്ള കറുത്ത വർഗ്ഗക്കാരുടെ പോരാട്ടത്തിൽ അവരോടൊപ്പം തെരുവിലിറങ്ങിയത് ഭൂരിപക്ഷം വരുന്ന വെളുത്ത വർഗ്ഗക്കാർ.

4. നിശബ്ദതയും ചിലപ്പോൾ കുറ്റകൃത്യമാണ്. അമേരിക്കൻ  ഓൺലൈൻ മാധ്യമ ഭീമനായ നെറ്റ്ഫ്ലിക്സ്  #BlackLivesMatter എന്ന ഹാഷ് ലൈനോടെ നിശബ്ദതയും കുറ്റകൃത്യമാണ് To be silent is to be complicit എന്നാണ് പ്രതിഷേധത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്തത്.

5. ജീവനു ഭീഷണി ഉയരുമ്പോൾ മനുഷ്യമഹത്വം ചവിട്ടിമെതിക്കപ്പെടുമ്പോൾ ഒരു മഹാമാരിക്കും മനുഷ്യനെ തടയാനാവില്ല.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.