ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രാര്‍ത്ഥനാനിര്‍ഭരമായ കാത്തിരിപ്പില്‍ ഹംഗറിയും സ്ലോവാക്യയും

ഹംഗറിയുടേയും സ്ലോവാക്യയുടേയും പേപ്പല്‍ പര്യടനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ഹംഗറിയിലേക്കും അയല്‍രാജ്യമായ സ്ലോവാക്യയിലേക്കുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രാര്‍ത്ഥനയോടെയാണ് വിശ്വാസികള്‍ ഈ ദിവസങ്ങള്‍ ചിലവഴിക്കുന്നത്.

അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഹംഗറി കാത്തിരുന്നത് കാല്‍ നൂറ്റാണ്ടു കാലവും അയല്‍രാജ്യമായ സ്ലോവാക്യ കാത്തിരുന്നത് 18 വര്‍ഷവുമാണെന്നതും ശ്രദ്ധേയമാണ്. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്കു ശേഷം ഫ്രാന്‍സിസ് പാപ്പായിലൂടെ സംഭവിക്കുന്ന പേപ്പല്‍ പര്യടനം അവിസ്മരണീയമാക്കാന്‍ രണ്ടു രാജ്യങ്ങളിലെയും സഭാസമൂഹം ആരംഭിച്ച ആത്മീയ, ഭൗതീക ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ 12 മുതല്‍ 15 വരെയുള്ള നാല് ദിന പര്യടനത്തിലെ ആദ്യ ദിനത്തിലാണ് പാപ്പാ ഹംഗറിയില്‍ ചെലവഴിക്കുന്നത്.

12 -ന് ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തില്‍ നടക്കുന്ന ദിവ്യബലിയര്‍പ്പണത്തിന് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കും. 21 വര്‍ഷത്തിനു ശേഷം, ഒരു പാപ്പാ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നു എന്നതും സവിശേഷതയാണ്. 12 -ന് ഉച്ച കഴിഞ്ഞ് 2.30 -ന് ബുഡാപെസ്റ്റ് വിമാനത്താവളത്തിലെ യാത്രയയപ്പിനുശേഷം സ്ലോവാക്യയിലേക്ക് യാത്ര തിരിക്കും. അവിടെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ എക്യുമെനിക്കല്‍ സമ്മേളനത്തിലും പാപ്പാ പങ്കെടുക്കും. പതിനഞ്ചിന് ഉച്ചയോടെ യാത്ര തിരിക്കുന്ന പാപ്പാ വൈകുന്നേരം റോമില്‍ എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.