ജീവിതത്തെ അലട്ടുന്ന അമിതമായ ആശങ്കകൾ എങ്ങനെ അകറ്റാം?

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവ സന്തോഷത്തോടെ ആസ്വദിക്കാൻ വ്യത്യസ്തമായ കാരണങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. പുതിയ പഠനങ്ങൾക്കായി പ്രവേശിക്കുകയോ, ജോലിയിൽ പ്രവേശിക്കുകയോ, വിവാഹം കഴിക്കുകയോ എന്തുമാകട്ടെ. അവയുടെയൊക്കെ മുൻപിൽ ആശങ്കപ്പെടാതെ സന്തോഷത്തോടെ ആ സൗഭാഗ്യങ്ങളെ സ്വീകരിക്കാൻ പഠിക്കുക. അമിതമായ മാനസിക സമ്മർദ്ദം നമ്മുടെ ജീവിതത്തെയും ബന്ധങ്ങളെയും ഒക്കെ ബാധിക്കും. മാനസിക സമ്മർദ്ദം മൂലം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ നമുക്ക് ചെയ്യാവുന്ന ക്രിയാത്മക പ്രവർത്തികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം…

1. സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക

മനസ്സിൽ ആശങ്കകൾ ഏറുമ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ സമാധാനത്തിൽ ആയിരിക്കുവാൻ എന്തുചെയ്യുവാൻ സാധിക്കുമെന്ന് ചിന്തിക്കുക. അതിന് അനുകൂലമായ അന്തരീക്ഷം സ്വയം തിരഞ്ഞെടുക്കുക. ചിലപ്പോൾ മറ്റുള്ളവർ കാരണമല്ല നമുക്ക് ആശങ്കകൾ ഉണ്ടാകുന്നതെങ്കിലും ആ സമയം ചില വ്യക്തികളുടെ സാന്നിധ്യം, സ്ഥലം, ചുറ്റുപാടുകൾ എന്നിവ മാറുന്നത് നമ്മുടെ മനസികാവസ്ഥയ്ക്ക് നല്ലതായിരിക്കും. നിങ്ങൾക്ക് സമാധാനമായിരിക്കാൻ കഴിയുന്ന ശാന്തമായ ഇടങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ചില നല്ല തീരുമാനങ്ങൾ എടുക്കാൻ ഇത്തരം അന്തരീക്ഷം നമ്മെ സഹായിക്കും.

2. ബുദ്ധിമുട്ടുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക

നിങ്ങൾക്ക് അനുഭവപ്പെടുന്ന സമ്മർദ്ദത്തെക്കുറിച്ച് മറ്റൊരാളോട് പറയുന്നത് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ സാഹചര്യം കൂടുതൽ യാഥാർത്ഥ്യമായി വിശകലനം ചെയ്യാൻ മാത്രമല്ല, നിങ്ങൾക്ക് സംഭവിക്കുന്നത് സാധാരണമാണെന്ന് മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്ന ഒരു സുഹൃത്തിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കുക. അതേ സമയം, നിങ്ങളുടെ ആഗ്രഹങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ കൊടുക്കുക. അവിടുന്ന് നമ്മെ സഹായിക്കും. ദൈവത്തിന്റെ കരുത്തുറ്റ കരങ്ങളിൽ വിശ്വസിക്കാൻ പഠിക്കുക. അവൻ എപ്പോഴും കൂടെയുണ്ടാകും എന്ന് ആഴത്തിൽ വിശ്വസിക്കുക.

3. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുക

നിങ്ങൾ എവിടെ ആയിരുന്നാലും ആ അവസ്ഥയെ അംഗീകരിക്കുക. ചില സമയങ്ങളിൽ യാഥാർത്ഥ്യം അംഗീകരിക്കുവാനും നമ്മുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട ജീവിതസാഹചര്യത്തെ ഉൾക്കൊള്ളുവാനും ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ ജീവിക്കുന്ന നിമിഷവും ഇപ്പോൾ നിങ്ങൾക്കുള്ളതും ആസ്വദിക്കുവാൻ പഠിക്കുക. കാരണം അത് എത്രത്തോളം വിലപ്പെട്ടതാണെന്ന് ഇപ്പോൾ നമുക്ക് മനസ്സിലാകില്ല. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കുക, നിങ്ങൾ എവിടെയായിരുന്നാലും സ്വയം സ്നേഹിക്കാൻ പഠിക്കുക. പൂർണ്ണഹൃദയത്തോടെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സ്വയം സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ പഠിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാനും പുതിയ കഴിവുകൾ കണ്ടെത്താനും കഴിയും. നിങ്ങളുടെ പക്കലുള്ളത് വളരെ കുറവോ അതിൽ കൂടുതലോ ആണെങ്കിലും സ്നേഹിക്കാനും പരിപാലിക്കാനും പഠിക്കാൻ സമയം ചെലവഴിക്കുക എന്നത് ഒരു കൃപയാണ്.

4. സമയത്തെ മാനിക്കുകയും മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയും ചെയ്യുക 

കാത്തിരിക്കുന്നവർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. അതിനാൽ, ക്ഷമയോടെ കാത്തിരിക്കുക. ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുക്കണം. ചില സമയവും സാഹചര്യവും വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ, അനുയോജ്യമായ സമയങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക.

5. ഫലത്തേക്കാൾ ചുമതലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നമുക്ക് ദൈവം നൽകിയിരിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ പക്കലില്ലാത്തതിനെക്കുറിച്ച് കരയാനും ദൈവത്തോട് പരാതിപ്പെടാനും കുറച്ച് സമയം ചെലവഴിക്കുക. നിങ്ങളുടെ മുമ്പിലുള്ള അനുഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ സമയം ചെലവഴിക്കുക. അവൻ നിങ്ങളോടൊപ്പം നടക്കുന്നിടത്തോളം കാലം നിങ്ങൾ അനുഗ്രഹിക്കപ്പെടും എന്ന് വിശ്വസിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.