കുട്ടികളിൽ എങ്ങനെ ആത്മവിശ്വാസം വളർത്താം?

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആവശ്യമുള്ള ഒന്നാണ് ആത്മവിശ്വാസം. പലർക്കും വ്യത്യസ്തതരം കഴിവുകളും വിദ്യാഭ്യാസവും ഒക്കെ ഉണ്ടെങ്കിലും ആത്മവിശ്വാസക്കുറവ് മൂലം ജീവിതത്തിൽ പരാജയം സംഭവിക്കുന്നു. ചെറുപ്പം മുതലേ നമ്മിൽ വളർത്തിയെടുക്കേണ്ട ഒന്നാണ് ആത്മവിശ്വാസം. ഈ ഗുണം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ…

1. മാതാപിതാക്കൾ റോൾ മോഡൽ ആകുക

കുട്ടികൾ ആദ്യം മാതൃകയാക്കുന്നത്‌ അവരുടെ മാതാപിതാക്കളെ തന്നെയാണ്. അതിനാൽ മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകകളായിരിക്കുക. ആത്മവിശ്വാസമുള്ള വാക്കുകളും പ്രവർത്തികളും മാതാപിതാക്കളിൽ നിന്നും ഉണ്ടാവണം. അത് മക്കൾക്കും ആത്മവിശ്വാസം വർദ്ധിക്കാൻ പ്രചോദനമാകും. മാതാപിതാക്കളിൽ നിന്നും പ്രോത്സാഹനം നൽകുന്ന സംസാരവും സമീപനവും കുട്ടികൾക്ക് ആവശ്യമാണ്.

ഉദാഹരണത്തിന്, അവർ സമയക്രമം പാലിക്കാനും പ്രായമായവരെ ബഹുമാനിക്കാനും ആഗ്രഹിക്കുന്നെങ്കിൽ നമുക്ക് അവരെ നമ്മുടെ തന്നെ പ്രവർത്തികളിലൂടെ അവ പഠിപ്പിക്കാൻ കഴിയും.

2. ക്ഷമ

കുട്ടികൾ എല്ലാ കാര്യത്തിലും ഓർഡർ ഇഷ്ടപ്പെടുന്നു. അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് അറിയുമ്പോൾ അവർക്ക് സന്തോഷവും സുരക്ഷിതത്വവും ലഭിക്കുന്നു. കുട്ടികൾ സ്വഭാവത്താലേ അക്ഷമരാണ്. സ്കൂളിലും വീട്ടിലും അവർ കാത്തിരിക്കാൻ പഠിക്കേണ്ടതുണ്ട്. എല്ലാ ആഗ്രഹങ്ങളും ഉടനടി നടത്താൻ കഴിയില്ല എന്ന് തിരിച്ചറിയാൻ അവരെ പഠിപ്പിക്കുക.

ഉദാഹരണത്തിന്, അവരുടെ ഗൃഹപാഠം ചെയ്യുന്നതിനു മുമ്പ് അവർക്ക് ഒരു സിനിമ കാണാൻ താൽപര്യമുണ്ടെങ്കിൽ, സ്കൂളിലെ വർക്ക് പൂർത്തിയാക്കിയതിനു ശേഷം സ്ക്രീൻ സമയം ചെലവഴിക്കുന്നതാണ് നല്ലതെന്ന് അവരെ പഠിപ്പിക്കാം.

3. മുൻഗണന നൽകുക

വ്യക്തമായ മുൻ‌ഗണനകൾ നിശ്ചയിക്കുന്നതും അതിൽ ഉറച്ചുനിൽക്കുന്നതും കുട്ടികളുടെ ജീവിതത്തിൽ ആവശ്യമാണ്. അവർ വളരെ ചെറുപ്പമായിരിക്കുമ്പോൾ, അവർക്കായി തീരുമാനങ്ങളെടുക്കുന്നത് മാതാപിതാക്കളാണ്. എന്നാൽ അവർ വളരുമ്പോൾ, സ്വയം തീരുമാനമെടുക്കാൻ തുടങ്ങുന്നു. അതിനാൽ ആവശ്യമുള്ളത് ഏതാണ്, അല്ലാത്തത് ഏതാണ് എന്നൊക്കെ വിവേചിച്ചറിയാൻ കുട്ടികൾ പഠിക്കേണ്ടത് മുഖ്യമാണ്. എന്തിനാണ് മുൻഗണന നൽകേണ്ടത് എന്ന് വിവേചിച്ചറിയാൻ കുട്ടികൾ പഠിക്കുമ്പോൾ അവർ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറുന്നു.

4. ആസൂത്രണം ചെയ്യുന്ന ശീലം രൂപപ്പെടുത്തുക

ആസൂത്രണം ചെയ്യുന്ന ശീലം രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകുകയും അത് ശരിയായ ക്രമത്തിൽ, ശരിയായ സമയത്ത് ചെയ്യാൻ ക്ഷമതയുള്ളവരായിരിക്കുകയും ചെയ്യുക. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു ആസൂത്രണം ഉണ്ടാകേണ്ടത് ആവശ്യമാണ്. അത് സമയം നഷ്ടപ്പെടാതെ അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ ചെയ്യാൻ നമ്മെ സഹായിക്കും.

5. നേട്ടങ്ങൾ തിരിച്ചറിയുക

ജീവിതത്തിൽ ഉണ്ടായിട്ടുള്ള വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വന്നുപോയ വീഴ്ചകളെയും കുറവുകളേയും മാത്രം മനസിൽ സൂക്ഷിക്കാതെ കൂടുതൽ സമയം പോസിറ്റിവ് ആയ കാര്യങ്ങൾ ചിന്തിക്കുക. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാം. കുട്ടികളുടെയോ, ചുറ്റുമുള്ളവരുടെയോ നേട്ടങ്ങൾ ചൂണ്ടിക്കാണിക്കാനും പ്രശംസിക്കാനും മറക്കരുത്.

ജീവിതത്തിൽ തെറ്റുകൾ ഉണ്ടാകുമ്പോൾ കുട്ടികളെ ആശ്വസിപ്പിക്കുക, അവരോട് ക്ഷമിക്കുക, പരാജയത്തിൽ നിന്ന് പഠിക്കാൻ അവരെ സഹായിക്കുക. അവരോട് ദേഷ്യപ്പെടുകയോ, അമിതമായി ശകാരിക്കുകയോ ചെയ്യരുത്. പിന്നീട് അത് അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിന് ഇടയാക്കും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.