ഏകാന്തതയെ എങ്ങനെ അനുഗ്രഹപ്രദമാക്കാം 

ജീവിതത്തിൽ ഏകാന്തത അനുഭവിക്കാത്തവർ ആരും തന്നെ കാണുകയില്ല. ഏകാന്തമായ ജീവിതസാഹചര്യങ്ങൾ ചില അവസരങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഒരു അനുഗ്രഹമായിരിക്കും. എന്നാൽ മറ്റു ചിലപ്പോൾ ഏകാന്തത നമ്മെ നിരാശയിലേക്കും നയിക്കാം. നമുക്ക് എങ്ങനെ ഏകാന്തതയെ സ്നേഹിക്കുന്നവരാകാം?

ഏതു പ്രായത്തിലുള്ളവരിലും, കുട്ടികളിൽ പോലും ഏകാന്തത കണ്ടുവരുന്നു. കുട്ടികളിലെ ഏകാന്തതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചെറുപ്പം മുതൽ അവരെ അഭ്യസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സമീപനം ഏകാന്തതയോട് പുലർത്തുവാൻ അവര്‍ക്ക് സാധിക്കുകയുള്ളൂ. ഏകാന്തതയും ഒറ്റപ്പെടലും തമ്മിൽ വ്യത്യാസമുണ്ട്. ഒറ്റപ്പെടൽ നിരാശയിലേക്ക് നയിക്കുന്ന മാനസികഭാവമാണ്. എന്നാൽ ഓരോ വ്യക്തികൾക്കും ജീവിതത്തിൽ ഏകാന്തമായ കുറച്ച് സമയം വളരെ അത്യാവശ്യമാണ്. കാരണം ഏകാന്തത ഒരുവന്റെ പ്രായത്തിന്റെ വ്യത്യാസമനുസരിച്ച്, അനുഭവങ്ങളിലും വ്യത്യാസം ഉണ്ടാകും.

തനിയെ ആയിരിക്കുന്ന സമയം കൂടുതൽ അനുഗ്രഹപ്രദമാക്കാം 

ഒരു മഠത്തിന്റെ ചുമരുകളിൽ ഇപ്രകാരം എഴുതിവച്ചിട്ടുണ്ട്: “ദീർഘസമയത്തെ ഏകാന്തത നിങ്ങളെ കൊല്ലും. എന്നാൽ കുറച്ചു സമയത്തെ ഏകാന്തത നിങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കും.” – ഇത് വളരെ ശരിയാണ്. അടച്ചിട്ട മുറിയിൽ തനിയെ ആയിരുന്നുകൊണ്ട് മണിക്കൂറുകളോളം കമ്പ്യൂട്ടറിന്റെ മുൻപിൽ ചിലവഴിക്കുന്നത് തെറ്റായ രീതിയാണ്. അത് നമ്മെ കൂടുതൽ മോശമായ അവസ്ഥയിൽ എത്തിക്കും. നല്ല രീതിയിലുള്ള ഏകാന്തത നമ്മുടെ ആത്മീയജീവിത വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നമ്മെത്തന്നെ വിശകലനം ചെയ്യുവാനും ആത്മശോധന നടത്തുവാനുമുള്ള അവസരമാണ് ഏകാന്തതയുടെ സമയം. ആത്മീയസമാധാനം അനുഭവിക്കുവാനും നല്ല തീരുമാനങ്ങൾ എടുക്കുവാനും ഏകാന്തത നമ്മെ സഹായിക്കും. നാം വ്യക്തിപരമായി ദൈവത്തെ കണ്ടുമുട്ടുന്ന സമയം കൂടിയാണ് ഇത്.

വ്യത്യസ്‍ത തരം ഏകാന്തത

പലതരത്തിലുള്ള ഏകാന്തതകൾ ഉണ്ട്. ഭീകരമായ ഏകാന്തതയുണ്ട്. അഹങ്കാരം മൂലം തന്റെ ലോകത്ത് ചുരുങ്ങിക്കൂടുവാൻ നിശബ്ധരാകുന്നവരുണ്ട്. ഇവയൊക്കെ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഏകാന്തതയല്ല. അവ തെറ്റായ താല്‍പര്യങ്ങളിൽ നിന്നും ഉളവാകുന്ന ഏകാന്തതയാണ്. തപസികന്മാർ ഏകാന്തതയിൽ ആയിരുന്നത് ദൈവത്തോടൊപ്പം ആയിരിക്കുവാനാണ്. അത് മറ്റൊരു തരം ഏകാന്തതയാണ്. വലിയ ചിന്തകരും എഴുത്തുകാരുമൊക്കെ വലിയ ഏകാന്തതയിലേക്ക് കടന്നുപോകുന്നത് അവരുടേതായ ലോകത്തിൽ വ്യാപാരിക്കുന്നതിനാണ്. ഇത് അതിൽത്തന്നെ നല്ലതോ ചീത്തയോ അല്ല.

ഏകാന്തതയെ ആസ്വദിക്കുന്നവരാകുക

ജീവിതത്തിലേക്ക് ഏകാന്തത കടന്നുവരുമ്പോൾ അവയെ അകറ്റിക്കളയാതെ പോസിറ്റീവ് ആയ രീതിയിൽ അവയെ ആസ്വദിക്കുന്നവരാകുക. അവ നമ്മുടെ വ്യക്തിജീവിതത്തിൽ വളരെ സഹായകമാകും. കുറച്ചു സമയം ഏകാന്തതയിൽ ആയിരുന്നുകൊണ്ട് നമ്മിലേക്ക് തന്നെ നോക്കുവാൻ സാധിക്കുന്നതും സ്വയം വിലയിരുത്തുന്നതും വളരെ നല്ല കാര്യമാണ്. നമ്മുടെ ജീവിതത്തിന്റെ വലിയ ഒരു സമ്പത്താണിത്.

കുട്ടികളെ ഏകാന്തതയെ സ്നേഹിക്കുവാൻ പരിശീലിപ്പിക്കുക. മൊബൈൽ ഫോൺ, ടെലിവിഷൻ, ഇന്റർനെറ്റ്, ദിവാസ്വപ്നങ്ങൾ എന്നിവയിൽ നിന്നൊക്കെ പുറത്ത് കടക്കാൻ ഏകാന്തതയെ സ്നേഹിക്കുന്നവരാകേണ്ടിയിരിക്കുന്നു. അതിനായി കുട്ടികളെ നമുക്ക് പരിശീലിപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.