തങ്ങൾക്കുള്ളവയിൽ സന്തോഷം കണ്ടെത്താൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം?

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണ്. ഈ ഒരു വലിയ സത്യം ഓരോരുത്തരുടെയും ജീവിതത്തെ ധന്യമാക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. അത് എത്രയും കുറഞ്ഞ പ്രായത്തിൽ നാം മനസിലാക്കുന്നോ അത്രയും, ജീവിതം മനോഹരമാക്കുവാൻ നമുക്ക് കഴിയും. അതിൽ പ്രധാനപ്പെട്ടതാണ് നമുക്കുള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നുള്ളത്. നമ്മുടെ നന്മകളിലും മേന്മകളിലും സന്തോഷം കണ്ടെത്തണമെങ്കിൽ അതിനുള്ള പരിശീലനം ചെറുപ്പം മുതൽ തുടങ്ങണം. അതായത് മുതിർന്നവർ കൊച്ചുകുട്ടികൾക്ക് ഈ വിധം പരിശീലനം നൽകിയാൽ മാത്രമേ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയുള്ളൂ. നമ്മുടെ വീട്ടിലെ ചെറിയ കുട്ടികൾക്ക് സന്തോഷം കരഗതമാക്കുവാനുള്ള ഈ രഹസ്യം സ്വായത്തമാക്കുവാൻ പരിശീലനം നൽകുന്നതിന് സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു…

1. കുഞ്ഞുങ്ങളിലെ നന്മകൾ കണ്ടെത്തുവാൻ പ്രോത്സാഹിപ്പിക്കാം

നമുക്കുഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണമെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിനു മുൻപായി എന്താണ് അവർക്കുള്ളത് എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ നല്ല കഴിവുകൾ, അവരിലെ നന്മകളും മേന്മകളും, അവരുടെ സാഹചര്യങ്ങൾ, അവർക്കു ലഭിക്കുന്ന നല്ല സ്നേഹം ഇതൊക്കെ തിരിച്ചറിഞ്ഞ് ബോധ്യപ്പെടുവാൻ കുട്ടികളെ ആദ്യം സഹായിക്കണം. എങ്കിൽ മാത്രമേ തങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളും നേട്ടങ്ങളും അവർ തിരിച്ചറിയുകയും സ്വയം മതിപ്പുള്ളവരാകുകയും ചെയ്യുകയുള്ളൂ. അതിന് മാതാപിതാക്കളുടെ സ്‌നേഹപൂർവ്വമായ ഇടപെടലും പെരുമാറ്റവും ആവശ്യമാണ്.

2. കുറ്റപ്പെടുത്തലും താരതമ്യപ്പെടുത്താലും ഒഴിവാക്കാം

കുട്ടികളെ കുറ്റപ്പെടുത്തുന്നതും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും പലപ്പോഴും മാതാപിതാക്കൾ ചെയ്യുന്ന ഒന്നാണ്. എന്നാൽ അത് ഒരിക്കലും ഗുണം ചെയ്യില്ല. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയും നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്താൽ അത് അവരിലെ നഷ്ടബോധത്തെ ഉണർത്തും. തങ്ങളെ ഒന്നിനും കഴിവില്ലാത്തവരായി അവര്‍ സ്വയം കാണും. ഇത് കടുത്ത നിരാശയിലേയ്ക്ക് കുട്ടികളെ തള്ളിവിടുകയും എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുവാൻ കാരണമാവുകയും ചെയ്യും. ഇങ്ങനെയുള്ള കുട്ടികൾ ജീവിതത്തിൽ ഒരിക്കലും സന്തോഷത്തോടെ ആയിരിക്കില്ല. അതിനാൽ ചെറിയ കാര്യങ്ങൾ ആയിരുന്നാൽപോലും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

3. നന്ദി പറയുവാൻ ശീലിപ്പിക്കാം

നമുക്ക് നൽകപ്പെട്ട ഓരോ ചെറിയ അനുഗ്രഹത്തിനുപോലും ദൈവത്തിന്നു നന്ദി പറയുവാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം. അങ്ങനെ ചെയുമ്പോൾ അത് കുഞ്ഞുങ്ങളിൽ, തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചുള്ള സ്മരണകൾ ഉളവാക്കും. അപ്പോൾ ജീവിതം പോസിറ്റീവും സന്തോഷപ്രദവുമായി മാറും.

4. സംതൃപ്തരാകുവാൻ പഠിപ്പിക്കാം

പലപ്പോഴും പല ആളുകളും അവർക്കു കിട്ടിയ കാര്യങ്ങളിൽ സംതൃപ്തരാകുവാൻ ശ്രമിക്കാറില്ല. അടുത്തുള്ള ആൾക്ക് ഒപ്പമെത്തുവാനുള്ള ഓട്ടത്തിലാണ് ഒട്ടുമിക്ക ആളുകളും. ഇങ്ങനെയുള്ള ഓട്ടം ജീവിതത്തിൽ ആകുലതകൾ വർദ്ധിപ്പിക്കുവാൻ മാത്രമേ കാരണമാകൂ.

എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്യാതെ ഒരു നിമിഷമെങ്കിലും നമുക്ക് സ്വസ്ഥമായി ഇരിക്കുവാൻ അവസരം ലഭിച്ചാൽ അതിൽ സംതൃപ്തി കണ്ടെത്തുവാൻ കഴിയുന്ന മനോഭാവം ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തുവാൻ മാതാപിതാക്കൾ ശ്രമിക്കണം. അങ്ങനെ ചെയ്താൽ അത് അവരുടെ ജീവിതത്തെ ആശങ്കകളിൽപെട്ട് ഉഴലുന്നവരാകാതെ ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുവാൻ പ്രേരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.