കൂട്ട്

റോസിന പീറ്റി

അസ്വസ്ഥരാക്കുന്നവരാണ് നാമെല്ലാവരും !! എന്തിനെന്നറിയാതെ, കാരണങ്ങളില്ലാതെ തന്നെ മനസ്സ് അസ്വസ്ഥമാകാറുണ്ട്. ഏകൻ ആണെന്ന പരാതിയാണ് മനുഷ്യൻ ആദ്യമായി ദൈവതിരുമുമ്പിൽ സമർപ്പിച്ച പരാതി. ഒറ്റപ്പെട്ടു പോവുക, ഒറ്റയാക്കപ്പെടുക എന്ന തോന്നൽ മനുഷ്യമനസ്സിന് അംഗീകരിക്കാനാവില്ല. ആരുടെയൊക്കെയോ സ്നേഹം അറിഞ്ഞും അറിയാതെയും നാം ആഗ്രഹിക്കാറുണ്ട്. ആരും വേണ്ട എന്നൊക്കെ ഒരു നിമിഷം വെറുതെ ചിന്തിച്ചാൽ പോലും ഉള്ളിൽ എല്ലാ മനുഷ്യരും ഒരു സ്നേഹം, അല്ലെങ്കിൽ ഒരു കൂട്ട് കൊതിക്കാറുണ്ട്. മനുഷ്യന്റെ മനസ്സിനെ ഇത്രയധികമായി വായിച്ചെടുത്ത ദൈവത്തിന്റെ വിലമതിക്കാനാവാത്ത സമ്മാനമാണ് പരിശുദ്ധാത്മാവ്.

കൈതന്നു കൂടെ നടക്കുന്നവൻ, നമുക്ക് വേണ്ടി വാദിക്കുകയും നമുക്ക് നീതി നടത്തി തരുകയും ചെയ്യുന്നവൻ, തിന്മ ചെയ്യുവാൻ ആശിക്കുന്ന മനസ്സിൽ അത് തെറ്റാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നവൻ, നന്മ ചെയ്യുവാൻ ഉൾപ്രേരണ നൽകുന്നവൻ, പ്രാർത്ഥിക്കുവാൻ എന്നോട് പറയുന്നവൻ, എനിക്കുവേണ്ടി നെടുവീർപ്പുകളോടെ ദൈവതിരുമുമ്പിൽ മാധ്യസ്ഥം വഹിക്കുന്നവൻ, എന്റെ ആകുലതകളും പരാതികളും കുർബാനയിൽ അർപ്പിക്കുമ്പോൾ അവയെ ആശിർവദിച് ക്രിസ്തുവിനോട് എന്നെ ഒന്നാക്കി തീർക്കുന്നവൻ, എന്റെ രോഗശയ്യയിൽ എന്റെ കൂട്ടിന് ഇരിക്കുന്നവൻ, അത്താഴം വിളമ്പി വിരുന്നായി എന്നെ പരിപോഷിപ്പിക്കുന്നവൻ, എന്നെ ആശീർവദിക്കുകയും, പവിത്രീകരിക്കുകയും ചെയ്യുന്നവൻ, ഉദരത്തിൽ ഉരുവാകുന്നത് മുതൽമുതൽ അന്ത്യ വിനാഴികവരെ ഉപേക്ഷിക്കില്ല എന്ന് ഉറപ്പ് നൽകുന്നവൻ. എന്നെ ഉദരത്തിൽ മെനഞ്ഞവൻ.

ഈ ആത്മാവ് ആദ്യ ചൈതന്യമാണ്, ആദിയിലെ ആദ്യ ചലനമാണ്, ആകുലം തീർത്ത് ആശ്വാസം പകരുന്നവനാണ്, മനസ്സിൽ കുളിർ കാറ്റായി വീശുന്നവനാണ്, കനിവായി മനസ്സിൽ പെയ്തിറങ്ങുന്നവനാണ്, കന്മഷം അകറ്റി കാരുണ്യം നൽക്കുന്നവനാണ്, സ്നേഹത്തിന്റെ തീജ്വാലയിൽ പൊതിയുന്നവനാണ്, സ്നേഹിതനെ പോലെ ചേർത്തു നിർത്തുന്നവനാണ്, ദാനിയേൽ പ്രവാചകൻന്റെ പുസ്തകത്തിലെ പോലെ എന്റെ പാപങ്ങളെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ വിരലാണ് പരിശുദ്ധാത്മാവ്. കുമ്പസാരക്കൂട്ടിലേക്ക് എന്നെ നയിക്കുന്നവനും ഈ ആത്മാവാണ്. പ്രാവ് പോലെ പറന്നിറങ്ങി സമാധാനം സ്ഥാപിക്കുന്ന ആത്മാവ്, അഗ്നിപോലെ കത്തിപ്പടർന്ന് ശുദ്ധീകരിക്കുന്ന ആത്മാവ്. ശൂന്യതയിൽ നിറവാണ് ആത്മാവ്, മരണത്തിന് മേൽ വിജയം നല്കുന്നവനാണ് ആത്മാവ്. എനിക്കുവേണ്ടി ക്രിസ്തു ഒരുക്കിയ കരുതലാണ് പരിശുദ്ധാത്മാവ്, ക്രിസ്തുവിശ്വാസികളെ നിത്യജീവിതത്തിലേക്ക് നയിക്കുന്ന ജീവന്റെ നീർച്ചാൽ ആണ് പരിശുദ്ധാത്മാവ്. അണഞ്ഞു പോകുന്ന എന്നിലെ ജീവനെ ഉണർത്തുന്നവനാണ് പരിശുദ്ധാത്മാവ്.

ബൈബിൾ പരിശുദ്ധാത്മാവിനെ കാറ്റിനോടും, പറന്നിറങ്ങുന്ന പ്രാവിനോടും ജലത്തോടും അഗ്നിയോടും ഒക്കെയാണ് സദൃശ്യപ്പെടുത്തി നമ്മൾ കാണുന്നത്. എന്താണ് കാറ്റിന്റെ പ്രത്യേകത? അത് അതിന് ഇഷ്ടമുള്ളിടത്തേക്കു വീശുന്നു, അത് എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നമ്മൾ അറിയുന്നില്ല, അതിന്റെ സ്വരം നമ്മൾ കേൾക്കുന്നുണ്ട്, നമുക്ക് കാണാൻ കഴിയാത്ത ഒന്നിനെ ആണ് നാം ഇവിടെ അനുഭവിക്കുന്നത്. ചിലപ്പോൾ കാറ്റ് വളരെ ശക്തമാകാം. ചിലപ്പോൾ അത് വളരെ മൃദുലമാണ്. മരുഭൂമിയിൽ അലയുന്നവനും അധ്വാനിച്ച് തൊണ്ട ഉണങ്ങി നിൽക്കുന്നവനും ഇളം കാറ്റു വീശുമ്പോൾ ജീവൻ പുഷ്ടിപ്പെടുന്നത് അനുഭവപ്പെടാറുണ്ട്. ആശ്വാസമാണ് കാറ്റ്. എന്നാൽ അവയ്ക്ക് വൻ വൃക്ഷങ്ങളെ പോലും വീഴ്ത്താനാകും. ഓട്ടകളത്തിൽ ഓടിത്തളരുന്നവനും പ്രാണവായു വേണ്ടി പരതുന്നവനും ഇളം കാറ്റു നൽകുന്ന ആശ്വാസം തെല്ലൊന്നുമല്ല.

വീണ്ടും ആത്മാവിനെ ജലത്തോട് ഉപമിക്കുന്നു. എന്നിൽ വിശ്വസിക്കുന്നവനിൽ നിന്നും ജീവ ജലത്തിന്റെ അരുവികൾ ഒഴുകും. ആറ്റരികിൽ ഇല കൊഴിയാതെ പടർന്ന് പന്തലിച്ച് നിൽക്കുന്ന വൃക്ഷം പോലെ ആണ് അവൻ. ആദ്യ ചൈതന്യമായ പരിശുദ്ധാത്മാവ് ആഴിയുടെ മീതെ ചലിച്ചുകൊണ്ടിരുന്നവനാണ്. ജലം ജീവനേ പുഷ്ടിപ്പെടുത്തുന്നു. ഭൂമിയുടെ 90 ശതമാനവും ജലമാണ്!! ഇതുപോലെതന്നെ മനുഷ്യന്റെ ഉത്ഭവവും 60 ശതമാനവും ജലത്തിൽ നിന്നും തന്നെയാണ്, ഉദരത്തിൽ ജീവൻ തുടങ്ങുന്നത് തന്നെ ഒരു ലിറ്ററോളം വരുന്ന ജലത്തിൽ തന്നെയാണ്.

വീണ്ടും അഗ്നിയായി കത്തി പടരുന്നവൻ. കത്തിച്ചാമ്പലായി തീരാത്തവൻ, ജ്വലിച്ചുകൊണ്ടിരിക്കുന്നവൻ. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ ഹൃദയം ജ്വലിപ്പിച്ചു കൊണ്ടിരുന്നത് ഈ പരിശുദ്ധാത്മാവാണ്. ഹോറെബ് മലയിലെ മുൾപ്പടർപ്പിൽ കത്തിജ്വലിച്ചു കൊണ്ടിരുന്നത് ആത്മാവിന്റെ സാന്നിധ്യമാണ്. ഒരിക്കലും എരിഞ്ഞടങ്ങാത്ത അവൻ എന്നെ ശുദ്ധീകരിച്ചുകൊണ്ടേയിരിക്കും.

വീണ്ടും സമാധാന ദായകനായകനായ പരിശുദ്ധാത്മാവ് പ്രാവുപോലെ നമ്മിലേക്ക് പറന്നിറങ്ങുന്നവനാണ്. ജോർദാൻ നദിയിൽ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന് മീതെ പറന്നിറങ്ങിയ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിലാണ്. സമാധാനവും ശാന്തിയും ആണ് പരിശുദ്ധാത്മാവ് മരുഭൂമികളിൽ പരീക്ഷിക്കപ്പെട്ടപ്പോഴും, പിശാച് ഉണ്ട് എന്ന് പറഞ്ഞ് മറ്റുള്ളവർ ക്രിസ്തുവിനെ കല്ലെറിയാൻ ശ്രമിക്കുമ്പോഴും, എല്ലാവരും കുരിശിൽ ഉപേക്ഷിച്ച് ഓടി പോകുമ്പോഴും ഗെത്സമെനിയിൽ രക്തത്തുള്ളികൾ പൊടിഞ്ഞു പ്രാർത്ഥിക്കുംപ്പോഴും ക്രിസ്തുവിനെ താങ്ങിനിർത്തിയത് അവന്റെ ഉള്ളിൽ നിറഞ്ഞിരുന്നു ഈ സമാധാന നായകൻ പരിശുദ്ധാത്മാവിനാലാണ്. നീറുന്ന വേദനയിലും അവന്റെ മനസ്സ് ശാന്തമായി കാണപ്പെട്ടത് ആത്മാവിന്റെ കൃപയാലാണ്.

വീണ്ടും ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിലെ തെറ്റുകൾ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ വിരൽ ആണ് പരിശുദ്ധാത്മാവ്. എന്നിൽ പാപബോധവും പശ്ചാത്താപവും നൽകി കുമ്പസാര കൂട്ടിലേക്ക് ഓടിയ അടുക്കുവാൻ എന്റെ മനസ്സിനെ വിളിക്കുന്നവൻ. ക്രിസ്തു പറഞ്ഞു പരിശുദ്ധാത്മാവ് വരുമ്പോൾ അവൻ നിങ്ങളെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധ്യപ്പെടുത്തും. എന്റെ ആത്മാവിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം ആണ് ത്രിത്വൈക ദൈവത്തിലെ പരിശുദ്ധാത്മാവ് എന്ന മൂന്നാമത്തെ വ്യക്തി ആഗ്രഹിക്കുന്നത്. എന്റെ സന്തോഷത്തിലും സന്താപത്തിലും എന്നെ ഉപേക്ഷിച്ച് പോകില്ല എന്ന് ഉറപ്പുള്ളവൻ. ഏകനായി പോകുന്ന എനിക്ക് അന്ത്യത്തോളം കൂട്ടായി നൽകപ്പെട്ട പരിശുദ്ധാത്മാവിനെ ആഗമനം എന്റെ ഉയർത്തെഴുനേൽപ്പ് ആണ്.

ഇനി എനിക്കാരുമില്ല ഞാൻ പറയേണ്ടതുണ്ടോ ??

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.