കുമ്പസാരം എന്ന കൂദാശയുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന് വത്തിക്കാൻ

കുമ്പസാരമെന്ന കൂദാശയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ. ഓസ്‌ട്രേലിയയിലെ റോയൽ കമ്മീഷൻ കുമ്പസാര രഹസ്യങ്ങൾ പുറത്ത് വെളിപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങൾ മുന്നോട്ട് വച്ച സാഹചര്യത്തിൽ ഇതിനു മറുപടിയായി ആണ് വത്തിക്കാൻ ഈ കാര്യം വ്യക്തമാക്കിയത്.

2017 -ൽ ബാല പീഡനങ്ങളെ കുറിച്ച് പഠിച്ച റോയൽ കമ്മീഷൻ കുമ്പസാര രഹസ്യങ്ങൾ പുറത്ത് വെളിപ്പെടുത്തുന്നതടക്കമുള്ള പന്ത്രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായി കുമ്പസാരം എന്ന കൂദാശയുടെ വിശ്വാസ്യത ഇല്ലാതാക്കില്ലെന്ന് വത്തിക്കാൻ വെളിപ്പെടുത്തി. ഫെബ്രുവരി ഇരുപത്തിയാറാം തീയതി കത്ത് വഴി ഓസ്ട്രേലിയൻ മെത്രാൻ സമിതിയെയാണ് വത്തിക്കാൻ തങ്ങളുടെ തീരുമാനം അറിയിച്ചത്.

പീഡനത്തിനിരയായ കുട്ടികൾ പറയുന്ന കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തുക, പീഡനം നടത്തിയ ആളുകൾ കുമ്പസാരിക്കാൻ എത്തുമ്പോൾ അവർക്ക് പാപമോചനം നൽകാതെ അവരെ നിയമപാലകർക്ക് ഏൽപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് റോയൽ കമ്മീഷൻ ഉന്നയിച്ചിരുന്നത്. കുമ്പസാര രഹസ്യം കാത്ത് സംരക്ഷിക്കുക എന്നത് പരമ്പരാഗതമായി സഭ പിന്തുടരുന്ന രീതിയാണെന്നും അതൊരു ദൈവീക നിയമമാണെന്നും കത്തിൽ വത്തിക്കാൻ വ്യക്തമാക്കുന്നു. ചില സാഹചര്യങ്ങളിൽ പുറമേ നിന്നുള്ള സഹായം തേടാൻ ഇരയോട് വൈദികന് ആവശ്യപ്പെടാൻ സാധിക്കും. ചെയ്തുപോയ പാപത്തെ പറ്റി പശ്ചാത്തപിച്ചാൽ ഏതൊരാൾക്കും പാപമോചനം നൽകാനുള്ള അധികാരം വൈദികർക്ക് ഉണ്ടെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ വത്തിക്കാൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.