ജപമാലയിലെ വാഗ്ദാന പേടകം

ജോസ് ക്ലെമെന്റ്

”കൊന്തനമസ്‌ക്കാരത്തെ പ്രചരിപ്പിക്കുന്നത് ആരായാലും ആ വ്യക്തി രക്ഷിക്കപ്പെടും” – വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോ

ജപമാല പ്രാര്‍ത്ഥന പൂര്‍ണമാകുന്നത് മുഖ്യദൈവദൂതനായ മിഖായേലിനോടും ദൈവദൂതന്മാരായ ഗബ്രിയേല്‍, റാഫേല്‍ എന്നിവരോടും ശ്ലീഹന്മാരും വിശുദ്ധരുമായ പത്രോസ്, പൗലോസ്, യോഹന്നാന്‍, തോമസ് എന്നിവര്‍ക്കൊപ്പവും വിശുദ്ധ യൗസേപ്പിനുമൊപ്പം ജപമാല സമര്‍പ്പണം നടത്തി ദൈവമാതാവിന്റെ ലുത്തിനിയ കൂടി ചൊല്ലിക്കഴിയുമ്പോഴാണ്. ഈ ലുത്തിനിയായില്‍ പരിശുദ്ധ മറിയത്തെ സംബോധന ചെയ്തുകൊണ്ടുള്ള അമ്പത് സംജ്ഞകളുണ്ട്. അതില്‍ മുപ്പത്തിരണ്ടാമത് പ്രകീര്‍ത്തിക്കുന്ന ഒരു മറിയ നാമധേയമാണ് – ‘വാഗ്ദാനത്തിന്റെ പേടകമേ’, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേയെന്ന്. സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ 1587-ല്‍ ഔദ്യോഗിക അംഗീകാരം നല്‍കിയ ലിറ്റനി ഓഫ് ലൊരെറ്റോ (ലുത്തിനിയ)യിലെ സുപ്രധാന പ്രകീര്‍ത്തനങ്ങളിലൊന്നാണ് ‘മറിയം വാഗ്ദാന പേടകം’ എന്ന സംബോധന.

പരിശുദ്ധ കന്യാമറിയം പുതിയ നിയമത്തിലെ വാഗ്ദാന പേടകമായാണ് സഭ കരുതുന്നത്. ദൈവത്തിന്റെ സ്വന്തം ജനതയായ ഇസ്രായേല്യര്‍ പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നുപോകുമ്പോള്‍ അവര്‍ പശ്ചാത്തപിച്ച് തിരിച്ചെത്തുന്നത് വാഗ്ദാനപേടകത്തിനരികെയാണ്. പുതിയ നിയമകാലഘട്ടത്തിലെ ജനതയും പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നുപോകുമ്പോള്‍ പശ്ചാത്തപിച്ച് തിരിച്ചെത്തുന്നത് മറിയമെന്ന വാഗ്ദാനപേടകത്തിനരികെയാണ്. സഭാപിതാക്കന്മാരുടെ രചനകളിലൊക്കെ മറിയത്തെ ‘വാഗ്ദാനപേടകം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. ”സ്വര്‍ണ്ണത്തിനു പകരം ശുദ്ധതയുടെ കവചം ധരിച്ച് നില്‍ക്കുന്ന വാഗ്ദാനപേടകമായ ശ്രേഷ്ഠ കന്യകയേ” എന്നാണ് വിശുദ്ധ അത്തനേഷ്യസ് മറിയത്തെ സംബോധന ചെയ്തിരിക്കുന്നത്.

ദൈവദൂതന്‍ ഗബ്രിയേലിന്റെ അരുളപ്പാടിനുശേഷം ദൈവപുത്രനെ ഹൃദയത്തിലും ഉദരത്തിലും സംവഹിച്ച് പ്രഥമ സക്രാരിയായിത്തീര്‍ന്ന പരിശുദ്ധ മറിയത്തെ ചലിക്കുന്ന സക്രാരിയായും നാം കാണുന്നുണ്ട്. തന്റെ ഇളയമ്മയായ ഏലീശ്വ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അവരെ ശുശ്രൂഷിക്കാനായി പോകുന്ന മറിയത്തിന്റെ യാത്ര ഒരോര്‍മ്മപ്പെടുത്തലാണ്. ദൈവസാന്നിധ്യത്തിന്റെ അടയാളമായ വാഗ്ദാനപേടകവും വഹിച്ചുകൊണ്ട് പഴയനിയമത്തില്‍ ഇസ്രായേല്‍ ജനം സഞ്ചരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തല്‍. കര്‍ത്താവ് സ്വന്തം വാസസ്ഥലമാക്കിയ മറിയം കര്‍ത്താവിന്റെ മഹിമ കുടികൊള്ളുന്ന ഉടമ്പടിയുടെ പേടകവും മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്റെ കൂടാരവുമായിത്തീരുകയാണ്.

ഇസ്രായേല്‍ ജനതയുടെ അനുദിനജീവിതത്തില്‍ ദൈവത്തിന്റെ സാന്നിധ്യം വാഗ്ദാനപേടകമായിരുന്നു. അവരുടെ പരാജയങ്ങളെ വിജയങ്ങളാക്കിയും സങ്കടങ്ങളെ സന്തോഷങ്ങളാക്കിയും അലച്ചിലുകളെ ആശ്വാസമാക്കിയും മരുഭൂമി അനുഭവങ്ങളെ ആത്മവിശ്വാസത്തിന്റെ മരുപ്പച്ചകളാക്കിയും വാഗ്ദാനപേടകം എന്നും അവര്‍ക്കൊപ്പം സഞ്ചരിച്ചു. ഇതുപോലെ പരിശുദ്ധ മറിയവും നവഇസ്രായേലായ നമ്മോടൊപ്പം സഞ്ചരിക്കുകയാണ് ജപമാല പ്രാര്‍ത്ഥനാര്‍പ്പണത്തിലൂടെ – സാന്നിധ്യമായി, സംരക്ഷണമായി, കരുതലായി, കാരുണ്യമായി.

വാഗ്ദാനപേടകത്തില്‍ പത്തു കല്പനകള്‍ എഴുതിയ കല്‍പ്പലകകളും മന്ന നിറച്ച സ്വര്‍ണക്കലശവും അഹറോന്റെ പൂത്തുതളിര്‍ത്ത വടിയുമാണുണ്ടായിരുന്നത്. ഇവ മൂന്നും ക്രിസ്തുവിന്റെ പ്രതീകങ്ങളാണ്. കല്‍പ്പലകകള്‍ വചനമായ ക്രിസ്തുവിനെയും മന്ന ജീവന്റെ അപ്പമായ ക്രിസ്തുവിനേയും അഹറോന്റെ വടി നിത്യപുരോഹിതനായ ക്രിസ്തുവിനെയും അനുസ്മരിപ്പിക്കുന്നു. വചനവും ജീവന്റെ അപ്പവും നിത്യപുരോഹിതനുമായ ക്രിസ്തുവിനെയാണല്ലോ മറിയവും ഗര്‍ഭത്തില്‍ സംവഹിച്ചത്. ഇതുകൊണ്ടു തന്നെ മറിയത്തെ ‘വാഗ്ദാനപേടകം’ എന്ന് സംബോധന ചെയ്യുന്നത് തീര്‍ത്തും ഉചിതമാണ്.

ഗര്‍ഭസ്ഥനായ ക്രിസ്തുവിനോടൊപ്പമുള്ള മറിയത്തിന്റെ യൂദാ യാത്രയ്ക്കും ഗര്‍ഭിണിയായ എലിസബത്തിനോടൊപ്പമുള്ള യൂദാ വാസവും വാഗ്ദാനപേടകത്തിന്റെ യൂദാ യാത്രയേയും യൂദാ വാസത്തേയും അനുസ്മരിപ്പിക്കുന്നതാണ്. ദാവീദിന്റെ കാലത്ത് യൂദാ മലമ്പ്രദേശത്തുള്ള ഹിത്യനായ ഓബദ് ഏദോമിന്റെ ഭവനത്തിലേക്ക് പേടകം സംവഹിക്കപ്പെട്ടുവെന്നും മൂന്നുമാസം അവന്റെ ഭവനത്തില്‍ പേടകം സൂക്ഷിക്കപ്പെട്ടുവെന്നും (2 സാമു 6:1-11) വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

വാഗ്ദാന പേടകം സംവഹിച്ചുകൊണ്ട് ഇസ്രായേല്യര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പുരോഹിതര്‍ പേടകത്തെ നീലനിറത്തിലുള്ള ആവരണംകൊണ്ട് മൂടണമെന്ന് നിബന്ധനയുണ്ടായിരുന്നു. നീലയങ്കി ധരിച്ച സ്ത്രീയായിട്ടാണ് എല്ലാ മരിയന്‍ ദര്‍ശനങ്ങളിലും പരിശുദ്ധ മറിയത്തെ കണ്ടിട്ടുള്ളത്. ബാബിലോണ്‍ ആക്രമണത്തില്‍ യഹൂദര്‍ക്ക് നഷ്ടപ്പെട്ട വാഗ്ദാന പേടകത്തെ വിശുദ്ധ യോഹന്നാന്‍ ദിവ്യദര്‍ശനത്തില്‍ കാണുന്നുണ്ട്. അക്കാര്യം വെളിപ്പെടുത്തിയിട്ട് വിശദാംശങ്ങള്‍ പ്രതിപാദിക്കാതെ പിന്നീട് വ്യക്തമാക്കുന്നത് സൂര്യനെ ഉടയാടയാക്കിയും ചന്ദ്രനെ പാദപീഠമാക്കിയും പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടവുമണിഞ്ഞ സ്ത്രീയെക്കുറിച്ചാണ് (വെളി 12:1). ആ സ്ത്രീ പരിശുദ്ധ കന്യാമറിയമായിരുന്നുവെന്നാണ് സഭാ പിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നത്. അതായത് സ്വര്‍ഗത്തില്‍ കണ്ടതും പേടകം എന്ന് യോഹന്നാന്‍ വിശേഷിപ്പിച്ചതും പരിശുദ്ധ മറിയത്തെയായിരുന്നുവെന്നാണ് നിഗമിക്കുന്നത്.

മരുഭൂമിയിലെ ക്ലേശപൂര്‍ണമായ യാത്രയില്‍ ഇസ്രായേല്‍ ജനതയ്ക്ക് ദുരിതങ്ങളൊക്കെ മറികടന്ന് മുന്നേറാന്‍ കരുത്തും ശക്തിയും പ്രദാനം ചെയ്തത് അവരോടൊപ്പമുണ്ടായിരുന്ന പേടക സാന്നിധ്യമായിരുന്നു. പരിശുദ്ധ മറിയവും പുതിയ ഇസ്രായേലിന്റെ ആത്മീയ യാത്രയില്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാന്‍ പ്രചോദനമേകിക്കൊണ്ടിരിക്കുന്ന വാഗ്ദാന പേടകമാണ്. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പരിഹാരമെന്നോണം മറിയം കൂടെയുള്ളപ്പോള്‍ അവളോടൊപ്പം ക്രിസ്തുവുമുണ്ടാകും. കാരണം, മറിയത്തിന്റെ ഉള്ളുനിറയെ ക്രിസ്തുവാണല്ലോ.

സുശക്തമായ ജറീക്കോ പട്ടണത്തിലെ കോട്ടകള്‍ ഒരു ശക്തിക്കും തകര്‍ക്കാന്‍ പറ്റാത്തതായിരുന്നു. ആ പട്ടണത്തെയാണ് ആക്രമിച്ചു കീഴടക്കാന്‍ ദൈവം ഇസ്രായേല്യരോടാവശ്യപ്പെട്ടത്. പക്ഷേ അവരുടെ ശക്തി മുഴുവന്‍ ‘ജറീക്കോ’ എന്ന പേരിനു മുന്നില്‍ തന്നെ ക്ഷയിച്ചുപോയി. പക്ഷേ ദൈവം അവരെ കൈവിട്ടില്ല. വാഗ്ദാന പേടകവുമായി ജറീക്കോ പട്ടണത്തിനു ചുറ്റും സഞ്ചരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ ദൈവത്തില്‍ വിശ്വസിച്ച് വാഗ്ദാന പേടകവുമായി പട്ടണം വലംവച്ചു. അപ്പോള്‍ പട്ടണത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നുവീണു. യുദ്ധവീരന്മാരായ പടയാളികള്‍ വാഗ്ദാന പേടകത്തിന്റെ ശക്തി കണ്ട് ഭയന്നോടിയൊളിക്കുകയാണുണ്ടായത്. പുതിയ നിയമത്തിലെ വാഗ്ദാന പേടകമായ പരിശുദ്ധ മറിയം തിന്മകളുടെ എല്ലാ ശക്തമായ കോട്ടകളേയും തകര്‍ക്കാന്‍ ശക്തിയുള്ളവളാണ്. അതുകൊണ്ടാണ് പരിശുദ്ധ മറിയം കൂടെയുള്ളവര്‍ക്കൊക്കെ ജറീക്കോ അനുഭവം ദര്‍ശിക്കാനാകുന്നത്. ശത്രുവിന്റെ കഴിവോ കഴിവുകേടോ അല്ല പരിശുദ്ധ മറിയത്തിന്റെ ജപമാലയുടെ ശക്തിയാണ് ഈ അനുഭവം പ്രദാനം ചെയ്യുന്നത്. പരസ്പര സ്‌നേഹവും ജപമാല പ്രാര്‍ത്ഥനയും ഇല്ലാത്ത ഭവനങ്ങളിലും സമൂഹങ്ങളിലും ഈ അനുഗ്രഹ പേടകം ഇല്ലായെന്നതാണ് വാസ്തവം. വാഗ്ദാന പേടകം ഇസ്രായേല്‍ ജനതയില്‍ നിന്ന് എപ്പോള്‍ നഷ്ടപ്പെട്ടുവോ അപ്പോള്‍ അവര്‍ യുദ്ധങ്ങളില്‍ പരാജയപ്പെടുന്നതായി കാണാം. എപ്പോഴെല്ലാം ഈ പേടകം അവര്‍ക്കൊപ്പമുണ്ടായിരുന്നോ അപ്പോഴൊക്കെ ഏത് പ്രതിലോമ ശക്തികളെയും പരാജയപ്പെടുത്തി അവര്‍ അതിജീവിച്ചു.

ഇത്തരം തിരിച്ചറിവുകള്‍ നമുക്കുണ്ടാകണം. അമ്മയെന്ന പേടകം നമ്മുടെ അനുദിന ജീവിതത്തില്‍ നഷ്ടപ്പെടാതെയും നഷ്ടപ്പെടുത്താതെയും നോക്കണം. അമ്മ കൂടെയുള്ളപ്പോള്‍ ഒന്നിനും കുറവുണ്ടാകില്ലെന്ന ബോധ്യമുണ്ടാകണം. ഇസ്രായേല്‍ ജനത്തിന് വാഗ്ദാനപേടകം എങ്ങനെയായിരുന്നുവോ അതുപോലെയാവണം നമുക്ക് പുതിയ നിയമത്തിലെ വാഗ്ദാന പേടകമായ പരിശുദ്ധ അമ്മ. ഇസ്രായേല്‍ ജനതയുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും ദുരന്തങ്ങളിലും ആശ്വാസമായി, സാന്ത്വനമായി വാഗ്ദാനപേടകം മാറിയതുപോലെ നമ്മുടെ അനുദിന ജപമാല പ്രാര്‍ത്ഥനയിലൂടെ നമുക്കും ഭക്തിയോടെ വിളിച്ചപേക്ഷിക്കാം: ‘വാഗ്ദാനത്തിന്റെ പേടകമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ’യെന്ന്.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.