നസറത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം

നസറത്തിൽ യൗസേപ്പിതാവിന്റെ ഭവനമുണ്ടായിരുന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ടിക്കുന്ന ദേവാലയമാണിത്. മംഗളവാർത്ത ബസിലിക്കയോട് ചേർന്നുള്ള ഫ്രാൻസിസ്കൻ ആശ്രമം കഴിഞ്ഞാൽ ഈ ദേവാലയത്തിലെത്താം. പരസ്യ ജീവിതത്തിനു മുൻപുള്ള നീണ്ട മുപ്പതുവർഷങ്ങൾ യേശു ചിലവഴിച്ച സ്ഥലമാണിത്. ഏഴാം നൂറ്റാണ്ടിൽ വിശുദ്ധ നാട് സന്ദർശിച്ച ആർക്കുൾഫ് എന്ന തീർഥാടകന്റെ കുറിപ്പുകളിൽ ഇവിടെ മുമ്പുമുണ്ടായിരുന്ന ദേവാലയത്തെപ്പറ്റിയുള്ള വിവരണങ്ങൾ കാണാം. ഉണ്ണി യേശുവിന്റെ പോഷണത്തിന്റെ ദേവാലയം (The Church of Nutrition) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലിം അധിനിവേശത്തിൽ നസറത്തിലെ  ദേവാലയങ്ങളെല്ലാം തകർക്കപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിലാണ് നസറത്തിലെത്തിയ ഫ്രാൻസിസ്കൻ സന്യാസികൾ 1754-ൽ യൗസേപ്പിതാവിന്റെ പണിപ്പുരയും ഭാവനവുമുണ്ടായിരുന്നതായി പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന സ്ഥലത്തു ഒരു ദേവാലയം നിർമ്മിച്ചു. 1914 -ൽ പുതുക്കിപ്പണിത ദേവാലയമാണ് ഇപ്പോഴുള്ളത്. യൗസേപ്പിതാവിന്റെ ഭവനത്തിന്റെയും പണിപ്പുരയുടെയും അവശിഷ്ടങ്ങൾ ദേവാലയത്തിനു കിഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.യേശുവിന്റെ കാലത്തിലെ നസറത്ത് ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും ദേവാലയത്തോടു ചേർന്നുള്ള മ്യുസിയത്തിൽ കാണാം.

പള്ളിയുടെ അൾത്താരക്ക് പിന്നിലുള്ള ചുവരിൽ മധ്യത്തിൽ യൗസേപ്പിന്റെയും മേരിയുടെയും കു‌ടെ നിൽക്കുന്ന ബാലനായ യേശുവിനെയും, വലതുവശത്തു യൗസേപ്പിന്റെ ഉറക്കവും, ഇടതുവശത്തു യൗസേപ്പിന്റെ മരണവും ചിത്രീകരിച്ചിരിക്കുന്നു.

അൾത്താരയുടെ കിഴിലുള്ള ക്രിപ്റ്റിൽ കുരിശുയുദ്ധക്കാരുടെ സമയത്തുണ്ടായിരുന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. ആദ്യ നൂറ്റാണ്ടിൽ യഹൂദരുടെ ശുദ്ധികരണത്തിനുപയോഗിച്ചിരുന്ന ഒരു ജലസംഭരണി (Miqve) പിന്നീട് മാമോദിസ തൊട്ടിയായി രൂപാന്തരപ്പെടുത്തി ഉപയോഗിച്ചതും ഇവിടെ നിലനിർത്തിയിട്ടുണ്ട്.

യേശുവിന്റെ മനുഷ്യാവതാരത്തിൽ മാറിയത്തോടൊപ്പം ദൈവത്തോട് സഹകരിച്ചവനാണ് യൗസേപ്പിതാവ്. അദ്ദേഹത്തെക്കുറിച്ചുള്ള പുതിയനിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവരണം മത്തായിയുടെ സുവിശേഷത്തിൽ കാണാം (മത്തായി 1,18-2,23). ദൈവം കല്പിച്ചതനുസരിച്ചു മാത്രം എപ്പോഴും പ്രവർത്തിച്ച അദ്ദേഹത്തെ നീതിമാൻ എന്നാണ് സുവിശേഷകൻ വിശേഷിപ്പിക്കുന്നത് (മത്തായി 1,19). തിരുക്കുടുംബത്തിന്റെ തലവനായ അദ്ദേഹം തൊഴിലാളികളുടെ മധ്യസ്ഥനാണ്. നല്ല മരണത്തിനായി യൗസേപ്പിതാവിനോടാണ് നാം മാധ്യസ്ഥം തേടാറുള്ളത്.

പ്രാർത്ഥന: മറിയത്തിന്റെ മാനത്തിനു തന്റെ ജീവനേക്കാൾ വിലകല്പിച്ച വി. യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളിൽ പരസ്പര സ്നേഹവും ബഹുമാനവും വളർത്തണമേ. തന്നെക്കാളുപരി മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുവാനും അവർക്കായുള്ള കരുതലോടെ ജീവിക്കാനുമുള്ള  കൃപ ഞങ്ങൾക്ക് നൽകണമേ. ആമ്മേൻ.

പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.