പരി. കന്യാമറിയത്തിന്റെ ജനനസ്ഥലം – വി. അന്നയുടെ ദേവാലയം 

[avatar user=”Paul” size=”120″ align=”right” /]

പരി. കന്യാമറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള ആദിമ സഭയുടെ പാരമ്പര്യം യാക്കോബിന്റെ സുവിശേഷത്തിൽ (ഒരു അപ്പോക്രിഫൽ സുവിശേഷം) രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിപ്രകാരമാണ്. മറിയത്തിന്റെ മാതാപിതാക്കളായ അന്നയും യോവാക്കിമും വൃദ്ധരും മക്കളില്ലാത്തവരുമായിരുന്നു. യോവാക്കിം ജെറുസലേം ദേവാലയത്തിലെ പുരോഹിതനായിരുന്നു. കർത്താവിന്റെ മഹാദിനത്തിൽ ക്രമമനുസരിച്ചു മറ്റു പുരോഹിതന്മാർക്ക് മുൻപേ ദേവാലയത്തിലേക്ക് കാഴ്ചയർപ്പണം കൊണ്ടുവന്ന യോവാക്കിമിനെ റൂബൻ എന്നയാൾ തടഞ്ഞു. കാരണം മക്കളില്ലാതിരുന്ന യോവാക്കിമിനെ ശപിക്കപ്പെട്ടവനായാണ് അയാൾ കരുതിയത്.

ദുഃഖിതനായ യോവാക്കിം അനുഗ്രഹീതരായ പൂർവപിതാക്കളുടെ പട്ടികയെടുത്തു പരിശോധിച്ചപ്പോൾ എല്ലാവർക്കും മക്കളുണ്ടായിരുന്നതായി കണ്ടെത്തി. തീവ്ര ദുഃഖത്താൽ വലഞ്ഞ യോവാക്കിം മരുഭൂമിയിൽ കുടാരമടിച്ചു നാൽപതു ദിന രാത്രങ്ങൾ പ്രാർത്ഥിച്ചു. ദിർഘകാലമായി അന്നയും ഒരു കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവം ഒടുവിൽ അവരുടെ പ്രാർത്ഥന കേട്ടു. ഒരു മാലാഖ അന്നക്കു പ്രത്യക്ഷപ്പെട്ടു മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകി. യോവാക്കിം മരുഭൂമിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ അന്ന ഗർഭം ധരിക്കുകയും മറിയത്തെ പ്രസവിക്കുകയും ചെയ്തു. രണ്ടു വയസായപ്പോൾ അവർ മറിയത്തെ ജെറുസലേം ദേവാലയത്തിൽ സമർപ്പിച്ചു  (യാക്കോബിന്റെ സുവിശേഷം 1-6).

ജെറുസലേമിൽ മറിയം ജനിച്ച അന്നയുടെയും യോവാക്കിമിന്റെയും വിടുണ്ടായിരുന്ന സ്ഥലത്തുള്ള ദേവാലയമാണ് വി. അന്നയുടെ ദേവാലയം (St. Anne’s Church). പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കുരിശുയുദ്ധക്കാരാൽ  നിമ്മിക്കപ്പെട്ട ഈ ദേവാലയം വിശുദ്ധനാട്ടിൽ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കുരിശുയുദ്ധക്കാരുടെ കാലഘട്ടത്തിൽ നിന്നുള്ള ദേവാലയമാണ്.  ഈ ദേവാലയത്തിന്റെ അൾത്താരയുടെ കീഴിൽ വലതുവശത്തു മറിയം ജനിച്ച ഭവനത്തിന്റെ ഭാഗമായ ഗ്രോട്ടോ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗ്രോട്ടോയുടെ ഭിത്തിയിൽ മറിയത്തിന്റെയും യേശുവിന്റെയും ജനനത്തെ ചിത്രീകരിക്കുന്ന മനോഹരമായ ഐക്കൺ ഉണ്ട്. ദേവാലയത്തിനുള്ളിൽ പിൻഭാഗത്ത്  മുഖ്യ പ്രവേശനകവാടത്തിന്റെ ഇടതുവശത്തായി അന്ന മറിയത്തെ നിയമം പഠിപ്പിക്കുന്ന മനോഹരമായ രൂപം സ്ഥാപിച്ചിരിക്കുന്നു. ഈ ദേവാലയിലെ ശബ്ദത്തിന്റെ പ്രതിധ്വനി അത്ഭുതാവഹമാണ്. അതനുഭവിക്കാനായി തീർത്ഥാടകർ ഈ ദേവാലയത്തിനുള്ളിൽ മാതാവിനോടുള്ള കീർത്തനങ്ങൾ ആലപിക്കാറുണ്ട്.

കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലിം രാജവംശം ഈ ദേവാലയവും ഇതിനോട് ചേർന്നുള്ള ആശ്രമവും 1187-ൽ ഇസ്ലാം നിയമപഠന കേന്ദ്രമാക്കി മാറ്റിയെങ്കിലും, മാമല്ക്കു രാജവംശം 1850-ൽ ക്രിമിയൻ യുദ്ധത്തിൽ റഷ്യയെ പരാജയപ്പെടുത്താൻ നെപ്പോളിയൻ സഹായിച്ചതിനാൽ ഇവ ഫ്രഞ്ചുകാർക്കു സമ്മാനമായി നൽകി. ഇപ്പോഴും ഇത് ഫ്രഞ്ച് ഗവണ്മെന്റിന്റെ അധീനതയിലുള്ള സ്ഥലമാണ്. പള്ളിയുടെയും ആശ്രമത്തിന്റെയും ചുമതല ആഫ്രിക്കൻ രാജ്യങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുന്ന വൈറ്റ് ഫാതേഴ്സ് സന്യാസികൾക്കാണ്.

പള്ളി കഴിഞ്ഞു ഏതാനും മീറ്റർ മുന്നോട്ടു നടന്നാൽ യേശു തളർവാതരോഗിയെ സുഖപ്പെടുത്തിയ അഞ്ചു മണ്ഡപങ്ങൾ ഉണ്ടായിരുന്ന ബെത്‌സയിദാ കുളത്തിന്റെ അവശിഷ്ടങ്ങൾ കാണാം (യോഹന്നാൻ 5:1-9). ജെറുസലേം ദേവാലയത്തിലെ ആരാധനാവശ്യങ്ങൾക്കായി ജലം സംഭരിക്കാൻ മക്കബായരുടെ കാലത്തു നിർമ്മിച്ച 100 മീറ്ററോളം നീളവും 40 മീറ്ററോളം വീതിയും 14 മീറ്ററോളം ആഴവുമുണ്ടായിരുന്ന കുളമാണിത്. കുളത്തിനുള്ളിൽ യേശു പ്രവർത്തിച്ച രോഗസൗഖ്യത്തെ അനുസ്മരിച്ചു ബൈസന്റയിൻ – കുരിശുയുദ്ധ കാലഘട്ടങ്ങളിലുണ്ടായിരുന്ന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ വലത്തേ അറ്റത്ത്, ക്രിസ്ത്യാനികൾ ഇവിടെ വന്നു പ്രാർത്ഥിക്കുന്നത് തടയുന്നതിന് റോമൻ ചക്രവർത്തിയായ ഹാഡ്രിയൻ നിർമ്മിച്ച രോഗസൗഖ്യ ദേവതയുടെ അമ്പലത്തിന്റെ അവശിഷ്ടങ്ങളും അവിടെ അർപ്പിച്ചിരുന്ന മനുഷ്യ അവയവങ്ങളുടെ രൂപത്തിലുള്ള ചില കാണിക്കകളും ഇപ്പോഴുമുണ്ട്.

പ്രാർത്ഥന:
രക്ഷകനായ ക്രിസ്തുവിനെ ലോകത്തിനു നൽകിയ പരി. അമ്മേ, ഞങ്ങളുടെ ജീവിതങ്ങൾ ക്രിസ്തു വാഴുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അൾത്താരകളായി മാറാൻ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. ആമ്മേൻ.

ഫാ. പോൾ കുഞ്ഞാനയിൽ
ജറുസലേമിൽ ഗെവേഷണ പഠനം നടത്തുന്നു.
joypaul.paul@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.