ഇറ്റലിയിലെ മതാദ്ധ്യാപകര്‍ക്കായി അയച്ച വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പാ പങ്കുവച്ച ചിന്തകള്‍

ഇറ്റലിയിലെ മതാദ്ധ്യാപകര്‍ക്കായി ദേശീയ മെത്രാന്‍സമിതിയുടെ ഓഫിസിലേയ്ക്ക് ജനുവരി 30-ന് അയച്ച വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പങ്കുവച്ച ചിന്ത.

1. സമൂഹത്തിന്റെ ഭാഗമാണ് നാം

മഹാമാരിയും അതു കാരണമാക്കിയ ഏകാന്തതയും ഒറ്റപ്പെടലും മൂലം നാം ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന അടിസ്ഥാനപരമായ ഒരു തോന്നല്‍ ആരിലും ഉയര്‍ന്നുവന്നേക്കാവുന്നതാണ്. ഇത് എല്ലാവരും സമൂഹത്തിന്റെ ഭാഗമാണെന്ന സത്യം ആരിലും ഇക്കാലയളവില്‍ ഉണ്ടായിരിക്കേണ്ട ചിന്തയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. കാരണം ഇന്നത്തെ സാമൂഹികചുറ്റുപാടില്‍ ഈ സത്യം നമ്മില്‍ പൂര്‍വ്വോപരി ആവര്‍ത്തിച്ചു പ്രതിഫലിക്കുകയാണ്. നമ്മുടെ ജീവിതതലങ്ങളുടെ അതിരുകളിലേയ്ക്ക് പ്രത്യേകിച്ച്, നമ്മുടെ അസ്തിത്വത്തിന്റെയും ഭീതിയുടേയും സന്ദേഹങ്ങളുടേയും വിശ്വാസത്തിന്റെയും വിശ്വാസമില്ലായ്മയുടേയും അനിശ്ചിതത്വത്തിന്റെയും തലങ്ങളെ വൈറസ് ബാധ സാരമായി ബാധിച്ചിട്ടുണ്ട്.

2. ഒറ്റയ്ക്ക് രക്ഷപ്പെടാനാവാത്ത അവസ്ഥ

നിലവിലുള്ള സ്ഥാപിതമായ നമ്മുടെ വിശ്വാസാചാരങ്ങളേയും കല്‍പനകളേയും ശീലങ്ങളേയും തകിടംമറിക്കുകയും അങ്ങനെ സമൂഹത്തെ ഒരു സമൂഹമല്ലായെന്നു ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതുമാണ് മഹാമാരിയുടെ അടച്ചുപൂട്ടലും അകല്‍ച്ചയും കാരണമാക്കുന്ന ഏകാന്തതയുടേയും ഒറ്റപ്പെടലിന്റെയും ജീവിതം. ഈ സാഹചര്യത്തില്‍ നാം മനസ്സിലാക്കേണ്ടൊരു കാര്യം ഈ പ്രതിസന്ധിയില്‍ നിന്നും ആര്‍ക്കും ഒറ്റയ്ക്കു രക്ഷപ്പെടാനാവില്ലെന്ന സത്യമാണ്. അതിനാല്‍ ഒരുമിച്ചുനില്‍ക്കുകയും പരസ്പരം സഹായിച്ചു പരിശ്രമിക്കുകയുമാണ് രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗമെന്നു പാപ്പാ വിശദമാക്കി.

3. സമഗ്രമായി ഉള്‍ച്ചേരേണ്ട മാനവകുടുംബം

നാം ആയിരിക്കുന്ന സമൂഹത്തെ കൂടുതല്‍ ബോധ്യത്തോടെ ഓരോരുത്തരും പുനരാശ്ലേഷിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടൊരു സമയമാണിതെന്നാണ് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നത്. കാരണം സമൂഹമെന്നാല്‍ വെറും കൂട്ടംചേരലോ, കൂടെ താമസിക്കലോ മാത്രമല്ല. സമഗ്രമായി നാം ഉള്‍ച്ചേരേണ്ട ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവല്‍ബന്ധിയായ അസ്തിത്വമാണ് സമൂഹം. അതിനാല്‍ നാം പരസ്പരം കരുതലുള്ളവരാവുകയും യുവാക്കള്‍ പ്രായമായവരെയും പ്രായമായവര്‍ യുവജനങ്ങളെയും ഇന്നുള്ളവര്‍ നാളത്തെ തലമുറയെയും കാക്കുകയും പരസ്പരം കരുതലോടെ ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. അങ്ങനെ ഒരു സമൂഹജീവിതബോധം ഇന്ന് പുനരാവിഷ്‌ക്കരിച്ചെങ്കില്‍ മാത്രമേ ഓരോരുത്തരും തങ്ങളുടെ അന്തസ്സും അന്തസ്സിലൂടെ ജീവിതത്തിന് അര്‍ത്ഥവും പൂര്‍ണ്ണമായി കണ്ടെത്തുകയുള്ളൂവെന്ന് പാപ്പാ വ്യക്തമാക്കി.

4. സഭയാകുന്ന വലിയ സമൂഹം

മതബോധനത്തിനും സുവിശേഷപ്രഘോഷണത്തിനുമായി സമൂഹജീവിത മാനത്തെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കുന്നത് സഭാദൗത്യവും ഒപ്പം ക്രൈസ്തവദൗത്യവുമാണ്. എന്താണീ വലിയ സമൂഹമെന്ന് തുടര്‍ന്നു പാപ്പാ വിവരിക്കുന്നു. അത് ക്രൈസ്തവജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ദൈവത്തിന്റെ വിശുദ്ധജനമാണ്. അതിനാല്‍ വ്യക്തികള്‍ വിശ്വാസത്തില്‍ ദൈവകൃപയോടു ചേര്‍ന്നും സഹകരിച്ചും അവിടുത്തെ വിളിയും ദൗത്യവും ഉള്‍ക്കൊണ്ടും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ആശ്ലേഷിക്കുന്ന മനോഭാവത്തോടെ ജീവിക്കുന്ന രീതിയാണ് സഭാസമൂഹം.

ഇത് ഒരു വിശുദ്ധജനത്തോടുള്ള ചേര്‍ന്നുനില്പാണെന്നും, ഒരു വിശുദ്ധജനത്തിന്റെ ഭാഗമാകുന്ന അവസ്ഥയാണെന്നും പാപ്പാ വിശദീകരിച്ചു. ഇതിനുപകരം ഒരു ശ്രേഷ്ഠവിഭാഗത്തോടു മാത്രമുള്ള കൂട്ടുചേരല്‍ കാരണമാക്കിയേക്കാവുന്ന കൃത്രിമത്വം കലര്‍ന്ന രീതികള്‍ മൂലം നാം സമൂഹത്തില്‍ നിന്നും സ്വയം അകന്നുപോവുകയും ജീവിതത്തില്‍ അത് ഭിന്നിപ്പുണ്ടാക്കുവാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ഒരു ക്രൈസ്തവന്റെ വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും തച്ചുടയ്ക്കുന്ന ചിന്താഗതിയാണെന്നും പാപ്പാ താക്കീതു നല്‍കി.

5. ആരെയും ഒഴിവാക്കരുത്

ആരെയും ഒഴിവാക്കാതെ (avoiding exclusivism) എല്ലാവരേയും ആശ്ലേഷിക്കുകയും എല്ലാവരുടേയും കഴിവുകളെ അംഗീകരിക്കുകയും ചെയ്യുന്ന തുറവുള്ള സമൂഹത്തിന്റെ (all inclusive) ശില്പികളാകേണ്ട സമയമാണ് പ്രത്യേകിച്ച്, ലോകം മുഴുവന്‍ ക്ലേശിക്കുന്ന ഈ മഹാമാരിക്കാലത്ത്. ലാഭമോ നഷ്ടമോ നോക്കാതെ നിസ്വാര്‍ത്ഥവും സ്വതന്ത്രവും തുറവുള്ളതുമായ പ്രേഷിതസമൂഹങ്ങള്‍ ഇന്നത്തെ ജനങ്ങളുടെ ജീവിതവഴിയെ, പ്രത്യേകിച്ച് സമൂഹത്തിന്റെ വിളുമ്പില്‍ കഴിയുന്നവരോടു ചേര്‍ന്നുനടക്കേണ്ടതാണ്. നിരാശയില്‍ അമരുന്ന ഇന്നത്തെ യുവജനങ്ങളുടെ കണ്ണുകളില്‍ നോക്കി അപരിചിതരെ സ്വാഗതം ചെയ്യേണ്ടതും അഭയാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ടതും ഇന്നത്തെ മതബോധന സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

6. വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഉള്‍ക്കൊള്ളണം

വ്യത്യസ്തമായി ചിന്തിക്കുന്നവരോടും വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവരോടും സംവദിക്കുവാന്‍ സമൂഹം സന്നദ്ധമാവേണ്ടതാണെന്ന് പാപ്പാ എടുത്തുപറയുന്നുണ്ട്. ഇന്നത്തെ സമൂഹം നല്ല സമരിയക്കാരനെപ്പോലെ ജീവിതസാഹചര്യങ്ങളില്‍ മുറിപ്പെട്ടവരുടെ ചാരത്തെത്തുകയും അവരുടെ മുറിവുകളെ കാരുണ്യത്തോടെ വച്ചുകെട്ടുകയും ചെയ്യേണ്ടതാണ്. അനുദിനജീവിതത്തില്‍ കാരുണ്യം എന്ന വാക്ക് മറന്നുപോകരുതെന്ന് പാപ്പാ പറയുന്നു. യേശുവിന്റെ ജീവിതം രേഖപ്പെടുത്തുന്ന സുവിശേഷം, ‘അവിടുത്തേയ്ക്ക് അവരോടു അനുകമ്പ തോന്നി’ എന്ന് ആവര്‍ത്തിക്കുന്നത് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

7. ഭൂമി നമ്മുടെ പൊതുഭവനവും നാം എല്ലാവരും സഹോദരങ്ങളും

വിവിധ സാഹചര്യങ്ങളില്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതു പോലെ പരിത്യക്തരെയും വൈകല്യങ്ങള്‍ ഉള്ളവരെയും എല്ലാവരും മറന്നുപോകുന്ന പാവങ്ങളെയും ആശ്ലേഷിക്കുകയും അവരെ തലോടുകയും മനസ്സിലാക്കുകയും ചെയ്യുന്ന സഭയാണ് ഇന്ന് അഭികാമ്യം. അതിനാല്‍ താന്‍ ക്രൈസ്തവ മാനവികതയെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അനുസ്മരിപ്പിച്ചു. അത് എല്ലാവരും ദൈവമക്കളാണെന്ന വ്യക്തിയുടെ അടിസ്ഥാനപരമായ അന്തസ്സ് സ്ഥിരീകരിക്കുന്നു. എല്ലാ മനുഷ്യവ്യക്തികളും തമ്മിലുള്ള അടിസ്ഥാനപരമായ സാഹോദര്യം യാഥാര്‍ത്ഥ്യമാക്കുവാനും പരസ്പരം മനസ്സിലാക്കുവാനും അതു സഹായിക്കുന്നു. നാം വസിക്കുന്ന ഭൂമി നമ്മുടെ പൊതുവായ ഭവനമാണെന്നുള്ള ധാരണ വളര്‍ത്തുകയും, ക്ലേശപൂര്‍ണ്ണമെങ്കിലും സന്തോഷപൂര്‍ണ്ണമായ ഒരു ജീവിതത്തിന് വഴി തുറക്കുന്ന വസ്തുതയാണ് എല്ലാവരും തമ്മിലുള്ള സാഹോദര്യത്തിന്റെ മനോഭാവമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.