ഹിരോഷിമ, നാഗസാക്കി അനുസ്മരണം എല്ലാ നാടുകള്‍ക്കും യഥാര്‍ത്ഥ സമാധാനത്തിലേക്കുള്ള ക്ഷണമെന്ന് നാഗസാക്കി അതിരൂപതാധ്യക്ഷന്‍

അമേരിക്കന്‍ ഐക്യനാടുകള്‍ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങള്‍ അണുബോംബിട്ട് തകര്‍ത്തതിന്റെ വാര്‍ഷികാനുസ്മരണം എല്ലാ നാടുകള്‍ക്കും യഥാര്‍ത്ഥ സമാധാനത്തിലേക്കുള്ള ഒരു ക്ഷണമാണെന്ന് നാഗസാക്കി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമി. 1945 ആഗസ്റ്റ് 6 -ന് അമേരിക്കയുടെ പോര്‍വിമാനം അണുബോംബിട്ട് ഹിരോഷിമയെ തകര്‍ത്തതിന്റെ വാര്‍ഷികം, ജപ്പാന്‍ ആതിഥ്യമരുളുന്ന ഒളിമ്പിക്ക് കായികമാമാങ്കത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടു ദിവസം മുമ്പ്, ഈ ആറാം തീയതി വെള്ളിയാഴ്ചയാണെന്നത് വത്തിക്കാന്‍ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ഇതു പറഞ്ഞത്.

1945 ആഗസ്റ്റ് 9 -നാണ് ജപ്പാനിലെ നാഗസാക്കി പട്ടണത്തില്‍ അണുബോബാക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങളില്‍ ഈ രണ്ടു നഗരങ്ങളിലും കൂടി രണ്ടുലക്ഷത്തിലേറെപ്പേര്‍ മരണമടഞ്ഞു. ഈ ഭൂമിയില്‍ നിര്‍മ്മിച്ചിട്ടുള്ള ആയുധങ്ങളില്‍ അതിവ്യാപകമായ സംഹാരശേഷിയുള്ള അണുബോംബിന്റെ ഭീകരത പ്രകടമായ ആ ദിനങ്ങള്‍ക്കു ശേഷം 76 വര്‍ഷം കടന്നുപോയതും ആര്‍ച്ചുബിഷപ്പ് തക്കാമി അനുസ്മരിച്ചു.

യഥാര്‍ത്ഥവും സമൂര്‍ത്തവുമായ വിശ്വശാന്തി സംജാതമാകുന്നതിന് ആണവായുധ നിര്‍മ്മാര്‍ജ്ജനത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വാര്‍ഷികം ഒളിമ്പിക് മേളയുടെ വേളയിലായത് ശുഭകരമായ യാദൃശ്ചികതയാണെന്നും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഇന്നത്തെയും നാളത്തെയും ഏകതാനതയ്ക്കായി പരിശ്രമിക്കാന്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലാണതെന്നും ഒളിമ്പിക് കായികമത്സരങ്ങള്‍ ഒരു ഉത്സവമാണെങ്കിലും അത് വിശ്വശാന്തിക്കായി യത്‌നിക്കാനുള്ള പ്രചോദനമാണെന്നും ആര്‍ച്ച്ബിഷപ്പ് തക്കാമി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.