മധ്യപ്രദേശിൽ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി തീവ്രഹിന്ദുക്കൾ

മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ നിർമ്മിച്ച എല്ലാ പള്ളികളും അടച്ചുപൂട്ടണമെന്നും മതപരിവർത്തനത്തിൽ ഏർപ്പെട്ട ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദികൾ. ഇല്ലെങ്കില്‍ ആക്രമണത്തിന്റെ പാത പിന്തുടരും എന്ന ഭീഷണിയും ഉണ്ട്. എന്നാൽ മതപരിവർത്തന ആരോപണങ്ങൾ ക്രിസ്ത്യൻ നേതാക്കൾ നിഷേധിക്കുകയും ഇത്തരത്തിലുള്ള ആവശ്യങ്ങൾ ക്രിസ്തുമത വിശ്വാസികളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമമായി മാത്രമേ കരുതുന്നുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ക്രിസ്ത്യൻ മിഷനറിമാർ തദ്ദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും സംരക്ഷിത ഗോത്രഭൂമിയിൽ പള്ളികൾ നിർമ്മിക്കുകയും ചെയ്തു എന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രാദേശിക നേതാവ് ആരോപിച്ചു. സിംഗ് ജാബുവയിലും ചുറ്റുമുള്ള ഗോത്രവർഗ ആധിപത്യമുള്ള ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, രാജ്യമെമ്പാടും, പ്രത്യേകിച്ച് ഹിന്ദു അനുകൂല ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയന്ത്രണത്തിലുള്ള മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഈ നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ക്രിസ്ത്യൻ നേതാക്കൾ പറയുന്നു.

മധ്യപ്രദേശിലെ 72 ദശലക്ഷം നിവാസികളിൽ 21% ഗോത്രവർഗക്കാരാണ്. രാജ്യവ്യാപകമായി 104 ദശലക്ഷം അഥവാ 1.3 ബില്യൺ ഇന്ത്യക്കാരിൽ 9% വരും. പാവപ്പെട്ട ഗോത്രങ്ങളെ സഹായിച്ച ക്രിസ്ത്യാനികൾ പീഡനത്തിന് ഇരയാകുന്നവരാണെന്ന് ജാബുവയിലെ കത്തോലിക്കാ രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ പറഞ്ഞു. മതപരിവർത്തനം നിയന്ത്രിക്കുന്നതിനായി പുതുതായി നടപ്പാക്കിയ നിയമം പ്രയോജനപ്പെടുത്താൻ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുകയാണ്. ജനുവരി ഒന്‍പതിന് സംസ്ഥാന സർക്കാർ 50 വർഷം പഴക്കമുള്ള മതപരിവർത്തന വിരുദ്ധ നിയമത്തിന് പകരം പുതിയതും കർശനവുമായ നിയമം കൊണ്ടുവന്നു. ആളുകളെ മയപ്പെടുത്തൽ, ബലപ്രയോഗം അല്ലെങ്കിൽ വഞ്ചനാപരമായ മാർഗങ്ങളിലൂടെ പരിവർത്തനം ചെയ്യുകയാണെങ്കിൽ പത്ത് വർഷം വരെ തടവ് അനുഭവിക്കണം. എന്നിരുന്നാലും, മറ്റ് മതങ്ങളെ രാജ്യത്തെ ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്.

ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാനും അവരെ പരിവർത്തനം ചെയ്യാനുമുള്ള ഒരു മുന്നണിയാണ്  ക്രിസ്ത്യൻ മിഷനറിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നാണ് ക്രിസ്ത്യൻ മതത്തെ എതിർക്കുന്ന ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ പറയുന്നത്. “ഭീഷണിയിൽ ഞങ്ങൾ ഭയപ്പെടുന്നില്ല. ഞങ്ങൾ നിയമം അനുസരിക്കുന്ന പൗരന്മാരായതിനാൽ,അത് പിന്തുടരുകയും ദരിദ്രർക്കും അഗതികൾക്കും  വേണ്ടി ഞങ്ങളുടെ ജോലി തുടരുകയും ചെയ്യും,” – ഫാ. ഷാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.