ബെയ്‌റൂട്ട് സ്ഫോടനം: മൂന്ന് നവജാതശിശുക്കളെ നെഞ്ചോട് ചേർത്ത് ഒരു നേഴ്സ്  

മൂന്ന് നവജാതശിശുക്കളെയും നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ഒരു നേഴ്സ്. ബെയ്‌റൂട്ട് സ്ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരുമായ നിരവധി ആളുകള്‍ അവളുടെ സമീപത്ത് ഉണ്ടെങ്കിലും ആ മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ആ നേഴ്സ് അവരെ സംരക്ഷിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ, ചിന്തിക്കാൻ കൂടുതൽ സമയമില്ല. ആളുകൾ കണ്ടറിഞ്ഞു പ്രതികരിക്കുന്നു. അതാണ് താന്‍ ചെയ്തത് എന്നാണ് ഈ നേഴ്സ് മറുപടിയായി പറയുന്നത്. സ്‌ഫോടനം നടന്നപ്പോൾ അവർ പ്രസവ വാർഡിലായിരുന്നെന്നു നഴ്‌സ് തന്നോട് പറഞ്ഞതായി ഈ ചിത്രം കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ ബിലാല്‍ മരിയെ ജാവിച്ച് വെളിപ്പെടുത്തുന്നു.

എന്നാല്‍, ബെയ്‌റൂട്ടിലെ സെന്റ് ജോർജ്ജ് ആശുപത്രിയുടെ അവസ്ഥ വാസ്തവത്തിൽ ഗുരുതരമാണ്. രണ്ട് സന്ദർശകരും നാല് നഴ്‌സുമാരും ഉൾപ്പെടെ 12 പേരാണ് ഇവിടെ മരിച്ചത്. നിരവധി രോഗികൾ ഗുരുതരാവസ്ഥയിലാണ്. കെട്ടിടത്തിനും ഗുരുതരമായ നാശനഷ്ടമുണ്ട്. കെട്ടിടത്തിന്റെ 80% നശിച്ചു. ആശുപത്രിയിലെ 50%  ഉപകരണങ്ങള്‍ ആണ് ഈ സ്ഫോടനത്തില്‍ നശിച്ചത്. ഈ നേഴ്സ് തങ്ങള്‍ ഈ ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാര്‍ ആണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഈ പ്രവര്‍ത്തികളിലൂടെ.

ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് 150 ലധികം പേർ മരിച്ചു, പരിക്കേറ്റവരുടെ എണ്ണം 5,000 ആണെന്ന് കണക്കാക്കപ്പെടുന്നു. തിരച്ചിൽ സംഘങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന നിരവധി പേർ ഇനിയും ഉണ്ട്. സ്‌ഫോടനങ്ങൾക്ക് ശേഷം വായുവിലേക്ക് കലരുന്ന രാസവസ്തുക്കൾ മാരകമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലെബനൻ ആരോഗ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.