ക്രിസ്തുമസിനൊരുക്കമായി കുമ്പസാരം നടത്താൻ ഇതാ അഞ്ച് മാർഗ്ഗങ്ങൾ

ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ ബാഹ്യമായി മാത്രമല്ല ആന്തരികമായി ഒരുങ്ങേണ്ടതും ആവശ്യമാണ്. അതിനായി ആത്മപരിശോധന നടത്തുന്നതും നല്ല തീരുമാനങ്ങൾ എടുക്കുന്നതും വ്യക്തിജീവിതത്തെ സഹായിക്കും.

കുമ്പസാരമെന്ന കൂദാശയിലൂടെ ക്രിസ്തുമസിനായി എങ്ങനെ ഒരുങ്ങാൻ സാധിക്കും? അതിന് നമ്മെ സഹായിക്കുന്ന അഞ്ചു കാര്യങ്ങൾ ഇതാ…

1. പ്രാർത്ഥനയോടെയും പരിശുദ്ധാത്മാവിനോടുള്ള തുറന്ന മനസോടെയും ആത്മശോധന നടത്തുക

സുവിശേഷം അനുസരിച്ച്, നിങ്ങൾ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനും സ്നേഹത്തിലെ നിങ്ങളുടെ വീഴ്ചകൾ വെളിപ്പെടുത്താനും പരിശുദ്ധാത്മാവിനു കഴിയും. ആത്മശോധന നടത്താൻ കുറഞ്ഞത് 15 മിനിറ്റ് സമയമെങ്കിലും ചെലവഴിക്കണം.

2. യഥാർത്ഥ മനസ്താപം ഉണ്ടാകാനുള്ള കൃപക്കായി പ്രാർത്ഥിക്കുക

പശ്ചാത്താപമാണ് കുമ്പസാരത്തിന്റെ ആത്മാവ്. അതുകൊണ്ട് ഒരു ക്രൂശിതരൂപത്തിന്റെ മുന്നിൽ യഥാർത്ഥ മനസ്താപം ഉണ്ടാകാനുള്ള കൃപക്കായി പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ്. നിയമങ്ങളുടെ ലംഘനങ്ങൾ മാത്രം കണ്ടുപിടിക്കുന്നതിൽ തൃപ്തരാകരുത്. ഓരോ പാപവും പിതാവായ ദൈവത്തെ കരയിപ്പിച്ചു, യേശുവിന്റെ ശരീരത്തെ വേദനിപ്പിച്ചു, ആത്മാവിനെ ദുഃഖിപ്പിച്ചുവെന്ന് തിരിച്ചറിയാൻ വേണ്ട കൃപയിലേക്ക് എത്തിച്ചേരണം.

3. കുമ്പസാരക്കൂട്ടിലുള്ളത് വൈദികനല്ല, ക്രിസ്തുവാണെന്ന് മനസ്സിലാക്കുക 

കുമ്പസാരിപ്പിക്കുന്ന വൈദികൻ ആരുമായിക്കൊള്ളട്ടെ, എന്നാൽ അത് ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നു വിശ്വസിക്കണം. നിങ്ങൾ കുമ്പസാരത്തിനു പോകുമ്പോൾ സാധിക്കുമെങ്കിൽ നിങ്ങളുടെ കണ്ണുകളടച്ച്, മനസ്താപത്തോടെ കാരുണ്യത്തിന്റെ കാൽക്കൽ അല്ലെങ്കിൽ കാൽവരി കൊടുമുടിയിൽ, മാതാവിനോടും മഗ്ദലേന മാറിയത്തോടുമൊപ്പമാണെന്ന് സങ്കൽപ്പിക്കുക.

4. ലളിതമായി കുമ്പസാരിക്കുക

ഓരോ പാപവും വിശദമായി വിവരിക്കേണ്ടതില്ല. അത് വ്യക്തമായി പറഞ്ഞാൽ മതി. ഒരിക്കലും സ്വയം ന്യായീകരിക്കരുത്. മറ്റുള്ളവരുടെ പാപങ്ങൾ ഒരിക്കലും ഏറ്റുപറയരുത്. വിനയത്തോടെ, വ്യക്തതയോടെ, ഉചിതമായ വിപുലീകരണത്തോടെ, നിങ്ങളുടെ ആത്മാവിനെയും അതിന്റെ മുറിവുകളെയും നനയ്ക്കുക. അങ്ങനെ ക്ഷമയുടെ ആത്മാവ് നിങ്ങളെ സ്പർശിക്കും.

5. പാപമോചന പ്രാർത്ഥനയുടെ വാക്കുകൾ ശ്രദ്ധിക്കുക

പാപമോചനത്തിന്റെ നിമിഷങ്ങളിൽ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു വശം തുറക്കപ്പെടുകയാണ്. അവിടെ നിന്ന് കൃപയുടെ ജലം നിങ്ങളിലേക്ക് ഒഴുകുകയാണ്. ഉണങ്ങിയ ഭൂമി പോലെ തുറന്ന ഹൃദയത്തോടെ നിലകൊള്ളുക. അങ്ങനെ നിങ്ങളെ ശുദ്ധീകരിക്കുകയും ജീവിപ്പിക്കുകയും ചെയ്യുമെന്ന് മനസിലാക്കുക. തുടർന്ന് പാപമോചനം നൽകിയ ദൈവത്തിന് നന്ദി പറയുക.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.