കുടുംബത്തില്‍ കാരുണ്യം നിറയ്ക്കാന്‍ അഞ്ചു മാര്‍ഗ്ഗങ്ങള്‍ 

കുടുംബം – ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ്. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മുന്നോട്ടുപോകുമ്പോള്‍ ആ കുടുംബം ഒരു സ്വര്‍ഗ്ഗമായി മാറുന്നു. അവിടെ ദൈവം വസിക്കുന്നു. കുടുംബം സ്വര്‍ഗ്ഗതുല്യമാകണമെങ്കില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം കൂടുതല്‍ ദൃഢമാകേണ്ടതുണ്ട്. സ്‌നേഹം കാരുണ്യപൂര്‍വ്വമായ പ്രവര്‍ത്തികളിലും പരിഗണനയിലും അധിഷ്ടിതമാണ് എന്ന കാര്യം മറക്കരുത്.

കുടുംബാംഗങ്ങള്‍ തമ്മില്‍ കരുണാപൂര്‍വ്വം വര്‍ത്തിക്കുമ്പോഴാണ് അവിടെ സ്‌നേഹം പൂര്‍ണ്ണമാകുന്നത്. കരുണ നിറഞ്ഞ പ്രവര്‍ത്തികള്‍ കുടുംബങ്ങളില്‍ നിറയ്ക്കുവാന്‍ സഹായിക്കുന്ന ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. കുടുംബാംഗങ്ങള്‍ക്കായി ചെറിയ ത്യാഗങ്ങള്‍ ആകാം 

നമ്മുടെ ചെറിയ ചില ഇഷ്ടങ്ങള്‍ നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് സന്തോഷമാകുമെങ്കില്‍ അത് മാറ്റിവയ്ക്കാം. മധുരപലഹാരങ്ങള്‍, ചോക്ക്‌ലേറ്റുകള്‍ തുടങ്ങിയവ നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി, ഭാര്യയ്ക്കു വേണ്ടി, ഭര്‍ത്താവിനു വേണ്ടി ഒക്കെ മാറ്റിവയ്ക്കാം. അത് അവരില്‍ കൂടുതല്‍ സന്തോഷം ഉളവാക്കും.

2. അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ ചെയ്യാം 

പല കുടുംബങ്ങളിലും അടുക്കും ചിട്ടയും ഇല്ലാത്തത് ഒരു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. അവരവരുടെ ഡ്രസ്സുകള്‍ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതും  എടുത്ത സാധനങ്ങള്‍ തിരികെ അവിടെത്തന്നെ വയ്ക്കുന്നതിനും എല്ലാവരും ഒത്തൊരുമിച്ചു പരിശ്രമിക്കണം. പലപ്പോഴും വീട് വൃത്തിയാക്കിയിടുക എന്നത് അമ്മയുടെ അല്ലെങ്കില്‍ ഭാര്യയുടെ മാത്രം കടമായി ഒതുങ്ങുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ഭവനങ്ങള്‍ കൂടുതല്‍ സുന്ദരമാകും.

3. പരാതി പറയുന്നത് നിര്‍ത്താം 

പരാതി പറയുന്ന ശീലം ഒഴിവാക്കുക എന്നത് കുടുംബജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എപ്പോഴും കുറ്റം പറയുന്നതും നെഗറ്റീവ് മാത്രം കണ്ടെത്തുന്നതുമായ ശീലം നല്ലതല്ല. അത് ഒരു വീട്ടിലെ പോസിറ്റീവ് ആയ അന്തരീക്ഷത്തെ ഇല്ലാതാക്കുകയും വീട്ടിലെ അംഗങ്ങളില്‍ ഒരുതരം മടുപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ പരാതി പറയുന്ന ശീലം ഒഴിവാക്കി പരസ്പരം പ്രോത്സാഹിപ്പിക്കുക.

4. ചില സര്‍പ്രൈസുകള്‍ ആകാം 

എന്നും അതിരാവിലെ ഉറക്കം എഴുന്നേറ്റു ജോലികള്‍ ചെയ്യുന്നത് വീട്ടില്‍ അമ്മ അല്ലെങ്കില്‍ ഭാര്യ ആകാം. ഇതിനു ഇടയ്ക്ക് മാറ്റം കൊണ്ടുവരാം. ഇടക്കിടെ ഈ ഉത്തരവാദിത്വങ്ങള്‍ ഭര്‍ത്താക്കന്മാരോ മക്കളോ ഏറ്റെടുത്താല്‍ അത് അവരോടു കാണിക്കുന്ന ഏറ്റവും വലിയ കരുണയാകും. ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്ന ഭര്‍ത്താവിനേയും മക്കളേയും അവര്‍ അനുഗ്രഹമായി കരുതും.

5. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ മറക്കുക 

പണ്ട് നടന്ന കാര്യങ്ങള്‍ ഓര്‍ത്തുവെച്ചു അതിന്റെ പേരില്‍ കുടുംബത്തിലുള്ളവരെ കുറ്റപ്പെടുത്തുന്ന ശീലം ചിലര്‍ക്കുണ്ട്. അത് ശരിയല്ല. കുടുംബത്തിന്റെ സമാധാനം കെടുത്തുവാന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളു. കഴിഞ്ഞകാലത്തെ തെറ്റുകളും കുറ്റങ്ങളും മറക്കുക. അത് കഴിഞ്ഞവയാണ്. അതിനു നിങ്ങളുടെ ജീവിതത്തില്‍ ഇനി സ്ഥാനം ഇല്ല എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്.