കോവിഡ് കാലത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ; ലിസി ഹോസ്പിറ്റലിൽ അധികൃതരെ അഭിനന്ദിച്ച് ഷൈലജ ടീച്ചർ 

കോവിഡ് ലോകത്തെ തീർത്തും ഒരു സ്തംഭനാവസ്ഥയിലേക്കാണ് നയിച്ചത്. കടകമ്പോളങ്ങൾ, സ്വകാര്യ ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എല്ലാം അടഞ്ഞു കിടന്നു. വിജനമായ വഴികൾ. ആകാശ പാതകൾ. എവിടെയും രോഗം പകരുമോ എന്ന ഭീതി മാത്രം. എന്നാൽ ഈ ഭീതിക്കിടയിലും ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുകയും അത് വിജയകരമാക്കുകയും ആ രോഗിയെ പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേയ്ക്കു തിരിച്ചയക്കുകയും ചെയ്തു കൊണ്ട് ഒരു പുതു ചരിത്രം കുറിച്ചത് എറണാകുളത്തെ ലിസി ഹോസ്പിറ്റൽ ആയിരുന്നു. ഈ ഹോസ്പിറ്റലിന്റെ അധികൃതരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ. കെ ഷൈലജ ടീച്ചർ.

കഴിഞ്ഞ ശനിയാഴ്ച ലിസി ആശുപത്രിയുടെ ഡയറക്ടർ ഫാ. പോൾ കരേടനുമായി ഷൈലജ ടീച്ചർ നടത്തിയ വീഡിയോ കോളിലാണ് ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ മന്ത്രി കൈമാറിയത്. ലിസി ആശുപത്രിക്കും, ലീനയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും, ലീനയുടെ മക്കൾക്കും ഷൈലജ ടീച്ചർ അഭിനന്ദനങ്ങൾ നേർന്നു. കോവിഡ് കാരണം ഇവിടെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും അടച്ചിട്ടിരിക്കുകയാണ് അവിടെ എന്താണ് അവസ്ഥ എന്ന് ചോദിച്ച മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രിക്കു മുന്നിൽ ഷൈലജ ടീച്ചർ മാതൃകയായി കാട്ടിയത് ലിസി ഹോസ്പിറ്റലിനെയും അവിടെ കൊറോണ കാലത്ത് നടന്ന ഹൃദയ ശാസ്ത്രക്രിയയെയും ആയിരുന്നു.

ലീന എന്ന യുവതിയിൽ ആണ് ശസ്ത്രക്രിയ നടത്തിയത്. ലാലി എന്ന ടീച്ചറിന്റെ ഹൃദയം ആണ് ലീനയിൽ ചേർത്തുവച്ചത്. സർക്കാർ ഇടപെടലിൽ ഹൃദയം വളരെ വേഗം തന്നെ ലിസി ആശുപത്രിയിൽ എത്തിക്കുകയും ശാസ്ത്രക്രിയ നടത്തുകയും ചെയ്തു. കേക്ക് മുറിച്ച് സന്തോഷം പങ്കു വച്ചാണ് ലീനയെ ലിസി ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്. ലീനയെ തിരികെ സന്തോഷത്തോടെ യാത്രയാകുമ്പോൾ ആ ചടങ്ങിലേക്ക് ആശുപത്രി അധികൃതർ ഷൈലജ ടീച്ചറിനെയും ക്ഷണിച്ചിരുന്നു. ടീച്ചർ അവിടെ എത്തണം എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ അടിയന്തിരമായി വന്ന മീറ്റിങ്ങുകളാൽ അത് നടന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് ഷൈലജ ടീച്ചർ വീഡിയോ കോളിലൂടെ സന്ദേശവും ഒപ്പവും അഭിനന്ദനങ്ങളും കൈമാറിയത്.

ലീനയുടേത് ലിസി ആശുപത്രിയിൽ നടന്ന ഇരുപത്തിനാലാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. ഈ ഒരു ശസ്ത്രക്രിയ വിജയകരമാക്കുവാൻ പരിശ്രമിച്ച എല്ലാവരെയും ഒപ്പം ലാലി ടീച്ചറിന്റെ മക്കളെയും നന്ദിയോടെ അനുസ്മരിച്ചു. ഒപ്പം ഇനിയും സൂക്ഷിക്കണം എന്ന ഓർമ്മപ്പെടുത്തലോടെയാണ് ടീച്ചർ സംഭാഷണം അവസാനിപ്പിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണത്തിനും ഫാ. പോൾ കരേടനും നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.