ഭവനരഹിതർക്ക് കരുതലുമായി ക്രിസ്ത്യൻ സംഘടനകൾ

പകർച്ചവ്യാധിയുടെ ഭീഷണികൾക്കിടയിൽ ലണ്ടനിൽ ഭവനരഹിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇത് രൂക്ഷമാകുന്നത് കുടിയേറ്റ സമൂഹങ്ങളിലാണ്. സ്ഥിരമായി ജോലിയില്ലാത്തവർക്ക് കൊറോണ വരുത്തി വെച്ചത് വളരെയേറെ ദുരിതങ്ങൾ ആണ്. ഇത്തരക്കാർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നുപോലും ഒരു സഹായവും ലഭ്യമല്ല എന്ന് കത്തോലിക്കാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഈ പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഹോട്ടലിൽ താമസ സൗകര്യമൊരുക്കിയ ഭവനരഹിതരായ 15,000 പേരിൽ മൂന്നിലൊന്ന് പേർക്കും ഇപ്പോൾ താമസത്തിന് സ്ഥലമില്ലാത്ത അവസ്ഥയാണ്. “അഭയാർഥികളായ ധാരാളം പേർ തെരുവുകളിൽ കഴിയുന്ന അവസ്ഥയാണുള്ളത്. ജോലി നഷ്ടപ്പെട്ടവരും വീട് നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമല്ല. ഈ അനിശ്ചിത കാലഘട്ടത്തിൽ പ്രത്യേക  പരിഗണന ആവശ്യമുള്ള ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ പൊതു ഫണ്ടുകളുടെ നിയന്ത്രണങ്ങൾ നീക്കണമെന്ന് കത്തോലിക്കാ സഭ വാദിക്കുന്നുണ്ട്.” – മേഫെയറിലെ ഫാം സ്ട്രീറ്റ് ചർച്ചിന്റെ നേതൃത്വം വഹിക്കുന്ന ഫാ. ഡൊമിനിക് റോബിൻസൺ പറയുന്നു.

പകർച്ചവ്യാധിയുടെ സമയങ്ങളിലും ഈ വൈദികൻ തെരുവുകളിൽ കഴിയുന്ന ദരിദ്രരായ ആളുകൾക്ക് വേണ്ടിയുള്ള തന്റെ ശുശ്രൂഷ തുടരുകയാണ്. എന്നാൽ ഇത്തരം ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. “ഇരുപതും മുപ്പതും വയസ് പ്രായമുള്ള ചെറുപ്പക്കാർ ധാരാളം ഇക്കൂട്ടത്തിലുണ്ട്. ഈയൊരു അവസ്ഥയിൽ തെറ്റിലേക്ക് വീഴാനുള്ള ധാരാളം സാധ്യത ഉണ്ട്. അത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.” – അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.