മണ്ണിന്റെ മണമുള്ള അപ്പൻ

[avatar user=”Sheen” size=”120″ align=”right” /]

ഒരു തണുത്ത വെളുപ്പാൻകാലം! ഒരു കട്ടൻചായയുടെ ഊഷ്മളത! തന്റെ കരിയറിൽ ആദ്യമായി, അർദ്ധശതകം തികച്ച് ‘അരിവില’ ഇന്നിംഗ്സ് തുടരുന്നു എന്നതായിരുന്നു അന്നത്തെ ചൂടുള്ള വാർത്ത! ആ വാർത്ത വായിച്ചതോടെ നനുത്ത പുലരിയുടെ ഊഷ്മളതയും ശീതളിമയും നിറഞ്ഞ രംഗപടം ചില്ലുകൊട്ടാരം പോലെ പൊട്ടിത്തകരുകയും പറഞ്ഞറിയിക്കാനാവാത്ത ഒരസ്വസ്ഥത എവിടെയോ പൊട്ടിമുളയ്ക്കുകയും ചെയ്തു.

എങ്കിലും ഉള്ളിൽ ഒരാളോട്, അപ്പോൾ എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും അയാളെ ഓർത്ത് നിറഞ്ഞ അഭിമാനവും തോന്നി. അയാൾ മറ്റാരുമല്ല, പാലക്കുഴി വീട്ടിൽ പരേതനായ ദാനിയേൽ മകൻ ചാക്കോ എന്ന എന്റെ അപ്പൻ തന്നെയാണ്!

അതിനൊരു കാരണമുണ്ട്. ഞാൻ സെമിനാരിയിൽ ചേരുന്നതിനു മുമ്പുള്ള കുട്ടിക്കാലത്ത്, അപ്പന് നല്ല ആരോഗ്യമുണ്ടായിരുന്നതിനാലും അധ്വാനിക്കാനുള്ള മനസ്സുണ്ടായിരുന്നതിനാലും വർഷം മുഴുവൻ സുഭിക്ഷമായി കഴിയാനുള്ള ധാന്യമൊക്കെ അപ്പന്റെ വിയർപ്പിന്റെ ബലത്തിൽ ഞങ്ങളുടെ ഇത്തിരി മണ്ണിൽത്തന്നെ വിളഞ്ഞിരുന്നു. വീട്ടിൽ കഞ്ഞിവയ്ക്കാനുള്ള അരി ഒരിക്കൽപ്പോലും ചന്തയിൽ നിന്നും അക്കാലത്തു വാങ്ങേണ്ടി വന്നിട്ടില്ല! പാടത്തു പൊന്നു വിളയിക്കാൻ കഠിനാധ്വാനം ചെയ്ത അപ്പൻ ഒരു തണുത്ത കാറ്റു കണക്കെ അപ്പോൾ എന്റെ ഹൃദയത്തിലൂടെ കടന്നുപോയി. അപ്പനെന്ന ആ തണലിനെയും തണുപ്പിനേയും അതിതീവ്രമായ ഗൃഹാതുരത്വത്തോടെ ഓർമ്മിച്ചതായിരുന്നു മേൽപ്പറഞ്ഞ വികാര പാരവശ്യത്തിനു കാരണം!

വല്യപ്പൻ ഓഹരി കൊടുത്ത, ആകെയുള്ള ഒരിത്തിരിപ്പാടത്ത്, അൽപ്പം കഷ്ടപ്പെട്ടു വിയർപ്പൊഴുക്കിയിട്ടാണെങ്കിലും, നെല്ലു വിളയിക്കണമെന്നത് അപ്പന്റെ വലിയ ആഗ്രഹവും ആവേശമായിരുന്നു. മണ്ണിന്റെ മനസ്സറിയുന്ന അപ്പനതിൽ വിജയിക്കുകയും ചെയ്തു. മാനത്തെ മഴക്കാറുകളുടെ അലിവും മണ്ണിന്റെ നേരും ചേർത്ത്, തന്റെ വിയർപ്പു വീണു കുഴഞ്ഞ മണ്ണിൽ, അപ്പൻ സ്വന്തമായി വിളയിച്ചെടുത്ത ആ നൂറുമേനിയുടെ പിൻമുറക്കാരന് ആ നന്മയുടെ പേരിൽ അൽപ്പസ്വൽപ്പം അഭിമാനിക്കാൻ അവകാശമില്ലേ?

മുറ്റത്തു കൂട്ടിയ വലിയ അടുപ്പിൻ മീതെ സ്ഥാപിച്ച ചെമ്പിൽ പുഴുങ്ങി, ചാണകം മെഴുകിയ വിശാലമായ മുറ്റത്തു വിരിച്ച പനമ്പൊളി പരമ്പിലേക്ക് പിശുക്കില്ലാതെ ചാഞ്ഞു വീഴുന്ന ചിങ്ങവെയിലിലും മകരച്ചൂടിലും ചിക്കിയുണക്കി, കുത്തിയെടുത്ത്, പാറ്റിപ്പെറുക്കി, തീൻമേശയിൽ വിളമ്പാൻ അപ്പൻ അമ്മയെ ഏൽപ്പിച്ച ആ ധാന്യമണികൾ സത്യത്തിൽ അപ്പൻ ഞങ്ങൾക്കായി സമ്പാദിച്ച പൊൻമണികൾ തന്നെയായിരുന്നു.
ഒരു ശരാശരി കുടുംബത്തിന്റെ ആത്മശരീരങ്ങളുടെ വിശപ്പുകൾക്കു മുന്നിലേക്ക് അപ്പൻ വിളമ്പിവച്ച ആവിപറക്കുന്ന ആ ചെമ്പാവരിച്ചോറിൽ ഞങ്ങളപ്പന്റെ സ്നേഹം മണത്തു! സ്വന്തം അധ്വാനത്തിൽ വിളഞ്ഞ ഓരോ നെന്മണിയിലും അപ്പൻ ഞങ്ങളുടെ പേരുകൾ കുറിച്ചിട്ടിരുന്നുവത്രേ! ചോദിക്കുന്ന പണം കൊടുത്ത് എണ്ണി വാങ്ങേണ്ടി വരുന്ന ‘ബ്രാൻഡഡ്’ അരിമണികൾക്കൊപ്പം ഇന്നു കിട്ടാതെ പോകുന്നത് ആ കരുതലും സ്നേഹവുമാണ്. വയർ നിറയുന്നുണ്ട്, പക്ഷെ വിശപ്പുകളൊടുങ്ങുന്നില്ല!

ചുറ്റുമുള്ള പാടശേഖരങ്ങളൊക്കെ വാഴത്തോപ്പുകളായും മരച്ചീനിത്തോട്ടങ്ങളായും പരിവർത്തനം ചെയ്യപ്പെടുകയും അവയ്ക്ക് അസ്തിത്വഭ്രംശം സംഭവിക്കുകയും ചെയ്ത അക്കാലത്തൊന്നും നെൽപ്പാടങ്ങളെ ഒറ്റുകൊടുക്കാൻ അപ്പൻ തയ്യാറായില്ല. ‘പാടത്തു വിളയേണ്ടത് നെല്ലാണ്, അതു മണ്ണിന്റെ നേരാണ്’! അതായിരുന്നു അപ്പന്റെ ഗൂഢമായ തത്വശാസ്ത്രം!

പക്ഷെ അധികകാലം ആ നേരിൽ വേരുറപ്പിച്ചു നിൽക്കാൻ അപ്പനായില്ല. കാലത്തിന്റെ സമ്മർദ്ദത്തിൽ അപ്പന് ആദർശങ്ങളെ പൊളിച്ചെഴുതേണ്ടി വന്നു. കാലംതെറ്റി പെയ്യാൻ തുടങ്ങിയ മഴക്കാറുകളും നീർവറ്റി, മാനത്തുകണ്ണികൾ ദാഹിച്ചു മരിച്ച കൈത്തോടുകളും കൊയ്ത്തിനും മെതിക്കും പാടത്തിറങ്ങാൻ മടിക്കുന്ന പുത്തൻ തലമുറയുടെ ജാഡകളും കണ്ടു മടുത്ത അപ്പൻ, മറ്റുവഴിയില്ലാതെ കണ്ണീരോടെയാണ് പാടത്തു പണകോരി കപ്പ നട്ടത്!

അതുവരെ വർഷത്തിൽ രണ്ടു തവണയാണ് പാടത്തു നിന്ന് സ്വർണ്ണനിറമുള്ള നെന്മണിക്കതിരുകൾ പടികയറി മുറ്റത്തു വന്നു കൊണ്ടിരുന്നത്. ഒന്നു ചിങ്ങത്തിലും മറ്റൊന്ന് മകരത്തിലും. ഒരു തവണ കൊയ്ത്തു കഴിഞ്ഞാൽ പാടം അലസയായിക്കിടക്കാൻ അപ്പൻ സമ്മതിക്കുമായിരുന്നില്ല. വെളുപ്പിനുണർന്ന് ഒരു കാലിച്ചായയുടെ ബലത്തിൽ ഒരു തൂമ്പായും തോളിൽ വച്ച് ഒറ്റപ്പോക്കാണ് പാടത്തേക്ക്. കൊയ്ത്തു കഴിഞ്ഞ പാടം മഞ്ഞിൻ പുതപ്പണിഞ്ഞ് അപ്പനു വേണ്ടി കാത്തു കിടക്കും. ആലസ്യത്തിലാണ്ട മണ്ണും അപ്പന്റെ മനസ്സും തമ്മിലുള്ള സംവേദനം നടന്നിരുന്നത് ആ ദിവസങ്ങളിലാണ്. ഏതാനും ദിവസങ്ങൾ കൊണ്ട് പാടം മുഴുവൻ കിളച്ചു മറിച്ച് മണ്ണിന്റെ ഇല്ലായ്മകളും വല്ലായ്മകളുമെല്ലാം അപ്പൻ തിരിച്ചറിയും. അതു പരിഹരിച്ചാൽ മണ്ണിന്റെ ഹൃദയത്തിലേക്കെറിയുന്ന ഒരോ വിത്തിനും അവൾ നൂറുമേനി പകരം തരുമെന്ന് അപ്പനറിയാം.

സ്കൂളില്ലാത്ത ദിവസങ്ങളിൽ പാടത്തേക്ക് അപ്പന് പ്രാതലും കഞ്ഞിയുമൊക്കെ കൊണ്ടു പോകേണ്ട ചുമതല എനിക്കായിരുന്നു. വയൽവരമ്പിൽ അപ്പന്റെയടുത്തിരുന്ന് പ്ലാവിലത്തുമ്പിൽ ചൂടുള്ള കഞ്ഞി ഊതിക്കുടിക്കുമ്പോൾ ചേറും വിയർപ്പും കലർന്ന അപ്പന്റെ ഗന്ധമായിരുന്നു ഏറ്റവും സ്വാദിഷ്ഠമായ കറി!

ഉഴുതുമറിച്ചു, കട്ടയുടച്ച പാടത്തു വെള്ളം നിറഞ്ഞു കഴിയുമ്പോൾ മുട്ടറ്റമുണ്ടാവും ചേറിന്റെ താഴ്ച. കളകളെല്ലാം നീക്കം ചെയ്തു കഴിഞ്ഞാലും പിന്നെയും അവിടവിടെ തലനീട്ടി നിൽക്കുന്ന അഹങ്കാരിക്കളകളെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താൻ അപ്പൻ എന്നെ നിയോഗിക്കാറുണ്ടായിരുന്നു. ചേറിൽ കളിക്കാനും, അന്നം തേടിയെത്തുന്ന അസംഖ്യം കൊറ്റികളും ഇരകളും തമ്മിലുള്ള ഒളിച്ചുകളികളാസ്വദിക്കാനും കിട്ടിയ അവസരങ്ങൾ ഞാൻ ഒരിക്കലും പാഴാക്കിയിരുന്നില്ല. പ്രകൃതിയോടുള്ള അത്തരം ഇടപെടലുകൾ നൽകിയ പാഠങ്ങൾക്കു പകരമാവാൻ ഇന്നത്തെ ‘വെർച്ച്വൽ’ ഇടപെടലുകൾക്ക് ഒരിക്കലും കഴിയില്ല.

വിതക്കാലമടുക്കുമ്പോൾ തലേയാണ്ടത്തെ വിളവിൽ നിന്നു വേർതിരിച്ചു പത്തായത്തിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന നെൽവിത്തുകളിൽ ഒരു പിടി വാരിയെടുത്ത് വെള്ളത്തിൽ കുതിർത്ത് വട്ടയിലയിൽ പൊതിഞ്ഞു വാഴനാരു കൊണ്ടു കെട്ടിവയ്ക്കും. രണ്ടു രാത്രികൾക്കുള്ളിൽ വിത്തുകൾ മുളച്ചിരിക്കും. വിതയ്ക്കുന്ന വിത്തുകളെത്രയെണ്ണം മുളയ്ക്കുമെന്നറിയാനുള്ള അപ്പന്റെ വിദഗ്ദ പരിശോധനയായിരുന്നു അത്. വട്ടയിലപ്പൊതിക്കുള്ളിൽ ചൂടേറ്റു പൊട്ടി മുളച്ച വിത്തുകൾക്കൊരു പ്രത്യേക മണമാണ്. മറക്കാൻ പറ്റാത്ത ഒരപൂർവ സുഗന്ധം!

കാളയെ പൂട്ടി നിലമുഴുത് ഒടുവിൽ മരമടിച്ചു പാടം നിരപ്പാക്കിയാണ് വിത്തു വിതറിയിരുന്നത്. വിതയുടെ ആ ദിവസം ഒരുത്സവമാണ്. അപ്പന് എല്ലാം കൃത്യമായിരുന്നു. വിത കഴിഞ്ഞാൽ വെട്ടം വീഴുന്നതു മുതൽ ഇരുട്ടു വീഴുന്നതു വരെ പാടവരമ്പിൽ കാവലുണ്ടാവണം. അല്ലെങ്കിൽ നിനച്ചിരിക്കാതെ വന്നിറങ്ങുന്ന വമ്പൻ പ്രാവിൻ കൂട്ടങ്ങളും മറ്റു പക്ഷിക്കൂട്ടങ്ങളും നിമിഷ നേരം കൊണ്ടു പാടം കാലിയാക്കും; പാടം മാത്രമല്ല, തുടർന്ന് പത്തായവും! വിത്തുകൾ പൊട്ടി മുളച്ചു വേരോടി, പാടം പച്ച പുതയ്ക്കും വരെ വിതച്ച പാടത്തിനു കാവൽ കിടക്കേണ്ട ചുമതല, മധ്യവേനലവധിക്കാലത്ത് ഞങ്ങൾ കുട്ടികൾക്കായിരുന്നു. ഊണും ഉറക്കവുമെല്ലാം പാടവരമ്പിൽത്തന്നെ!

ചില നന്മകൾ യാഥാർത്ഥ്യമാവണമെങ്കിൽ ക്ഷമയോടും സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നേരോടെ കാത്തിരിക്കണമെന്ന പാഠം പഠിപ്പിക്കുകയായിരുന്നു അപ്പൻ!
പിന്നെ മൂന്നു നാലു മാസമുണ്ട് വിളവെടുപ്പിന്. കൊയ്ത്തുകാലം ശരിക്കും അമ്മയ്ക്കു കഷ്ടപ്പാടിന്റെ കാലമാണ്. കൊയ്ത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ മുറ്റമെല്ലാം അമ്മ ചാണകം മെഴുകി വൃത്തിയാക്കും. കൊയ്തെടുത്ത കതിരുകൾ കറ്റകളാക്കി അടുക്കി വയ്ക്കുന്നത് അവിടെയാണ്. മെഴുകിയ ചാണകത്തറയിൽ അമ്മയുടെ കൈവിരൽപ്പാടുകൾ മഴവില്ലു പോലെ പതിഞ്ഞു കിടക്കും. മുറ്റം വൃത്തിയാകുമെങ്കിലും തറയിലുരഞ്ഞു മുറിവേറ്റ, നഖങ്ങൾക്കിടയിൽ അഴുക്കു നിറഞ്ഞ, അമ്മയുടെ കൈവിരലുകൾ കാണുമ്പോൾ സങ്കടം തോന്നും. അല്ലെങ്കിലും നമ്മുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെ മഴവില്ലുകൾ വിരിയിക്കാൻ നമ്മുടെ അമ്മമാർ എന്തുമാത്രം മുറിവേൽക്കുന്നുണ്ട്!

കറ്റമെതിച്ച്, പതമളന്ന് കൊയ്ത്തുകാർ മടങ്ങുമ്പോൾ എപ്പോഴും രണ്ടിടങ്ങഴി കൂടുതലളന്ന് അമ്മ അവരുടെ സഞ്ചി നിറയ്ക്കാറുണ്ടായിരുന്നു. അതിന് അപ്പന്റെ മൗനാനുവാദമുണ്ടായിരുന്നു. ആ മുറ്റത്തു നിന്ന് സങ്കടത്തോടെ ആരും മടങ്ങരുതെന്ന് അപ്പന് നിർബന്ധമുണ്ടായിരുന്ന പോലെ. മുന്നിൽ വരുന്നവരെ സങ്കടത്തോടെ മടക്കി അയയ്ക്കരുതെന്ന പാഠം പഠിപ്പിച്ചത് അപ്പനെന്ന സർവകലാശാലയാണ്. പ്രാവർത്തികമാക്കാൻ എത്ര പ്രയാസമുള്ള പാഠമാണതെന്ന് പിന്നീടാണു മനസ്സിലായത്!

മെതിച്ചു കൂട്ടിയ നെല്ലും പതിരും പാറ്റിയെടുക്കാൻ അടുത്ത വീട്ടിൽ നിന്ന്, നന്നേ പ്രായമുള്ള ഒരമ്മ വരുമായിരുന്നു. ‘മേമ’ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾ കഠിനമായി ജോലി ചെയ്തിട്ടാവണം ശരീരം വല്ലാതെ വളഞ്ഞു പോയൊരമ്മ. നടക്കാൻ തന്നെ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന അവർ രാവിലെ വന്നാലുടൻ നെൽക്കൂമ്പാരത്തിനരികിൽ തന്റെ ഇടം കണ്ടെത്തും. പിന്നെ ഇരുട്ടു വീഴും വരെ ചാണകം തേച്ച മുറത്തിനുള്ളിൽ നെല്ലും പതിരും ഇടതടവില്ലാതെ തല്ലുകൂടുന്ന ശബ്ദം കേട്ടുകൊണ്ടേയിരിക്കും. അടുത്തു ചെന്നാൽ പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് കുശലങ്ങൾ പറയും. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയിൽ അവരോടു മത്സരിക്കാൻ അക്കാലത്ത്, അന്നാട്ടിൽ ആരുമുണ്ടായിരുന്നില്ല!

കൊയ്ത്തും മെതിയും കഴിഞ്ഞാലും ജോലികളവസാനിക്കുന്നില്ല. കച്ചിയുണക്കലും കച്ചിത്തുറു കൂട്ടലുമൊക്കെയായി കുറെ ദിവസങ്ങൾ ‘പോസ്റ്റ് ഹാർവെസ്റ്റ് ഫെസ്റ്റിവലാണ്’. ഒരാണ്ട് സ്കൂളിൽ പഠിക്കുന്നതിന്റെ എത്രയോ മടങ്ങ് പ്രായോഗിക പാഠങ്ങളാണ് ഒരവധിക്കാലം സമ്മാനിച്ചിരുന്നത്!

അന്ന് പാടശേഖരങ്ങളായിരുന്ന സ്ഥലങ്ങൾ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ പോലുമാവാത്ത പോലെ മാറിപ്പോയിരിക്കുന്നു. ഇന്ന് പാടങ്ങളില്ല, വരമ്പുകളില്ല, കൈത്തോടുകളില്ല, മാനത്തുകണ്ണികളില്ല, വിതയില്ല, കൊയ്ത്തില്ല, മെതിയില്ല, മണ്ണിൽ തൊടാൻ മനസ്സുള്ളവരില്ല, നന്മയുള്ള മനുഷ്യരില്ല, പക്ഷികളില്ല, പ്രകൃതിയില്ല, അന്നമില്ല, വെള്ളമില്ല, വെളിച്ചമില്ല, തണലില്ല, തണുപ്പില്ല, പച്ചമരക്കാടുകളില്ല…!
നഷ്ടപ്പെട്ടത് നന്മയുടെ കുറെ കതിരുകൾ മാത്രമല്ല; ഒരു സംസ്കാരവും പൈതൃകവുമാണ്. കുട്ടിക്കാലത്തെങ്കിലും എല്ലാം കണ്ടും കേട്ടും തൊട്ടും മണത്തുമൊക്കെ അനുഭവിക്കാൻ ഭാഗ്യമുണ്ടായത് മണ്ണിന്റെ മണമുള്ള ഒരപ്പനുണ്ടായിരുന്നതു കൊണ്ടാണ്!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.