മരിയൻ കഥകൾ 17

വി. കൊച്ചുത്രേസ്യയുടെ സ്വയംകൃത ചരിത്രത്തില്‍, പുണ്യവതി രോഗം പിടിപെട്ടു മരണാസന്നയായി കിടന്നപ്പോള്‍ പ. കന്യകാമറിയം പ്രത്യക്ഷപ്പെട്ട് രോഗശാന്തി നല്‍കിയ കാര്യം വിവരിച്ചിട്ടുണ്ട്. ഒരു ദിവസം കൊച്ചുത്രേസ്യയുടെ പിതാവ് ദുഃഖപരവശനായി അവളുടെ മുറിയില്‍ കടന്നുചെന്നു. കൊച്ചുത്രേസ്യയുടെ ജ്യേഷ്ഠസഹോദരിയായ മരിയായുടെ കൈയില്‍ ഏതാനും സ്വര്‍ണനാണയം കൊടുത്തിട്ടു, കൊച്ചുറാണി സുഖം പ്രാപിക്കുവാന്‍ ദൈവമാതാവിന്‍റെ പള്ളിയില്‍ നവനാള്‍ കുര്‍ബാന ചൊല്ലണമെന്ന് എഴുതി അയയ്ക്കാന്‍ പറഞ്ഞു. നവനാളിന്‍റെ ഇടയില്‍ ഒരു ഞായറാഴ്ച ദിവസം മരിയ, ലെയോണി, സെലിന്‍ എന്നീ സഹോദരിമാര്‍ തങ്ങളുടെ അനുജത്തിയായ കൊച്ചുറാണിയുടെ കിടക്കയ്ക്കരുകില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

വിശ്വാസത്തോടു കൂടിയ ആ നിലവിളി സ്വര്‍ഗ്ഗവാതില്‍ മുറിച്ചു കടക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഭാഗം സ്വയംകൃത ചരിത്രത്തില്‍ നിന്നു തന്നെ നമുക്കു വായിക്കാം. “പെട്ടെന്ന്‍ മാതാവിന്‍റെ സ്വരൂപം ഉയിരും കാന്തിയുമുള്ളതായി തീര്‍ന്നു. ആ ദിവ്യസൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ ഒരിക്കലും സാധ്യമല്ല. പരിശുദ്ധ അമ്മയുടെ മുഖത്ത് അവാച്യമായ കരുണയും മാധുര്യവും കളിയാടുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടുവരെ തുളഞ്ഞു കയറിയത് അവിടുത്തെ മനോഹരമായ മന്ദസ്മിതമാണ്”.

തല്‍ക്ഷണം എന്‍റെ വേദനമാറി, കണ്ണുകള്‍ നിറഞ്ഞ് മനോവികാരങ്ങളാല്‍ പൂരിതമായി. സ്നേഹപൂര്‍വ്വം എന്‍റെ സഹോദരി മരിയ അപ്പോള്‍ എന്നെ നോക്കുകയായിരുന്നു. മറിയം മുഖാന്തിരമാണ് എനിക്കു രോഗശാന്തിക്കുള്ള അത്ഭുതകരമായ അനുഗ്രഹം, പരി.കന്യകയുടെ മന്ദഹാസം ലഭിച്ചതെന്നുള്ളതിനു സംശയമില്ല. ആ സ്വരൂപത്തിനുമേല്‍ ഞാന്‍ കണ്ണുകളുറപ്പിച്ചു നോക്കുന്നതു കണ്ടപ്പോള്‍ “ത്രേസ്യായ്ക്കു സുഖമായി” എന്നു മരിയ വിളിച്ചു പറഞ്ഞു. യാഥാര്‍ത്ഥൃവും അതുതന്നെയായിരിന്നു. ചെറുപുഷ്പം വീണ്ടും അനേകം കാലം ജീവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.