പ്രഥമ വയോധിക ദിനാചരണത്തിന്റെ ആപ്തവാക്യം പ്രസിദ്ധീകരിച്ചു

മുത്തശ്ശീ മുത്തശ്ശന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായി വത്തിക്കാന്‍ പ്രഖ്യാപിച്ച ആഗോളദിനാചരണത്തിന്റെ ആപ്തവാക്യം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ‘ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്’ എന്ന തിരുവചനമാണ് ജൂലൈ 25-ന് ആഘോഷിക്കുന്ന പ്രഥമ വയോധിക ദിനാചരണത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രായമായവരോടുള്ള ക്രിസ്തുവിന്റെയും സഭയുടെയും സാമീപ്യമാണ് ഈ ആപ്തവാക്യത്തില്‍ ഉള്‍ക്കൊള്ളുന്നതെന്ന് ‘അത്മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും’ വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി വ്യക്തമാക്കി. വയോധികര്‍ക്കായുള്ള ദിനാചരണം സഭയില്‍ ആരംഭിക്കുന്ന വിവരം കഴിഞ്ഞ ജനുവരിയിലാണ് പാപ്പാ അറിയിച്ചത്.

“ഓരോ കുടുംബത്തിലെയും മുത്തശ്ശീ മുത്തശ്ശന്മാരെ പലപ്പോഴും നാം മറന്നുപോകുന്നു. സത്യത്തില്‍ അവരാണ് പുതുതലമുറയ്ക്ക് വിശ്വാസം പകര്‍ന്നു നല്‍കുന്നവരില്‍ പ്രധാനികള്‍. ദൈവത്തിന്റെ ദാനങ്ങളെ വാഴ്ത്തുകയും ജനതയുടെ വേരുകളെ ഉറപ്പിക്കുകയും ചെയ്യുന്നവരാണ് വയോധികര്‍. അവരുടെ ശബ്ദം വിലപ്പെട്ടതാണ്”  – ദിനാചരണ സന്ദേശമായി പാപ്പാ പറഞ്ഞു.

യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വി. യോവാക്കിം – അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച ദിനാചരണത്തിനായി പാപ്പ തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.