ദൈവം നിങ്ങളുടെ നിരാശയും ദു:ഖവും നീക്കി പേര് ചൊല്ലി വിളിക്കും – ഫ്രാന്‍സിസ് പാപ്പ

ഉത്ഥിതനായ ക്രിസ്തുവിനെ ആദ്യം കണ്ട വ്യക്തിയാണ് മഗ്ദലേന മറിയം എന്ന് ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന. ”ഭയപ്പാടോടു കൂടിയാണ് മറിയം ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുടെ അടുക്കല്‍ എത്തിയത്. കാരണം കല്ലറയുടെ മൂടി മാറിക്കിടക്കുന്നത് കണ്ടപ്പോള്‍ കള്ളന്‍മാര്‍ അവിടുത്തെ മൃതദേഹം കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നാണ് അവള്‍ വിചാരിച്ചത്. എന്നാല്‍ ഈ ചിന്ത അവളില്‍ ഉണ്ടായ നിമിഷം തന്നെ ക്രിസ്തു അവള്‍ക്ക്  മുന്നില്‍ പ്രത്യക്ഷനായി.” പാപ്പ വിശദീകരിക്കുന്നു. ജനറള്‍ ഓഡിയന്‍സില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. പ്രത്യാശയുടെ കേന്ദ്രബിന്ദു എന്നാണ് പാപ്പ മഗ്ദലേന മറിയത്തെ വിശേഷിപ്പിച്ചത്.

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ അനുഭവം വ്യക്തിപരമായി ലഭിക്കുന്ന അനുഭവം വളരെ മനോഹരമായിരിക്കുമെന്ന് പാപ്പ പറയുന്നു. നമ്മുടെ പ്രത്യാശകളും പ്രതിസന്ധികളും പൂര്‍ണ്ണമായി അറിയുന്നവന്‍, നമ്മെ പേര് ചൊല്ലി വിളിച്ച് നമുക്ക് വേണ്ടി ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. അത്തരം മനോഹരമായ ഒരവസ്ഥയിലൂടെയാണ് മറിയം കടന്നു പോയത്.

”പ്രത്യാശയോടെ ചിന്തിക്കുക. ഹൃദയത്തില്‍ നിന്ന് നിരാശയെയും സങ്കടങ്ങളെയും ദൂരെ എറിയുക. ദൈവം നമ്മുടെ തൊട്ടടുത്ത് നിന്ന് പേര് ചൊല്ലി വിളിക്കുന്നു എന്നറിയുക. അവിടുത്തെ വാക്കുകള്‍ ഇപ്രകാരമാണ്. ‘കരയണ്ട, എഴുന്നേല്‍ക്കൂ, നിന്നെ സ്വതന്ത്രയാക്കാന്‍ ഞാന്‍ വന്നു കഴിഞ്ഞു’ ഇങ്ങനെ പറയുന്ന ദൈവത്തിന്റെ കരങ്ങളില്‍ മുറുകെ പിടിച്ച് നാം മുന്നോട്ട് നീങ്ങുക. ആര്‍ക്കും  നിങ്ങളെ തകര്‍ക്കാനാവില്ല” മനുഷ്യന്റെ സങ്കടങ്ങളില്‍ അലസനാകുന്നവനല്ല ദൈവം, അതിനാല്‍ പ്രത്യാശയോടെ മുന്നോട്ട് ജീവിക്കുക എന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ ജനറല്‍ ഓഡിയന്‍സ് പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.