പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പുത്രീസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുത്രീസംഗമം സംഘടിപ്പിച്ചു. ഇടവകയില്‍ നിന്ന് വിവാഹം കഴിച്ചയച്ചവരും ഇടവകയിലേക്ക് വിവാഹിതരായി എത്തിയവരുമായ വനിതകളെ ഉള്‍ച്ചേര്‍ത്താണ് സംഗമം സംഘടിപ്പിച്ചത്.

വികാരി ഫാ. സൈമണ്‍ പുല്ലാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ക്‌നാനായ മാതൃത്വം സ്‌നേഹത്തിനും കരുണക്കും പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മാത്രമേ ക്‌നായി തോമായും ഉറഹാ മാര്‍ യൗസേപ്പും പങ്കുവച്ച സാഹോദര്യപാതയില്‍ മുന്നേറാന്‍ നമുക്കു കഴിയുകയുള്ളൂ എന്ന് ഉദ്ഘാടനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെസി ജേക്കബ്, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ സൈമണ്‍ ആറുപറയില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജെയ്‌സി വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിനു തുടക്കമായത്. 1897 -ല്‍ സ്ഥാപിതമായ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ കര്‍മ്മപരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സംഘടിപ്പിച്ച സംഗമം വേറിട്ട കാഴ്ചയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.