പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 96 – വി. ലിയോ III (750-816)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 795 ഡിസംബർ 26 മുതൽ 816 ജൂൺ 12 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വി. ലിയോ മൂന്നാമൻ. റോമിൽ അത്യുപ്പിയസിന്റെയും എലിസബത്തിന്റെയും മകനായി എ.ഡി. 750 -ലാണ് അദ്ദേഹം ജനിക്കുന്നത്. പോപ്പ് അഡ്രിയാൻ ലിയോയെ റോമിലെ സാന്താ സൂസന്ന ദേവാലയത്തിന്റെ ചുമതലക്കാരനായി നിയമിക്കുന്നു. ഈ സമയം മാർപാപ്പയുടെ ഭണ്ഡാര വിചാരിപ്പുകാരനായും അദ്ദേഹം ജോലി നോക്കുന്നു. അഡ്രിയാൻ മാർപാപ്പയുടെ കബറടക്കം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ലിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തു. അതിന്റെ കാരണമായി പറയപ്പെടുന്നത് ഫ്രാങ്കിഷ്‌ രാജാക്കന്മാരുടെ ഇടപെടൽ മാർപാപ്പ തിരഞ്ഞെടുപ്പിൽ ഒഴിവാക്കുന്നതിനു വേണ്ടി ആയിരുന്നുവെന്നാണ്.

തന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഷാർളമൈൻ രാജാവിന് ലിയോ മാർപാപ്പ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു കത്തയക്കുന്നു. അതിനുള്ള മറുപടിയിൽ ഷാർളമൈൻ മാർപാപ്പയെ അഭിനന്ദിക്കുകയും തന്റെ സ്നേഹം വെളിപ്പെടുത്തുന്നതിനായി ധാരാളം സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു. ഷാർളമൈൻ രാജാവിന്റെ ഉദാരസഹായങ്ങൾ റോമിലെ കാരുണ്യസ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിന് മാർപാപ്പയെ വളരെയധികം സഹായിച്ചു. ഷാർളമൈൻ എഴുതിയ കത്തിൽ സഭയെ സംരക്ഷിക്കുക തന്റെ ദൗത്യമാണെന്നും അതുപോലെ തന്റെ രാജ്യത്തിനും പ്രവർത്തനങ്ങളുടെ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കേണ്ടത് മാർപാപ്പയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹത്തെ ഓർമ്മപ്പെടുത്തി.

ഈ സമയം റോമിലെ സാധാരണക്കാരനായിരുന്ന ലിയോയ്ക്ക് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ പ്രഭുക്കന്മാർ മാർപാപ്പയ്ക്കെതിരെ ഗൂഢാലോചന നടത്തി. അദ്ദേഹം വിശുദ്ധ കുർബാനയ്ക്കായി പോകുന്ന സമയത്ത് അക്രമിക്കുകയും പിന്നീട് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെ നിന്നും രക്ഷപെട്ട ലിയോ മാർപാപ്പ ജർമ്മനിയിലെ പാദർബോൺ എന്ന സ്ഥലത്തു ചെന്ന് ഷാർളമൈൻ രാജാവിനെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ ശത്രുക്കൾ ആരോപിച്ച കുറ്റങ്ങളെല്ലാം വ്യാജമാണെന്ന് തെളിയുകയും ഷാർളമൈന്റെ നേതൃത്വത്തിൽ റോമിലെ നടന്ന കൗൺസിലിൽ വച്ച് മാർപാപ്പയെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. അതേ തുടർന്ന് എ.ഡി. 800 ഡിസംബർ 25 -ന് വി. പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ ബലിമദ്ധ്യേ ലിയോ മാർപാപ്പ ഷാർളമൈൻ രാജാവിന്റെ ശിരസ്സിൽ കിരീടമണിയിച്ചു അദ്ദേഹത്തെ വിശുദ്ധ റോമൻ ചക്രവർത്തിയായി വാഴിക്കുകയും ചെയ്തു. ഇത് നീണ്ടകാലത്തെ റോമിന്റെ മേലുള്ള ബൈസന്റൈൻ ആധിപത്യം ഇല്ലാതാക്കുകയും പുതിയൊരു അധികാര സംവിധാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന ലിയോയുടെ തിരുനാൾ ജൂൺ 12 -ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.