പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 95 – അഡ്രിയാൻ I (700-795)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 772 ഫെബ്രുവരി 1 മുതൽ 795 ഡിസംബർ 25 വരെ സഭയെ നയിച്ച മാർപാപ്പയാണ് അഡ്രിയാൻ ഒന്നാമൻ. റോമിലെ ഒരു പ്രഭുകുടുംബത്തിൽ തിയഡോറിന്റെ മകനായി എ.ഡി. 700 -ൽ അദ്ദേഹം ജനിച്ചു. ഏതാണ്ട് 24 വർഷത്തോളം നീണ്ട ചരിത്രത്തിലെ അഞ്ചാമത്തെ ദീർഘമേറിയ മാർപാപ്പ ഭരണമായിരുന്നു അഡ്രിയാന്റേത്. സ്റ്റീഫൻ മൂന്നാമൻ മാർപാപ്പയുടെ കാലത്ത് ഡീക്കനായിരുന്ന അഡ്രിയാനെ ഐക്യകണ്ഠേനയാണ് മാർപാപ്പ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്.

തങ്ങളുടെ പ്രദേശങ്ങൾ വ്യാപിപ്പിക്കുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ലൊംബാർഡുകൾ സഭയുടെ കൈവശം വച്ചിരുന്ന ഭൂസ്വത്തുക്കൾ പിടിച്ചെടുക്കുന്നതിന് എപ്പോഴും പരിശ്രമിച്ചിരുന്നു. പെപ്പിൻ രാജാവിന്റെ മക്കളായ ഷാർളമൈനും കാർലോമൻ ഒന്നാമനും തമ്മിൽ ഇക്കാലയളവിൽ അധികാരത്തർക്കം ഉടലെടുത്തു. കാർലോമൻ ഒന്നാമന്റെ പരമ്പരയെ ഫ്രാങ്കിഷ്‌ രാജാക്കന്മാരായി പ്രഖ്യാപിക്കാനുള്ള ആവശ്യം അഡ്രിയാൻ മാർപാപ്പ നിരസിച്ചപ്പോൾ പേപ്പൽ സ്റ്റേറ്റ് പിടിച്ചെടുക്കാൻ അവർ ശ്രമിച്ചു. എന്നാൽ ഷാർളമൈൻ രാജാവ് ഈ പിടിച്ചെടുത്ത പ്രദേശങ്ങൾ മോചിപ്പിച്ചു സഭയ്ക്ക് തിരികെ നൽകുന്നു. ഇതിന്റെ സ്മരണക്കായി മാർപാപ്പ ഒരു നാണയം പുറത്തിറക്കുകയും ബൈസന്റൈൻ സാമ്രാജ്യബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ഫ്രാങ്കിഷ്‌ രാജാവായ ഷാർളമൈനുമായുള്ള ബന്ധം വിപുലപ്പെടുത്തുകയും ചെയ്തു.

ഷാർളമൈൻ രാജാവ് പേപ്പൽ സ്റ്റേറ്റിന്റെ അതിർത്തികൾ നിർണ്ണയിക്കുന്നതിനായി മൂന്ന് പ്രാവശ്യം റോം സന്ദർശിക്കുകയുണ്ടായി. അന്ന് നിശ്ചയിച്ച ഈ സംവിധാനം പേപ്പൽ സ്റ്റേറ്റ് ഇല്ലാതായ 1870 വരെ തുടരുകയും ചെയ്തു. അതുപോലെ തന്നെ അഡ്രിയാൻ മാർപാപ്പയുടെ കാലത്ത് നടന്ന പ്രധാന സംഭവമായിരുന്നു എ.ഡി. 787 -ലെ രണ്ടാം നിഖ്യാ സുന്നഹദോസ്. ഇവിടെ വച്ചാണ് പൗരസ്ത്യസഭയുടെ “ഐയ്ക്കണോക്ലാസ്സം” തള്ളിക്കളയുകയും ദേവാലയങ്ങളിൽ ഐയ്ക്കണും മറ്റും ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തത്. ഷാർളമൈൻ രാജാവിന്റെ ഭരണം മൂലമുണ്ടായ സമാധാനാന്തരീക്ഷം സഭയുടെ വളച്ചയെയും വലുതായി സഹായിച്ചു. പല ദേവാലയങ്ങളും ഇക്കാലയളവിൽ പുനരുദ്ധരിക്കുകയും ടൈബർ നദിയുടെ ഇരുകരകളിലും വെള്ളപ്പൊക്കം തടയുന്നതിനായി മതിലുകൾ നിർമ്മിക്കുകയും റോമിലെ പ്രസിദ്ധമായ ജലവിതരണ സംവിധാനം (aqueducts) മാർപാപ്പ നവീകരിക്കുകയും ചെയ്തു. കൂടാതെ പാവങ്ങളെ സംരക്ഷിക്കുന്നതിനും ആശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയിടങ്ങളിലെ വരുമാനം കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനും മാർപാപ്പ ശ്രദ്ധിച്ചു. എ.ഡി. 795 -ൽ ക്രിസ്തുമസ് ദിനത്തിൽ കാലം ചെയ്ത അഡ്രിയാൻ മാർപാപ്പയുടെ വിയോഗം അറിഞ്ഞ ഷാർലമൈൻ രാജാവ് തനിക്കൊരു സഹോദരനെ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതികരിച്ചത്. അഡ്രിയാൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.