പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 90 – വി. ഗ്രിഗറി (669-741)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 731 ഫെബ്രുവരി 11 മുതൽ 741 നവംബർ 28 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഗ്രിഗറി മൂന്നാമൻ. സിറിയയിൽ ജോണിന്റെ മകനായി എ.ഡി. 669 -ൽ ഗ്രിഗറി മൂന്നാമൻ മാർപാപ്പ ജനിച്ചു. ഗ്രിഗറി രണ്ടാമൻ മാർപാപ്പയുടെ ശവസംസ്കാരം അവസാനിച്ചയുടനെ അവിടെ കൂടിയവർ ഇദ്ദേഹത്തെ മാർപാപ്പയായി തിരഞ്ഞെടുത്തു എന്നാണ് പാരമ്പര്യം. ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പിനു മുൻപായി യൂറോപ്പിന് പുറത്തു നിന്ന് ഈ സ്ഥാനത്തേയ്ക്ക് വരുന്ന അവസാനത്തെ ആളാണ് ഗ്രിഗറി മൂന്നാമൻ. മാത്രമല്ല ചക്രവർത്തിയുടെ പ്രതിനിധിയിൽ നിന്നും അനുവാദം വാങ്ങി സ്ഥാനാരോഹണം നടത്തിയ അവസാനത്തെ മാർപാപ്പയും ആയിരുന്നു ഇദ്ദേഹം.

റോമും കോൺസ്റ്റാന്റിനോപ്പിളും തമ്മിൽ ദേവാലയത്തിൽ ചിത്രങ്ങളും രൂപങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള തർക്കം രൂക്ഷമായ ഒരു സമയം കൂടിയായിരുന്നു ഇത്. “ഐക്കണോക്ലാസ്സം” എന്ന പേരിൽ അറിയപ്പെടുന്ന ഈ തർക്കം പരിഹരിക്കുന്നതിനായി മാർപാപ്പ റോമിൽ ഒരു സിനഡ് വിളിച്ചുകൂട്ടുകയും ദേവാലയങ്ങളിലെ പൂജ്യമായ ചിത്രങ്ങൾ നശിപ്പിക്കുന്നവരെ സഭയിൽ നിന്നും പുറത്താക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞ ലിയോ മൂന്നാമൻ ചക്രവർത്തി ഇറ്റലിയിലേക്ക് അയച്ച സൈന്യത്തിന്റെ കപ്പൽ മുങ്ങി എല്ലാവരും മരിക്കുന്നു. പിന്നീട് കലാബ്രിയായിലെയും സിസിലിയിലെയും സഭയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസിന്റെ അധികാരത്തിൻ കീഴിലാക്കുന്നു. ചക്രവർത്തി പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചപ്പോഴും അദ്ദേഹം തന്നെയാണ് നിയമപരമായ രാഷ്ട്രീയ അധികാരി എന്ന നിലയിലാണ് മാർപാപ്പ പ്രതികരിച്ചത്. ലൊംബാർഡുകൾ റെവെന്നാ പിടിച്ചടക്കാൻ ശ്രമിച്ചപ്പോൾ മാർപാപ്പ ചക്രവർത്തിയുടെ പ്രതിനിധിയെ സഹായിക്കുകയാണ് ചെയ്തത്. ഇത് ലൊംബാർഡുകളുടെ രാജാവിനെ പ്രകോപിപ്പിക്കുകയും അദ്ദേഹം റോമിനെതിരെ തിരിയുകയും ചെയ്തു.

തന്റെ മുൻഗാമിയെപ്പോലെ വി. ബോനിഫാസിയൂസിന്റെ ജർമ്മൻ പ്രദേശങ്ങളിലുള്ള മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുകയും അദ്ദേഹത്തെ ആർച്ചുബിഷപ്പായി ഉയർത്തുകയും ചെയ്തു. ഇംഗ്ലണ്ടിലെ സഭയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി അവിടെ ഒരു പേപ്പൽ പ്രതിനിധിയെ നിയമിച്ചു. റോമിലെ ദേവാലയങ്ങൾ മോടി കൂട്ടി അവിടെയെല്ലാം മനോഹരചിത്രങ്ങൾ ആലേഖനം ചെയ്യുകയും ചെയ്തു. സന്യാസത്തെ ബലപ്പെടുത്തുന്നതിനുള്ള ധാരാളം പദ്ധതികൾ നടപ്പാക്കുകയും റോമിലെ സെമിത്തേരികൾ ഭംഗിയായി സംരക്ഷിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയോട് അനുബന്ധിച്ച് ഗ്രിഗറി മൂന്നാമൻ മാർപാപ്പ നിർമ്മിച്ച ഓറത്തോറിയിൽ അടക്കിയ വി. ഗ്രിഗറിയുടെ തിരുനാൾ ഡിസംബർ 10-ന് സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.