പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 80 – വി. ലിയോ II (611-683)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 682 ആഗസ്റ്റ് 17 മുതൽ 683 ജൂൺ 28 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. ലിയോ രണ്ടാമൻ. ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി ദ്വീപിൽ എ.ഡി. 611-ൽ പോൾ എന്നയാളുടെ മകനായി ജനിച്ചു എന്ന് ചരിത്രരേഖകളിൽ കാണുന്നു. വി. അഗാത്തോ മാർപാപ്പയെപ്പോലെ മുസ്ലിം ഖലീഫത് അധിനിവേശ സമയത്ത് ഇറ്റലിയിൽ അഭയം പ്രാപിച്ച കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ വളരെയധികം ആഭിമുഖ്യമുള്ളവനും പാവങ്ങളോട് കരുതലുള്ളവനുമായിരുന്നു ലിയോ.

വി. അഗാത്തോ മാർപാപ്പ തുടങ്ങിവച്ച പല കാര്യങ്ങളും പൂർത്തീകരിച്ചത് ലിയോ മാർപാപ്പയാണ്. അതിൽ പ്രധാനപ്പെട്ടത് ആറാം എക്യൂമെനിക്കൽ കൗൺസിൽ തീരുമാനങ്ങൾ അംഗീകരിച്ച് സഭയിലുടനീളം നടപ്പിലാക്കിയതാണ്. അഗാത്തോ മാർപാപ്പ എ.ഡി. 681 ജനുവരി 10 -ന് കാലം ചെയ്തയുടൻ ലിയോ രണ്ടാമനെ മാർപാപ്പയായി തിരഞ്ഞെടുത്തെങ്കിലും 682 ഓഗസ്റ്റ് 17 വരെ അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിനായി കാത്തിരിക്കേണ്ടി വന്നു. അതിന്റെ കാരണമായി പറയപ്പെടുന്നത് അഗാത്തോ മാർപാപ്പയും കോൺസ്റ്റന്റൈൻ നാലാമൻ ചക്രവർത്തിയും സംയുക്തമായി നടപ്പാക്കിയ മാർപാപ്പ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനായിട്ടാണ്. അതുപോലെ തന്നെ കൗൺസിൽ തീരുമാനങ്ങൾ മാർപാപ്പയിൽ നിന്നും അംഗീകരിച്ചു കിട്ടണമെന്ന് ചക്രവർത്തിക്കും നിർബന്ധമായിരുന്നു.

മാർപാപ്പ ആയ ഉടൻ തന്നെ പാശ്ചാത്യസഭയിലെ എല്ലായിടത്തും കൗൺസിൽ തീരുമാനങ്ങൾ സംബന്ധിച്ച് ഔദ്യോഗിക കത്ത് ലിയോ അയക്കുന്നു. കൂടാതെ എല്ലാ മെത്രാന്മാരോടും ഈ തീരുമാനങ്ങൾ തങ്ങളുടെ പ്രദേശങ്ങളിൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. വി. ലിയോ രണ്ടാമൻ ആവശ്യപ്പെട്ടതനുസരിച്ചു സ്പെയിനിലെ ടോളേഡോയിൽ കൂടിയ പ്രാദേശിക കൗൺസിൽ (684) ഈ തീരുമാനങ്ങൾ ആ പ്രദേശങ്ങളിലുള്ള സഭകളിൽ നടപ്പാക്കാൻ തുടങ്ങി. അതുപോലെ തന്നെ ഇറ്റലിയിലെ റെവെന്നായിലെ ആർച്ച്ബിഷപ്പ് റോമിന്റെ നിയന്ത്രണത്തിൽ നിന്നും പുറത്തുപോകാനുള്ള ശ്രമത്തെ ചക്രവർത്തിയുടെ ഇടപെടലിലൂടെ ലിയോ രണ്ടാമൻ മാർപാപ്പ വിജയകരമായി ഇല്ലാതാക്കി. അതിൻപ്രകാരം അവർ റോമിന് നൽകാനുള്ള നികുതി പൂർണ്ണമായും ഇളച്ചുകൊടുത്തു. ലൊംബാർഡുകളുടെ തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ മാർപാപ്പ റോമിലെ സുരക്ഷിത ദേവാലയങ്ങളിലേക്ക് മാറ്റി. വി. പൗലോസിന്റെയും വി. സെബാസ്ത്യാനോസിന്റെയും ദേവാലയങ്ങളുടെ കൂദാശ നടത്തിയതും ലിയോ മാർപാപ്പയാണ്. ഗ്രിഗോറിയൻ സംഗീതത്തെ നവീകരിക്കുകയും പുതിയതായി ചില ഗീതങ്ങൾ ആരാധനയ്ക്കായി അദ്ദേഹം രൂപപ്പെടുത്തുകയും ചെയ്തു. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ മാർപാപ്പയുടെ തിരുന്നാൾ ജൂൺ 28-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.