പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 47 – വി. സിംപ്ലിസിയാനുസ് (430-483)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 468 മുതൽ 483 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് സിംപ്ലിസിയാനുസ്. റോമിനടുത്തുള്ള തീവൊളി പ്രദേശത്ത് കത്തീനൂസ് എന്നയാളുടെ മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. റോമൻ സാമ്രാജ്യഭരണത്തിലെ ബി.സി. 27 മുതൽ എ.ഡി. 180 വരെയുള്ള “സമാധാനയുഗം” ഉൾപ്പെടെയുള്ള നൂറ്റാണ്ടുകൾ നീണ്ട റോമൻ ചക്രവർത്തിമാരുടെ ഭരണത്തിലെ അവസാനകണ്ണിയായ റോമുളൂസ് അഗസ്‌തൂളൂസിന്റെ ഭരണകാലയളവിലെ മാർപാപ്പയായിരുന്നു സിംപ്ലിസിയാനുസ്. ജർമാനിക്ക് വംശജരുടെ ബാർബേറിയൻ ഭരണമായിരുന്നു പിന്നീട് പൗരസ്ത്യ റോമൻ സാമ്രാജ്യത്തിലെ മിക്ക പ്രദേശങ്ങളിലും നിലവിൽ വന്നത്.

ഇക്കാലത്ത് പൗരസ്ത്യസഭയിൽ ഉടലെടുത്ത എവുത്തിക്ക്യൻ പാഷണ്ഡത പൗരസ്ത്യ-പാശ്ചാത്യസഭകൾ തമ്മിലുള്ള ബന്ധത്തിൽ കാര്യമായ ഉലച്ചിൽ സൃഷ്ടിച്ചു. മൂന്നൂറു സന്യാസിമാരുണ്ടായിരുന്ന കോൺസ്റ്റാന്റിനോപ്പിളിനടുത്തുള്ള ഒരു ആശ്രമത്തിന്റെ അദ്ധ്യക്ഷനായിരുന്ന എവുത്തിക്കസ് പ്രാമുഖ്യത്തിലേക്ക് വരുന്നത് നെസ്തോറിയനിസത്തെ ധീരമായി ചെറുത്ത സത്യവിശ്വാസത്തിന്റെ വക്താവ് എന്ന നിലയിലാണ്. എന്നാൽ എവുത്തിക്ക്യന്റെ തീവ്ര നിലപാടുകൾ ‘ഏകസ്വഭാവവാദം’ (monophysitism) എന്ന പാഷണ്ഡതയിലാണ് അദ്ദേഹത്തെ എത്തിച്ചത്. ക്രിസ്തുവിലുള്ള മനുഷ്യസ്വഭാവവും ദൈവസ്വഭാവവും ലയിച്ച് ഒന്നായിരിക്കുന്നു എന്ന ഈ വാദം 451-ലെ കൽസിഡോണിയ കൗൺസിലിൽ വച്ച് പാഷണ്ഡതയായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അനുയായികൾ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നേതൃസ്ഥാനങ്ങളിൽ പ്രതിഷ്ടിക്കപ്പെടുകയും അത് പൗരസ്ത്യ-പാശ്ചാത്യസഭകൾ തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കുകയും ചെയ്തു. മാർപാപ്പയുടെ പൗരസ്ത്യസഭയുടെ മേൽ ഉണ്ടായിരുന്ന സ്വാധീനത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച സംഭവങ്ങളായിരുന്നു ഇവയൊക്കെ.

റോമിലെ സാന്താ ബിബിയാന, ചേലിയൻ കുന്നിലുള്ള സാൻ സ്റ്റേഫനോ റോത്തെന്തോ ദേവാലയങ്ങൾ ഉൾപ്പെടെ അനേകം പള്ളികളുടെ നിർമ്മാണവും സിംപ്ലിസിയാനുസ് മാർപാപ്പയുടെ കാലത്ത് നടന്നു. ഡിസംബർ മാസത്തിൽ മാത്രം ബിഷപ്പുമാരെ വാഴിച്ചിരുന്ന പാരമ്പര്യം മാറ്റി ഫെബ്രുവരിയിലും തുടങ്ങിയത് സിംപ്ലിസിയാനുസാണ്. ഇക്കാലത്ത് റോമിലെ സാധാരണക്കാരെ ബാർബേറിയൻ അക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഇറ്റലി പിടിച്ചടക്കിയ ബാർബേറിയൻ രാജാവ് ഒഡോവാസർ റോമിന്റെ ഭരണം അവിടുത്തെ ബിഷപ്പായിരുന്ന സിംപ്ലിസിയാനുസിനെ ഏൽപ്പിക്കുകയാണ് ചെയ്തത്. ഇത് പിന്നീട് ഇറ്റാലിയൻ പ്രദേശങ്ങളിൽ നിലവിൽ വന്ന പേപ്പൽ ഭരണത്തിന്റെ ആരംഭം കുറിക്കുന്ന സംഭവമായിരുന്നു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കപ്പെട്ട സിംപ്ലിസിയാനുസിന്റെ തിരുനാൾ മാർച്ച് 10-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്തക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.