പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 38 – വി. സിരിസിയുസ് (334-399)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 384 മുതൽ 399 വരെയുള്ള നീണ്ട കാലയളവിൽ സഭയുടെ അദ്ധ്യക്ഷനായിരുന്നു വി. സിരിസിയുസ് മാർപാപ്പ. റോമിലെ തീബുർത്തിയൂസ് എന്നയാളുടെ മകനായി 334-ലാണ് അദ്ദേഹത്തിന്റെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ സഭാസേവനത്തിനായി നിയോഗിക്കപ്പെട്ടവനായിരുന്നു സിരിസിയുസ്. ലിബേറിയുസ് മാർപാപ്പയുടെ കാലത്ത് റോമൻ സഭയിൽ വായനക്കാരനായും പിന്നീട് ഡീക്കനായും അദ്ദേഹം സേവനം ചെയ്തു. ആന്റി-പോപ്പായിരുന്ന ഉർസീനുസ് ഔദ്യോഗിക മാർപാപ്പയാകാനുള്ള ശ്രമങ്ങൾ ഈ സമയത്ത് നടത്തിയെങ്കിലും സിരിസിയുസിന്റെ തിരഞ്ഞെടുപ്പ് ഐക്യകണ്ഠേന ആയിരുന്നു. വാലന്റീനിയൻ രണ്ടാമൻ ചക്രവർത്തിയും തന്റെ അംഗീകാരം പെട്ടെന്ന് നൽകി.

സഭയിൽ നൈയ്യാമിക ശൈലിയിലുള്ള ഉത്തരവുകൾ രൂപപ്പെടുത്തി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് സിരിസിയുസ് മാർപാപ്പയുടെ കാലത്താണ്. തറഗോണയിലെ ബിഷപ്പായിരുന്ന ഹിമേറിയൂസ് 385-ൽ എഴുതിച്ചോദിച്ച സഭാസംബന്ധമായ അച്ചടക്കത്തെക്കുറിച്ചുള്ള പതിനഞ്ച് ചോദ്യങ്ങൾക്ക് മാർപാപ്പ നൽകിയ ഉത്തരം ഇതിന് ഉദാഹരണമാണ്. റോമിലെ ബിഷപ്പിലൂടെ സംസാരിക്കുന്നത് പത്രോസ് അപ്പോസ്തോലനാണെന്ന് ഇതിൽ പറയുന്നു. അതുപോലെ മാർപാപ്പ എന്ന അഭിധാനം ആദ്യമായി ഉപയോഗിച്ചതും വി. സിരിസിയുസാണ്. ഒരാൾക്ക് പൗരോഹിത്യപട്ടം നൽകുന്നതിനുള്ള പ്രായപരിധിയും പരിശീലനസമയവും അദ്ദേഹം നിശ്ചയിച്ചു. ഇത്തരത്തിലുള്ള നിയമങ്ങൾ ആഫ്രിക്കയിലും സ്പെയിനിലും ഗൗളിലും (ഫ്രാൻസ്) അയച്ചുകൊടുക്കുകയും അവിടങ്ങളിലുള്ള സഭകളിൽ നടപ്പിലാക്കുകയും ചെയ്തു. അതുപോലെ 386-ൽ റോമൻ സിനഡ് പാസ്സാക്കിയ ഒൻപത് സഭാനിയമങ്ങൾ മറ്റ് രാജ്യങ്ങളിലെ സഭകളെ അറിയിക്കുകയും ഒരു ബിഷപ്പിനെയും “തിരുസിംഹാസനത്തിന്റെ” അനുവാദമില്ലാതെ അഭിഷേകം ചെയ്യരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

വേദവിപരീതങ്ങളെ എതിർത്തപ്പോഴും അവരെ നേരിടുന്നതിന് അക്രമ മാർഗ്ഗം സ്വീകരിക്കുന്നതിനെ മാർപാപ്പ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്രിസ്തീയവിശ്വാസത്തിന്റെ കർക്കശമായ പരിപാലനത്തിന് അമിതപ്രാധാന്യം കൊടുത്ത ആവിലായിലെ ബിഷപ്പായിരുന്ന പ്രിസില്ലിയനെ (340-385) പാഷണ്ഡത ആരോപിച്ച് വാളിനിരയാക്കിയ സെക്കുലർ കോടതിയുടെ നടപടികളെ വിമർശിക്കുകയും അതിന് കൂട്ടുനിന്ന ബിഷപ്പുമാരുമായുള്ള ബന്ധം വിഛേദിക്കുകയും ഇതിന്റെ പേരിൽ മാക്സിമസ് ചക്രവർത്തിയെ മാർപാപ്പ ശാസിക്കുകയും ചെയ്തു. മിലാനിലെ ബിഷപ്പായിരുന്ന വി. അംബ്രോസിന്റെ അഭ്യർത്ഥനപ്രകാരം അന്ത്യോഖ്യയിലെ സഭാപ്രശ്നത്തിൽ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുകയും ചെയ്തു. റോമിലെ സാൻ സിൽവസ്ത്രോ ബസിലിക്കയിൽ അടക്കിയിരിക്കുന്ന വി. സിരിസിയുസിന്റെ തിരുനാൾ നവംബർ 26-ന് കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.