പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 37 – വി. ദമാസുസ് I (305- 384)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 366 മുതൽ 384 വരെ നീണ്ട സംഭവബഹുലമായ ഒരു സഭാഭരണ കാലഘട്ടമായിരുന്നു ഡമാസുസ് മാർപാപ്പയുടേത്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്ത് സഭാസേവനം ആരംഭിച്ച വ്യക്തിയാണ് ദമാസുസ്. ലുസിതാനിയ (ഇന്നത്തെ പോർച്ചുഗൽ) പ്രദേശത്തു നിന്നും വന്ന് റോമിലെ സാൻ ലോറെൻസോ ദേവാലയത്തിലെ പുരോഹിതനായ അന്തോണിയുസിന്റെയും ഭാര്യ ലൗറേൻന്തിയയുടെയും മകനായി 305-ൽ ദമാസുസ് ജനിച്ചു. പിന്നീട് ഈ ദേവാലയത്തിലെ ഡീക്കനും പുരോഹിതനുമായി. ലിബേരിയൂസ് മാർപാപ്പയോടു കൂടെ ഗ്രീസിൽ പ്രവാസത്തിൽ പോയെങ്കിലും അധികം താമസിയാതെ തിരികെയെത്തി റോമിലെ സഭാഭരണത്തിൽ സഹായിച്ചു. പിന്നീട് ദമാസുസിനെ മാർപാപ്പയായി തിരഞ്ഞെടുത്തപ്പോൾ മറ്റൊരു വിഭാഗം ഡീക്കനായിരുന്ന ഉർസിനസിനെ പിന്തുണയ്ക്കുകയും അത് വലിയ വഴക്കിലും രക്തച്ചൊരിച്ചിലിലും കലാശിക്കുകയും ചെയ്തു. ഇതേ തുടർന്ന് റോമൻ ഭരണാധികാരികൾ ഉർസിനസിനെ ഗൗളിലേക്ക് നാടു കടത്തി.

ചരിത്രപരമായ പല മാറ്റങ്ങൾക്കും ദമാസുസ് മാർപാപ്പ തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 382-ൽ റോമിൽ നടന്ന കൗൺസിലിലാണ് വിശുദ്ധ ഗ്രന്ഥത്തിലെ പുസ്തകങ്ങളുടെ പ്രാമാണിക പട്ടിക നിശ്ചയിച്ചത്. മാർപാപ്പയുടെ വിശ്വസ്ത സെക്രട്ടറിയായിരുന്ന വി. ജെറോം ഈ സിനഡിൽ സഹായിക്കുകയും അന്ത്യോഖ്യൻ സഭയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഹായിക്കുകയം ചെയ്തു. ഇദ്ദേഹമാണ് പിന്നീട് ബൈബിളിന്റെ പ്രസിദ്ധമായ ലത്തീൻ വിവർത്തനം (വുൾഗാത്ത) തയ്യറാക്കിയത്. ദമാസുസ് ഒന്നാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ 386-ൽ റോമിൽ കൂടിയ സിനഡിൽ അപ്പോളിനാരിസത്തെയും (യേശുവിന് മനുഷ്യന്റെ ശരീരവും ദൈവത്തിന്റെ മനസ്സും), 369-ലെ സിനഡിൽ മാസിഡോണിയനിസത്തെയും (പരിശുദ്ധാത്മാവ് ദൈവമല്ല) തള്ളിപ്പറയുകയും ചെയ്തു. കൂടാതെ പരിശുദ്ധാത്മാവിന്റെ ദൈവത്വം പ്രഖ്യാപിച്ച കോൺസ്റ്റാന്റിനോപ്പിൾ എക്യൂമെനിക്കൽ കൗൺസിലിലേക്ക് (381) തന്റെ പ്രതിനിധികളെ അയയ്‌ക്കുകയും ചെയ്തു. ഈ കൗൺസിലിലാണ് കോൺസ്റ്റാന്റിനോപ്പിളിനെ പുതിയ റോമായും അവിടുത്തെ പാത്രിയർക്കീസിനെ റോമിനു ശേഷം സ്ഥാനത്തിൽ രണ്ടാമനായും പ്രഖ്യാപിച്ചത്.

ദമാസുസ് മാർപാപ്പ റോമിലെ ചരിത്രരേഖകൾ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ലത്തീൻ, റോമൻസഭയുടെ ആരാധനാഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു. മാർപാപ്പ തന്നെ ലത്തീൻ ഭാഷയിൽ രക്തസാക്ഷികളെ ആദരിച്ചെഴുതിയ വാക്യങ്ങളും കീർത്തനങ്ങളും അവരുടെ കല്ലറയിലെ ഫലകങ്ങളിൽ സ്ഥാപിച്ചു. വിയ ആർദെയത്തീനയിലുള്ള ദേവാലയത്തിൽ അടക്കിയ ദമാസുസ് മാർപാപ്പയുടെ ഭൗതീകശരീരം പിന്നീട് സാൻ ലോറെൻസോ ബസിലിക്കയിലേക്ക് മാറ്റി. ഡിസംബർ 21-ന് സഭ വി. ദമാസുസിന്റെ തിരുനാൾ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.