പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 29 – വി. മാർസെല്ലിനസ് (250-304)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

“ലിബേരിയൻ കാറ്റലോഗ്” അനുസരിച്ച്, റോമൻ നഗരത്തിൽ ക്രിസ്തുവർഷം 250-ലാണ് മർസെല്ലിനസ് മാർപാപ്പ പ്രൊജെക്തൂസിന്റെ മകനായി ജനിച്ചത്. 296 മുതൽ 304 വരെ എട്ടു വർഷത്തോളം റോമൻ സഭയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. പ്രശ്നകലുഷിതമായ ഒരു കാലഘട്ടത്തിലാണ് മാർസെല്ലിനസ് സഭാഭരണം കൈയ്യാളുന്നത്. പിന്നീട് ചക്രവർത്തിയായ സീസർ ഗാലെറിയസ് എന്ന സൈന്യാധിപൻ ക്രിസ്തീയവിശ്വാസത്തിനെതിരെ തിരിയാൻ റോമൻ ജനങ്ങളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്താൽ ഡയോക്‌ളീഷൻ ചക്രവർത്തി സഭയ്‌ക്കെതിരെ പല നിയമങ്ങളും നടപ്പാക്കി. ക്രിസ്തീയപട്ടാളക്കാരെ ജോലിയിൽ നിന്നും പുറത്താക്കുകയും ക്രിസ്തീയഗ്രന്ഥങ്ങൾ നശിപ്പിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുകൂടാതെ വിശ്വാസികളുടെ ഭവനങ്ങളും സ്ഥാപനങ്ങളും പിടിച്ചെടുക്കാനും വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാത്തവരെ കൊന്നുകളയാനും ഉത്തരവിട്ടു.

തന്റെ വിശ്വാസികളുടെ ജീവൻ രക്ഷിക്കുന്നതിലേക്ക് മർസെല്ലിനസ് മാർപാപ്പയും ഡയോക്ളീഷന്റെ ഉത്തരവുകൾ അനുസരിച്ചുവെന്ന് പറയപ്പെടുന്നു. ക്രിസ്തീയപുസ്തകങ്ങൾ കൈമാറുകയും ചില ക്രിസ്തീയസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ സഭയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ചക്രവർത്തിയുടെ മുൻപിൽ ഇതുകൊണ്ടൊന്നും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. മാർപാപ്പയുടെ ഈ പ്രവൃത്തിക്കു ശേഷം എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് അദ്ദേഹം ഒരു സിനഡ് വിളിച്ചുകൂട്ടി തന്റെ ഭാഗം വിശദീകരിക്കുകയും തനിക്കെതിരെയുള്ള ശിക്ഷ വിധിക്കാൻ സിനഡിനോട് ആവശ്യപ്പെടുകയും ചെയ്തു എന്നതാണ്. മറ്റൊരു പാരമ്പര്യം പറയുന്നത് താൻ ഈ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്ഥാനത്യാഗം ചെയ്തുവെന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നല്ലതായിരുന്നു എന്നതിനാൽ തൽസ്ഥാനത്ത് തുടരാൻ സഭ അനുവദിച്ചുവെന്നും പറയപ്പെടുന്നു.

മതപീഢനം അതിന്റെ മൂർദ്ധന്യത്തിലെത്തിയ ഇക്കാലത്ത് വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കാൻ വിസമ്മതിച്ച പതിനേഴായിരത്തോളം ക്രിസ്ത്യാനികളെ ചക്രവർത്തിയുടെ കല്പനയാൽ വാളിനിരയാക്കി. അക്കൂട്ടത്തിൽ മാർസെല്ലിനസ് മാർപാപ്പയും ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ മാർസെല്ലിനസ് മാർപാപ്പയുടെ ചില പ്രവൃത്തികളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുന്നുവെങ്കിലും രക്തസാക്ഷികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. “ലീബർ പൊന്തിഫിക്കാലിസ്” പറയുന്നത്, വിയ സാലറിയായിലുള്ള പ്രിസില്ലയുടെ സെമിത്തേരിയിൽ മർസെല്ലിനസ് അടക്കപ്പെട്ടു എന്നാണ്. അദ്ദേഹത്തിന്റെ തിരുനാൾ ഏപ്രിൽ 26-ന് കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.