പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 23 – വി. സ്റ്റീഫൻ I (205-257)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ആഗോളസഭയുടെ അമരക്കാരനായി ക്രിസ്തുവർഷം 254 മുതൽ 257 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. സ്റ്റീഫൻ ഒന്നാമൻ. ഗ്രീസിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറിയ മാതാപിതാക്കൾക്ക് റോമിൽ 205-ൽ സ്റ്റീഫൻ ജനിച്ചു. ചെറുപ്പം മുതലേ സഭാകാര്യങ്ങളിൽ തത്പരനായിരുന്ന സ്റ്റീഫനെ ലൂസിയസ് മാർപാപ്പ ശ്രദ്ധിക്കുകയും അങ്ങനെ സഭയിലെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ബിഷപ്പായി നിയമിക്കുകയും അങ്ങനെ ഈ സ്ഥാനലബ്‌ദി മാർപാപ്പാ സ്ഥാനത്തേക്ക് വഴി തെളിക്കുകയും ചെയ്തു.

ഡേഷ്യൻ ചക്രവർത്തിയുടെ മതപീഡനത്തിനു ശേഷം സഭ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയി. ഫ്രാൻസിലെ ആർലെസ് ബിഷപ്പ് മാർസിയൻ മതപീഡനകാലത്ത് വിശ്വാസം ഉപേക്ഷിച്ചവരെ വീണ്ടും സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്തു. ഇതിനെ എതിർത്തുകൊണ്ട് ലയോണിലെ ബിഷപ് ഫൗസ്റ്റിനൂസ് സ്റ്റീഫൻ മാർപാപ്പയ്ക്ക് കത്തെഴുതി. ഇവരിൽ ചിലർ റോമൻ ദൈവങ്ങളെ ആരാധിച്ചതിന്റെ രേഖ കൈവശം വയ്ക്കുകയും പരസ്യമായി വിഗ്രഹാരാധന നടത്തുകയും ചെയ്തതിനാൽ സഭാപ്രവേശനം നിഷേധിക്കണമെന്ന് പലരും വാദിച്ചു. കാർത്തേജിലെ സിപ്രിയാൻ ഉൾപ്പെടെയുള്ള ബിഷപ്പുമാർ അവർക്ക് വീണ്ടും മാമ്മോദീസ നൽകണമെന്ന നിലപാടെടുത്തു. എന്നാൽ അവർ സ്വീകരിച്ച ആദ്യത്തെ മാമ്മോദീസ സാധുവാകയാൽ വീണ്ടും നൽകേണ്ടതില്ലെന്നും അവരുടെ മനസാന്തരത്തിനു ശേഷം തലയിൽ കൈവച്ചു പ്രാർത്ഥിച്ച് തിരികെ സഭയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നും സ്റ്റീഫൻ മാർപാപ്പയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിച്ചു. മാർപാപ്പയുടെ നിലപാടിന് മുൻ‌തൂക്കം ലഭിച്ചെങ്കിലും ചില പൗരസ്ത്യസഭകൾ സിപ്രിയാന്റെ അഭിപ്രായത്തോട് യോജിച്ചു നിന്നു.

സിപ്രിയാൻ ആഫ്രിക്കൻ പ്രദേശങ്ങളിലെ ബിഷപ്പുമാരുടെ സിനഡ് മൂന്ന് പ്രാവശ്യം ഇക്കാര്യത്തിനായി വിളിച്ചുകൂട്ടി. ഭൂരിപക്ഷം സിപ്രിയാന്റെ അഭിപ്രായത്തെ പിന്താങ്ങിയെങ്കിലും ന്യൂനപക്ഷം അഭിപ്രായവ്യത്യാസം തുടർന്നു. സ്റ്റീഫൻ മാർപാപ്പ സഭയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് ഏഷ്യാ-മൈനറിലെ മെത്രാന്മാർക്ക് കത്തുകൾ എഴുതി. ഇക്കാര്യങ്ങൾ വെളിവാക്കുന്നത് സഭയിൽ വലുതായ പ്രതിസന്ധികളും അഭിപ്രായഭിന്നതകളും ഉണ്ടായിരുന്നുവെങ്കിലും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന ഐക്യത്തിന്റെ പ്രതീകമായി മാർപാപ്പമാരുടെ നേതൃത്വം മാറിയിരുന്നു എന്നതാണ്. പിന്നീട് സിപ്രിയന്റെ രക്തസാക്ഷിത്വം അദ്ദേഹത്തിന് ആദ്യകാല സഭയിൽ വീരപരിവേഷം ചാർത്തിക്കൊടുത്തു. സ്റ്റീഫൻ മാർപാപ്പ രക്തസാക്ഷിത്വം വരിച്ചു എന്ന ഐതീഹ്യം കാലങ്ങളോളം നിലനിന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റേത് സാധാരണ മരണമായിരുന്നുവെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. കലിസ്റ്റസ് സെമിത്തേരിയിൽ അടക്കപ്പെട്ട വി. സ്റ്റീഫന്റെ തിരുനാൾ ആഗസ്റ്റ് 2-ന് സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.