പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 180 – ഇന്നസെന്റ് IV (1195-1254)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1243 ജൂൺ 25 മുതൽ 1254 ഡിസംബർ 7 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഇന്നസെന്റ് നാലാമൻ. ഇറ്റലിയിലെ ജനോവയിൽ എ.ഡി. 1195 -ൽ ലവാഞ്ഞയിലെ പ്രഭുവായിരുന്ന ഊഗോ ഫിയേഷിയുടെ മകനായി സിനിബാൾഡോ ജനിച്ചു. പാർമ, ബൊളോഞ്ഞ സർവ്വകലാശാലകളിലെ വിദ്യാഭ്യാസത്തിനു ശേഷം ബൊളോഞ്ഞയിൽ കാനൻ നിയമ അധ്യാപകനായി ജോലി ചെയ്തു. അക്കാലത്തെ അറിയപ്പെട്ട കാനൻ നിയമ വിദഗ്ദനായിരുന്ന സിനിബാൾഡോയെ ഹൊണോറിയസ് മൂന്നാമൻ മാർപാപ്പ റോമൻ കൂരിയായിലെ വൈസ് ചാൻസലർ ആയി നിയമിച്ചു. പിന്നീട് ഗ്രിഗറി ഒൻപതാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളായും അങ്കോണയിലെ പേപ്പൽ ഗവർണ്ണറായും നിയമിക്കുന്നു.

സെലസ്റ്റിൻ നാലാമൻ മാർപാപ്പ തിരഞ്ഞെടുപ്പിന് ഏതാനും നാളുകൾക്കുള്ളിൽ മരിക്കുന്നു. ഫ്രഡറിക്ക് രണ്ടാമൻ ചക്രവർത്തി തിരഞ്ഞെടുപ്പിന് വന്ന രണ്ടു കർദ്ദിനാളന്മാരെ തടഞ്ഞുവച്ചതിനാൽ ഒന്നര വർഷത്തിനു ശേഷമാണ് ഇന്നസെന്റ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നത്. മനസില്ലാമനസ്സോടെയാണ് ചക്രവർത്തിയുമായി സൗഹൃദം ഉണ്ടായിരുന്ന ഇന്നസെന്റ് ഈ സ്ഥാനം ഏറ്റെടുത്തത്. അതിനെക്കുറിച്ച് ഫ്രഡറിക്ക് പറഞ്ഞത് തനിക്ക് ഒരു കർദ്ദിനാളിന്റെ സൗഹൃദം നഷ്ടപ്പെടുകയും ഒരു മാർപാപ്പയുടെ ശത്രുത നേരിടേണ്ടി വരികയും ചെയ്യും എന്നാണ്. ഇത് പിന്നീട് യാഥാർത്ഥ്യമായി ഭവിക്കുകയും ചെയ്തു. ചക്രവർത്തിയുടെ ആളുകളുടെ ശല്യം സഹിക്കവയ്യാതെ ഇന്നസെന്റ് മാർപാപ്പ കൂടുതൽ സുരക്ഷിതമായിരുന്ന ഫ്രാൻസിലെ ലിയോണിലേക്കു പോവുന്നു. അവിടെ വച്ച് സഭയുടെ പതിമൂന്നാം എക്യൂമെനിക്കൽ കൗൺസിൽ മാർപാപ്പ വിളിച്ചുകൂട്ടി. 140 ബിഷപ്പുമാർ സംബന്ധിച്ച ഈ കൗൺസിലാണ് അതുവരെയുള്ള ഏറ്റവും കുറച്ചു ബിഷപ്പുമാർ സംബന്ധിച്ച ഒരു എക്കുമെനിക്കൽ കൗൺസിൽ. ഫ്രെഡറിക്ക് ചക്രവർത്തിയെ സഭയിൽ നിന്ന് പുറത്താക്കുന്ന തീരുമാനം ഈ കൗൺസിലിൽ വച്ചാണ് എടുത്തത്.

എ.ഡി. 1250 -ൽ ഫ്രെഡറിക്ക് മരിക്കുമ്പോഴാണ് മാർപാപ്പക്ക് റോമിലേക്ക് തിരികെ വരാൻ സാധിക്കുന്നത്. പെറുജിയ പ്രദേശങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ “ആദ് എക്സ്റ്റിർപാണ്ട” എന്ന പേരിൽ ഇറക്കിയ പേപ്പൽ ബൂളയിലൂടെ നാല്പത്തിനാല് പുതിയ നിയമങ്ങൾ സഭയിൽ നടപ്പിലാക്കി. “ക്രിസ്തുവിന്റെ വികാരി” (Vicar of Christ) എന്ന ശീർഷകം വ്യാപകമായി ഉപയോഗത്തിൽ വരുത്തുന്നത് ഇന്നസെന്റ് മാർപാപ്പയാണ്. ക്രിസ്തീയവിശ്വാസികളെ ആക്രമിച്ച മംഗോളിയൻ രാജാക്കന്മാരുടെ അടുത്തേക്ക് നിരവധി തവണ മാർപാപ്പ പ്രതിനിധികളെ അയച്ചതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. എ.ഡി. 1254 ഡിസംബർ ഏഴിന് നേപ്പിൾസിൽ ആയിരിക്കുന്ന സമയത്ത് ഇന്നസെന്റ് നാലാമൻ മാർപാപ്പ കാലം ചെയ്തു. അവിടുത്തെ കത്തീഡ്രൽ ദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.