പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 177 – ഹൊണോറിയസ് III (1150-1227)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1216 ജൂലൈ 18 മുതൽ 1227 മാർച്ച് 18 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഹൊണോറിയസ് മൂന്നാമൻ. എ.ഡി. 1150 -ൽ റോമിലെ സവെല്ലി കുടുംബത്തിലെ ഐമെറിക്കോ എന്നയാളുടെ മകനായിട്ടാണ് ചെഞ്ചിയോ സവെല്ലി ജനിച്ചത്. മരിയ മജോറെ ബസിലിക്കയിലെ കാനൻ ആയി വൈദികജീവിതം ആരംഭിച്ച ചെഞ്ചിയോ പിന്നീട് സാന്താ ലൂച്ചിയാ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനും റോമൻ സഭയുടെ വൈസ് ചാൻസലറുമായി സേവനമനുഷ്ഠിച്ചു. എ.ഡി. 1197 -ൽ ചെഞ്ചിയോ ഭാവി ചക്രവർത്തിയായ ഫ്രഡറിക്കിന്റെ അധ്യാപകനായും നിയമിതനായി. വിശുദ്ധരായ ജോണിന്റെയും പോളിന്റെയും നാമത്തിലുള്ള റോമിലെ പുരാതന ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായും കുറേ നാൾ അദ്ദേഹം സേവനമനുഷ്ഠിച്ചു.

പ്രഗത്ഭ ഭരണാധികാരി ആയിരുന്ന ഇന്നസെന്റിനെ പിഞ്ചെല്ലാൻ കഴിയുന്ന ഒരു മാർപാപ്പയിലേക്കുള്ള കർദ്ദിനാളന്മാരുടെ അന്വേഷണം ചെഞ്ചിയോയിലാണ് അവസാനിച്ചത്. അദ്ദേഹം ഈ സ്ഥാനം ആദ്യം നിരസിച്ചെങ്കിലും മറ്റുള്ളവരുടെ പ്രേരണക്കു വഴങ്ങി ഹൊണോറിയോസ് മൂന്നാമൻ എന്ന നാമം സ്വീകരിച്ച് മാർപാപ്പ ആകുന്നു. നാട്ടുകാരനും വലിയ കാരുണ്യവാനെന്നു പേരു കേട്ടവനുമായ ചെഞ്ചിയോ മാർപാപ്പ ആയത് വലിയ സന്തോഷത്തോടെയാണ് റോമക്കാർ സ്വീകരിച്ചത്. സഭയുടെ ആത്മീയ നവീകരണം, വിശുദ്ധ നാട് മുസ്ലീങ്ങളിൽ നിന്നും മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മാർപാപ്പ തന്റെ ശ്രദ്ധ മുഴുവൻ നൽകുന്നു. ലാറ്ററൻ കൗൺസിൽ 1215 -ലെടുത്ത തീരുമാനമനുസരിച്ച് മാർപാപ്പയും കർദ്ദിനാളന്മാരും വൈദികരുമെല്ലാം തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കുരിശുയുദ്ധത്തിനു വേണ്ടി നൽകി. എന്നാൽ യൂറോപ്പിൽ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഭരണാധികാരികളുടെ ഇടയിലെ അനൈക്യം കുരിശുയുദ്ധവുമായി ബന്ധപ്പെട്ട് പല വിധ പരാജയങ്ങളും സമ്മാനിച്ചു.

സഭയിലെ മൂന്ന് പ്രമുഖ സന്യാസ സമൂഹങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയ മാർപാപ്പയാണ് ഹൊണോറിയോസ് മൂന്നാമൻ. ഡൊമിനിക്കൻ സഭക്ക് എ.ഡി. 1216 -ലും ഫ്രാൻസിസ്കൻ ഭരണഘടനയ്ക്ക് 1223 -ലും കർമ്മലീത്ത ഭരണഘടനയ്ക്ക് 1226 -ലും മാർപാപ്പ അംഗീകാരം നൽകി. വൈദികർക്ക് നല്ല ദൈവശാസ്ത്ര പരിശീലനം വേണമെന്ന ചിന്തയിൽ രൂപതകളിൽ വൈദികരെ പരിശീലിപ്പിക്കുന്നതിനായി കഴിവുള്ള ചെറുപ്പക്കാരായ വൈദികരെ പ്രശസ്ത സർവ്വകലാശാലകളിൽ അയക്കുന്നതിനെക്കുറിച്ച് “സൂപ്പർ സ്പെക്കുള ദോമിനി” എന്ന പേപ്പൽ ബൂള പ്രസിദ്ധീകരിച്ചു. വലിയ എഴുത്തുകാരൻ കൂടി ആയിരുന്ന ഹൊണോറിയസ് പാപ്പായുടെ കൃതി “കൊമ്പിലാത്തിയോ ക്വീന്ത” സഭാനിയമത്തെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥമാണ്. എ.ഡി. 1227 മാർച്ച് 18 -ന് കാലം ചെയ്ത മാർപാപ്പയെ അടക്കിയിരിക്കുന്നത് സാന്ത മരിയ മജോറെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.