പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 174 – ക്ലമന്റ് III (1130-1191)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1187 മാർച്ച് 19 മുതൽ 1191 മാർച്ച് 20 വരെയുള്ള ദിവസങ്ങളിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ക്ലമന്റ് മൂന്നാമൻ. റോമിൽ എ.ഡി. 1130 -ൽ പൗളീനോ സ്‌കൊളാരി ജനിച്ചു എന്ന് ചരിത്രരേഖകളിൽ കാണുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ, ബാല്യകാലത്തെക്കുറിച്ചോ യാതൊരു വിവരണവും നമുക്ക് ലഭ്യമല്ല. റോമിലെ പ്രധാന ബസിലിക്കകളിൽ ഒന്നായ മരിയ മജോറെ ദേവാലയത്തിലെ പ്രധാന പുരോഹിതനായി ഏറെ നാൾ പൗളീനോ സ്‌കൊളാരി സേവനമനുഷ്ഠിച്ചു. പിന്നീട് സാന്തി സെർജിയോ എ ബാക്കോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിക്കപ്പെട്ടു. ബൈസന്റൈൻ ആരാധനക്രമം അനുഷ്ഠിക്കുന്ന ഈ ദേവാലയത്തിലാണ് സിറിയയിൽ നിന്നുള്ള നാലാം നൂറ്റാണ്ടിലെ സൈനിക ഉദ്യോഗസ്ഥരായിരുന്ന ക്രിസ്തീയ രക്തസാക്ഷികളായ സെർജിയൂസിനെയും ബാക്കൂസിനെയും അടക്കിയിരിക്കുന്നത്. 1970 മുതൽ യുക്രേനിയൻ കത്തോലിക്കാ സഭയുടെ റോമിലെ ദേവാലയമാണിത്.

ഇറ്റലിയിലെ പീസായിൽ വച്ച് ഗ്രിഗറി എട്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ഓസ്തിയ രൂപതയുടെ ബിഷപ്പായിരുന്ന കർദ്ദിനാൾ തെയോബാൾഡിനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം ആ സ്ഥാനം നിരസിച്ചപ്പോൾ അപ്പോൾ പാലസ്ത്രീന ദേവാലയത്തിലെ കർദ്ദിനാൾ ബിഷപ്പായിരുന്ന പൗളീനോ സ്‌കൊളാരിയെ കർദ്ദിനാളന്മാർ ഈ സ്ഥാനത്തേക്കു നിയോഗിച്ചു. ആറ് വർഷത്തോളം റോമിനു പുറത്ത് പ്രവാസജീവിതത്തിലായിരുന്ന പേപ്പസിയെ റോമിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ ക്ലമന്റ് മാർപാപ്പ എടുത്തു. റോമിലെ രാഷ്ട്രീയനേതൃത്വവുമായി വിജയകരമായ ചർച്ച നടത്തി എ.ഡി. 1188 -ൽ മാർപാപ്പ ലാറ്ററൻ ദേവാലയത്തോട് ചേർന്നുള്ള ഭവനത്തിൽ താമസിക്കാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ കർദ്ദിനാളന്മാരുടെ എണ്ണം തീരെ കുറഞ്ഞപ്പോൾ മൂന്ന് ഘട്ടമായി മുപ്പത് പുതിയ കർദ്ദിനാളന്മാരെ മാർപാപ്പ നിയമിച്ചു.

ക്ലമന്റ് മൂന്നാമൻ മാർപാപ്പയുടെ ഭരണത്തിന്റെ നല്ല സമയവും ചിലവഴിച്ചത് മൂന്നാം കുരിശുയുദ്ധത്തിന്റെ ഒരുക്കത്തിനായിട്ടാണ്. ജർമ്മനിയിലെ ഫ്രഡറിക്ക് ചക്രവർത്തിയാണ് ഇതിന് നേതൃത്വം നല്കിയതെങ്കിലും അതിന്റെ ആത്മീയ ഒരുക്കം നടത്തിയത് മാർപാപ്പ ആയിരുന്നു. വിശുദ്ധ നാടിന്റെ വിമോചനത്തിനായി പോകുന്നവർ അനുതാപമനോഭാവത്തോടെ എളിയവസ്ത്രം ധരിച്ച്, പ്രാർത്ഥിച്ച്, ഉപവസിച്ചു യാത്രയാവണമെന്ന് മാർപാപ്പ കല്പിച്ചു. ക്രിസ്തീയ ഭരണാധികാരികൾ തങ്ങളുടെ ഭിന്നതകൾ മറന്ന് സ്നേഹത്തിലും ഐക്യത്തിലും ജീവിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഇക്കാലയളവിൽ എല്ലാവരെയും സഹോദര്യത്തിൽ ഒന്നിച്ചു കൊണ്ടുപോകുന്ന ആളായി മാർപാപ്പ മാറുന്നു. എ.ഡി. 1191 മാർച്ച് 20 -ന് കാലം ചെയ്ത ക്ലമന്റ് മൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.