പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 167 – അനസ്താസിയോസ് IV (1073–1154)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1153 ജൂലൈ 8 മുതൽ 1154 ഡിസംബർ 3 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് അനസ്താസിയോസ് നാലാമൻ. എ.ഡി. 1073 -ൽ ദിമിത്രി കുടുംബത്തിൽപെട്ട ബനഡിക്റ്റൂസ് ദേ സുബൂറ എന്നയാളുടെ മകനായിട്ടാണ് കൊറാഡോയുടെ ജനനം. റോമൻ സിറ്റിയിലെ ഒരു ഗുമസ്തനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് അത് ഉപേക്ഷിച്ച് വൈദികവൃത്തിക്കായി പരിശീലനം നേടുകയും റോമിലെ പുരോഹിതനാവുകയും ചെയ്തു. പാസ്‌കൽ രണ്ടാമൻ മാർപാപ്പ കൊറാഡോയെ സാന്താ പൂഡൻസിയാ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതാനായി നിയമിക്കുന്നു. പിന്നീട് ഹൊണോറിയോസ് രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ സാന്താ സബീന ദേവാലയത്തിലെ കർദ്ദിനാൾ ബിഷപ്പായി ഉയർത്തി.

മധ്യ ഇറ്റലിയിലെ ഫാർഫ ബനഡിക്‌റ്റീൻ ആശ്രമാധിപനെ നിയമിക്കുന്നതിൽ തർക്കമുണ്ടായപ്പോൾ കർദ്ദിനാൾ കൊറാഡോ ഹൊണോറിയോസ് രണ്ടാമൻ മാർപാപ്പയുടെ തീരുമാനം എല്ലാവരെയും കൊണ്ട് അംഗീകരിപ്പിക്കുന്നതിനു വേണ്ടി പരിശ്രമിച്ചു. ആന്റിപോപ്പായിരുന്ന അനാക്‌ളീറ്റസിനെ ശക്തമായി എതിർക്കുകയും ചെയ്തു. ഇന്നസെന്റ് രണ്ടാമൻ മാർപാപ്പയും യൂജിൻ മൂന്നാമൻ മാർപാപ്പയും റോമിനു പുറത്ത് താമസിക്കേണ്ടി വന്നപ്പോൾ റോമിലെ മാർപാപ്പയുടെ വികാരിയായി സേവനമനുഷ്ഠിച്ചതും സഭയുടെ അനുദിന കാര്യങ്ങൾ നടത്തിക്കൊണ്ടുപോയതും കർദ്ദിനാൾ കൊറാഡോ ആയിരുന്നു. ലൂസിയൂസ് രണ്ടാമൻ മാർപാപ്പ കാലം ചെയ്ത് നാലു ദിവസത്തിനു ശേഷം എ.ഡി. 1153 ജൂലൈ 12 -ന് കർദ്ദിനാൾ കൊറാഡോയെ അടുത്ത മാർപാപ്പയായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ആ സമയത്ത് കർദ്ദിനാളന്മാരുടെ സംഘത്തിന്റെ ഡീനും അക്കൂട്ടത്തിലെ ഏറ്റം പ്രായം കൂടിയ ആളുമായിരുന്നു കർദ്ദിനാൾ കൊറാഡോ. അദ്ദേഹം അനസ്താസിയോസ് എന്ന നാമം സ്വീകരിച്ച് ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് മാർപാപ്പയായി അഭിഷേകം ചെയ്യപ്പെട്ടു.

റോമൻ സെനറ്റിലുള്ളവർ അനസ്താസിയോസ് നാലാമൻ മാർപാപ്പയെ അംഗീകരിച്ചതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന് റോമിൽ പ്രശ്നങ്ങൾ കൂടാതെ താമസിക്കാൻ സാധിച്ചത്. അതുപോലെ തന്നെ ജനങ്ങളുടെ ഇടയിൽ സമാധാനം ഉണ്ടാകുന്നതിനു വേണ്ടി അദ്ദേഹം വലിയ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. റോമിലെ ജനങ്ങൾ അനസ്താസിയോസ് മാർപാപ്പയുടെ കാരുണ്യത്തോടെയുള്ള പെരുമാറ്റത്തെ വളരെയധികം ബഹുമാനിച്ചിരുന്നതിന്റെ തെളിവാണ് റോമിലെ പട്ടിണിയുടെ സമയത്ത് അവർ മാർപാപ്പയുടെ അടുത്തേക്ക് തിരിയുന്നതും അദ്ദേഹം തനിക്ക് ലഭ്യമായിരുന്ന എല്ലാ വഴികളും ഉപയോഗിച്ച് അവരെ സഹായിക്കുന്നതും. എ.ഡി. 1154 ഡിസംബർ 3 -ന് കാലം ചെയ്ത അനസ്താസിയോസ് നാലാമനെ അടക്കിയിരിക്കുന്നത് വി. ജോൺ ലാറ്ററൻ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.