പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 15 – വി. സെഫിറീനുസ് (160 – 217)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ആദ്യകാല മാർപാപ്പമാരിൽ ദീർഘകാലം സഭയുടെ നേതൃത്വം കയ്യാളിയ പാപ്പയാണ് വി. സെഫിറീനുസ്. ക്രിസ്തുവർഷം 199 മുതൽ 217 വരെ പതിനെട്ട് വർഷക്കാലം അദ്ദേഹം സഭയുടെ അദ്ധ്യക്ഷനായിരുന്നു. ക്രിസ്തുവർഷം 160-ൽ റോമിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതകാലം ക്രിസ്തീയവിശ്വാസികൾക്ക് പൊതുവെ പ്രതിസന്ധികളുടേതും പീഡനങ്ങളുടേതുമായിരുന്നു. സെഫിറീനുസ് സാധാരണ ജോലികളൊക്കെ ചെയ്തു ജീവിച്ചിരുന്ന ആളായിരുന്നുവെന്നും അതിനാൽ മുൻഗാമികളെപ്പോലെ സഭാപരമായ കാര്യങ്ങളിൽ വലിയ പരിശീലനമൊന്നും ലഭിച്ചിരുന്നില്ലെന്നും ചില ചരിത്രരേഖകളിൽ കാണുന്നു. ഇങ്ങനെയൊരു നിഗമനത്തിന്റെ പ്രധാന കാരണം വി. ഹിപ്പോളിറ്റസിന്റെ മാർപാപ്പ ‘ഒരു സാധാരണ മനുഷ്യനായിരുന്നു’ എന്ന പ്രസ്താവനയാണ്.

റോമിലെ അക്കാലത്തെ പ്രശസ്ത ക്രിസ്തീയചിന്തകനായിരുന്നു വി. ഹിപ്പോളിറ്റസ്. തന്റെ രചനകളിൽ സെഫിറീനുസ് മാർപാപ്പ ശുദ്ധഗതിക്കാരനും ഡീക്കനായ കലിസ്റ്റസിന്റെ (പിന്നീട് മാർപാപ്പ) നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ആളുമാണെന്നും അദ്ദേഹം എഴുതി. അതുപോലെ വടക്കേ ആഫ്രിക്കയിൽ നിന്നുള്ള പ്രശസ്ത ദൈവശാത്രജ്ഞനായ തെർത്തുല്യനും, സെഫിറീനുസ് മാർപാപ്പ വിവിധ വേദവിപരീതികളെ കൈകാര്യം ചെയ്യുന്ന രീതി ദുര്‍ബ്ബലമാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും പിൻതലമുറക്ക് ലഭിച്ച അമൂല്യമായ അറിവ് അക്കാലത്തു തന്നെ സത്യവിശ്വാസത്തിന്റെ സംരക്ഷകരായി മാർപാപ്പമാരെ ക്രിസ്തീയവിശ്വാസികൾ കണ്ടിരുന്നുവെന്നതാണ്. സഭയിലെ ആദ്യനൂറ്റാണ്ടുകളിലെ പ്രശസ്ത ദൈവശാസ്ത്രജ്ഞനായിരുന്ന ഒരിജിൻ ഇക്കാലത്ത് റോമിൽ വരികയും “ഏറ്റം പഴക്കം ചെന്ന ക്രിസ്തീയസഭ” എന്ന വിശേഷണത്തോടെ റോമൻ സഭയെ വിവരിക്കുകയും ചെയ്തിട്ടുണ്ട്.

സഭയ്ക്കുള്ളിൽ നിന്നുമുണ്ടായിരുന്ന വെല്ലുവിളികളേക്കാൾ സെഫിറീനുസ് മാർപാപ്പയെ ആകുലപ്പെടുത്തിയത് സേവേറുസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ വലിയ മതപീഡനം നേരിട്ട ക്രിസ്തീയവിശ്വാസികളുടെ അവസ്ഥയാണ്. മതം മാറ്റത്തെ നിരോധിച്ചുകൊണ്ടുള്ള ചക്രവർത്തിയുടെ ഉത്തരവ് പീഡനത്തിനുള്ള ഒരു അനുവാദമായി ക്രിസ്തീയവിശ്വാസ വിരോധികൾ ഉപയോഗിക്കുകയും തല്‍ഫലമായി അനേകം ക്രൈസ്തവർ രക്തസാക്ഷികളാവുകയും ചെയ്തു. വി. സെഫിറീനൂസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ചരിത്രപരമായ പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും അദ്ദേഹം അനുഭവിച്ച നിരവധി പീഢനങ്ങൾ കാരണം ഒരു രക്തസാക്ഷി എന്ന നിലയിൽ ആദ്യകാല സഭ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. കലിസ്റ്റസ് മാർപാപ്പയുടെ പേരിലറിയപ്പെടുന്ന റോമിലെ പ്രസിദ്ധമായ ആപ്പിയൻ വഴിയിലുള്ള സെമിത്തേരിയിലെ കല്ലറയിൽ സെഫിറീനുസ് മാർപാപ്പ സംസ്കരിക്കപ്പെട്ടു. ഡിസംബർ 20-ന് വി. സെഫിറീനുസിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.