പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 148 – ഗ്രിഗറി VI (1000-1048)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1045 മെയ് 1 മുതൽ 1046 ഡിസംബർ 20 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് ഗ്രിഗറി ആറാമൻ. എ.ഡി. 1000 -ൽ ജോൺ ഗ്രാസ്സിയൻ എന്ന നാമധാരിയായി റോമിലാണ് ഗ്രിഗറി ആറാമൻ ജനിച്ചത്. സാൻ ജൊവാന്നി അ പോർത്ത ലത്തീന ദേവാലയത്തിൽ പ്രധാന പുരോഹിതനായിരുന്ന സമയത്താണ് മാർപാപ്പാസ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. പല ചരിത്രകാരന്മാരും പറയുന്നത്, അദ്ദേഹം മഹത്തായ സ്വാഭാവത്തിനുടമയും ദൈവീകപുണ്യങ്ങൾ നിറഞ്ഞ ജീവിതമുള്ളയാളും ആയിരുന്നു എന്നാണ്.

ഈ സമയത്താണ് ടസ്ക്കുളും കുടുംബത്തിന്റെ നിർബന്ധത്തിനു വിധേയമായി ലൗകീകജീവിതം ആഗ്രഹിച്ച ബനഡിക്റ്റ് ഒൻപതാമൻ, ഇരുപതാമത്തെ വയസ്സിൽ മാർപാപ്പ ആകുന്നത്. ബനഡിക്റ്റിന്റെ സഭാഭരണം റോമൻ സമൂഹത്തിൽ വലിയ ഉതപ്പിന് കാരണമായിത്തീർന്നു. പിന്നീട് തന്റെ ആത്മീയപിതാവായിരുന്ന ജോൺ ഗ്രാസ്സിയാന്റെ ഉപദേശം സ്വീകരിച്ച് ബനഡിക്റ്റ് സ്ഥാനത്യാഗം ചെയ്യുന്നു. എന്നാൽ ഈ പദവി ഏറ്റെടുക്കാൻ തന്റെ ഗുരുവിനെ തന്നെ ബനഡിക്റ്റ് നിർബന്ധിക്കുകയും അതിന്റെ തുടർച്ചയായി ഗ്രാസ്സിയാൻ മാർപാപ്പ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ബനഡിക്റ്റിന് ഈ സമയത്ത് ചിലവായ പണം ഗ്രാസ്സിയാൻ നൽകിയത് പിന്നീട് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ പരിണിതഫലമായി അപമാനം സഹിക്കേണ്ടതായി വരികയും ചെയ്തു.

വലിയ പ്രതീക്ഷയോടെ സഭാഭരണം തുടങ്ങിയ അദ്ദേഹത്തിന് കാര്യങ്ങൾ ഒന്നും ശരിയായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. അവസരം മുതലെടുത്ത് സബീനായിലെ ബിഷപ്പായിരുന്ന ജോണിനെ ഒരു വിഭാഗം സിൽവസ്റ്റർ മൂന്നാമൻ എന്ന പേരിൽ മാർപാപ്പ ആയി തിരഞ്ഞെടുക്കുന്നു. ആകെ താറുമാറായിക്കിടന്ന ഈ അവസ്ഥയിൽ നിന്നും സഭയെ രക്ഷിക്കുന്നതിനായി റോമിലെ ഒരു വിഭാഗം പുരോഹിതർ ഹെൻറി മൂന്നാമൻ ചക്രവർത്തിയുടെ ഇടപെടൽ ആവശ്യപ്പെട്ടു. മാർപാപ്പയിൽ നിന്നും ചക്രവർത്തിയായി അഭിഷേകം സ്വീകരിക്കുക എന്ന ആഗ്രഹത്തോടെ റോമിലേക്കു വരുന്ന ഹെൻറി, മൂന്ന് മാർപാപ്പമാർ ഒരേ സമയം നിലവിലുണ്ടെന്ന അവസ്ഥ കൈകാര്യം ചെയ്യാനായി സുത്രി എന്ന സ്ഥലത്ത് ഒരു സിനഡ് വിളിച്ചുകൂട്ടി. ബനഡിക്റ്റിനെയും സിൽവസ്റ്ററിനെയും ആദ്യം തന്നെ അവർ അവകാശപ്പെട്ടിരുന്ന മാർപാപ്പ സ്ഥാനത്തു നിന്നും പുറത്താക്കി. ഗ്രിഗറി ആറാമൻ ഈ സ്ഥാനം പണം കൊടുത്തു വാങ്ങിയതാണെന്ന് ഒരു വിഭാഗം സിനഡിൽ ആരോപിച്ചു. അവരുടെ മുൻപിൽ താൻ കൊടുത്ത പണം സഹായമായിരുന്നു എന്ന വാദം സ്വീകരിക്കപ്പെടായ്കയാൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയും ജർമ്മനിയിലെ കോളോണിലെ ആർച്ചുബിഷപ്പിന്റെ കൂടെ താമസിച്ചുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. 1048 കൊളോണിൽ വച്ചാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ കബറിടം എവിടെയാണെന്ന് ചരിത്രപുസ്തകങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.