പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 139 – സിൽവസ്റ്റർ II (946-1003)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 999 ഏപ്രിൽ 2 മുതൽ 1003 മെയ് 12 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് സിൽവസ്റ്റർ രണ്ടാമൻ. എ.ഡി. 946 -ൽ ഫ്രാൻസിലെ ബെല്ലിയാക്ക് പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ജേർബെർട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മാമോദീസാപ്പേര്. പതിനേഴാമത്തെ വയസ്സിൽ അവ്റിലാക്കിലെ വി. ജെറാൾഡിന്റെ ആശ്രമത്തിൽ ചേരുകയും പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കത്തലോണിയയിലേക്ക് പോവുകയും ചെയ്തു. ഇവിടെ ഗണിതശാസ്ത്രം, ജ്യോതിശാസ്‌ത്രം, അറബിഭാഷ എന്നിവയിൽ അദ്ദേഹം പ്രാവീണ്യം നേടി. കൂടാതെ ഇന്ത്യൻ-അറബിക്ക് അക്കങ്ങളും പഠിക്കുകയും മറ്റുള്ളവരെ അമ്പരപ്പിക്കുന്ന വേഗത്തിൽ കണക്കുകൾ കൂട്ടി കാര്യങ്ങൾ ചെയ്യുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ ശ്രമഫലമായി റോമൻ അക്കങ്ങൾക്ക്ക്കു പകരം ഇന്ത്യൻ അറബിക്ക് അക്കങ്ങൾ യൂറോപ്പിൽ വ്യാപകമായി പ്രചരിച്ചു.

ചരിത്രത്തിലെ ആദ്യ ഫ്രഞ്ചുകാരനായ മാർപാപ്പയാണ് സിൽവസ്റ്റർ രണ്ടാമൻ. റൈമ്സിലെയും റെവെന്നായിലെയും ആർച്ചുബിഷപ്പായതിനു ശേഷമാണ് അദ്ദേഹം മാർപാപ്പ സ്ഥാനത്തേക്കു വരുന്നത്. ഗണിതശാസ്ത്രം കൂടാതെ സാഹിത്യത്തിലും സംഗീതത്തിലും തത്വശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലുമെല്ലാം അഗാധമായ പാണ്ഡിത്യം അദ്ദേഹം നേടിയിരുന്നു. മാർപാപ്പ ആയതിനു ശേഷവും അതിനു മുൻപും അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ഇന്നും ലഭ്യമാണ്. മാർപാപ്പ ആയപ്പോൾ തന്നെ എതിർത്തിരുന്ന അർനൂൾഫിനെ റൈമ്സിലെ ആർച്ചുബിഷപ്പായി നിയമിക്കുകയും എല്ലാ മേഖലയിലും കൈക്കൂലി നിരോധിക്കുകയും സ്വജനപക്ഷപാതത്തിനെതിരെ നടപടി എടുക്കുകയും ചെയ്തു. വൈദികബ്രഹ്മചര്യം കർശനമായി പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ആശ്രമാധിപന്മാരെ അവിടെയുള്ളവർ തന്നെ സ്വതന്ത്രമായി തിരഞ്ഞെടുക്കണമെന്നും മാർപാപ്പ കല്പന പുറപ്പെടുവിച്ചു.

ഓട്ടോ ചക്രവർത്തിയുമായി നല്ല ബന്ധം സ്ഥാപിക്കുകയും പോളണ്ടിലെയും ഹങ്കറിയിലെയും സഭയെ ശക്തിപെപ്പെടുത്തുന്നതിന് ശ്രമിക്കുകയും ചെയ്തു. അതിനുള്ള പ്രതിനന്ദിയായി സിൽവസ്റ്റർ രണ്ടാമൻ മാർപാപ്പയെ അനുസ്മരിച്ചുകൊണ്ട് ആയിരം വർഷങ്ങൾക്കു ശേഷം 1938 -ൽ ഹങ്കറിയും 1964 -ൽ ഫ്രാൻസും ഇദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പുകൾ ഇറക്കി. കഴിവുള്ളവരെയും കുറ്റമറ്റവരെയും മാത്രമേ ബിഷപ്പുമാരായി നിയമിക്കൂ എന്ന് സിൽവസ്റ്റർ മാർപാപ്പ നിർബന്ധം പിടിച്ചു. എന്നാൽ റോമൻ ജനത വീണ്ടും “വിദേശിയായ” ഒരു മാർപാപ്പ തങ്ങളെ ഭരിക്കുന്നത് ഇഷ്ടപ്പെടാതെ ക്രസന്തി കുടുംബത്തിന്റെ നേതൃത്വത്തിൽ സിൽവസ്റ്റർ മാർപാപ്പയെ പുറത്താക്കി. പിന്നീട് ആത്മീയകാര്യങ്ങൾ മാത്രം അനുഷ്ഠിക്കാൻ അനുവാദം നൽകിക്കൊണ്ട് ഒരു വർഷത്തിന്നു ശേഷം വീണ്ടും റോമിൽ പ്രവേശിപ്പിച്ചു. എ.ഡി. 1003 മെയ് 12 -ന് കാലം ചെയ്ത സിൽവസ്റ്റർ രണ്ടാമൻ മാർപാപ്പയെ ലാറ്ററൻ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.