പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 136 – ജോൺ XIV (940-984)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 983 നവംബർ മുതൽ 984 ആഗസ്റ്റ് 20 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് ജോൺ പതിനാലാമൻ. എ.ഡി. 940 -ൽ ഇറ്റലിയിലെ മിലാൻ നഗരത്തോട് ചേർന്നുകിടക്കുന്ന പവിയ പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഇദ്ദേഹത്തിന്റെ മാമ്മോദീസാ പേര് പിയെത്രോ കനെപനോവ എന്നായിരുന്നുവെന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മിലാനിൽ ഉന്നതപഠനം നടത്തുകയും ഓട്ടോ രണ്ടാമൻ ചക്രവർത്തിയുടെ ഇറ്റലിയിലെ പ്രധാന ന്യായാധിപനായി കുറേ നാൾ സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് പിയെത്രോ പവിയ രൂപതയുടെ ബിഷപ്പായി നിയമിതനായി. സഭയിലെ പേരു കേട്ട വേദപാരംഗതനായ അഗസ്തീനോസിന്റെ ഭൗതീകശരീരം അന്ത്യവിശ്രമം കൊള്ളുന്ന ദേവാലയം സ്ഥിതിചെയ്യുന്നതും പവിയ രൂപതയിലാണ്.

ബെനഡിക്റ്റ് ഏഴാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ഓട്ടോ രണ്ടാമൻ ചക്രവർത്തി ബർഗണ്ടിയിലെ ക്ലൂണി ആശ്രമാധിപൻ മായിലോസിനെ അടുത്ത മാർപാപ്പ ആകാൻ ക്ഷണിക്കുന്നു. സുകൃതജീവിതത്തിന് പേരു കേട്ട സന്യാസി ആയിരുന്ന മായിലോസ്, ഈ സ്ഥാനം നിരസിക്കുമ്പോൾ ചക്രവർത്തി ബിഷപ്പ് പിയെത്രോയെ മാർപാപ്പ ആകാൻ നിർബന്ധിച്ചു. പുതിയ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് ചക്രവർത്തിയുടെ നിർബന്ധത്തിനു വഴങ്ങി പിയെത്രോ മാർപാപ്പാസ്ഥാനം ഏറ്റെടുത്തു. ആദ്യ മാർപാപ്പയായ പത്രോസിനോടുള്ള ബഹുമാനം കൊണ്ട് തന്റെ പേര് മാറ്റി ജോൺ എന്ന നാമം സ്വീകരിക്കുന്നു (പിന്നീട് എ.ഡി. 1009 -ൽ സേർജിയൂസ് മാർപാപ്പയും ഇതുപോലെ പത്രോസ് എന്ന നാമം മാറ്റി പുതിയ പേര് സ്വീകരിക്കുന്നുണ്ട്). എന്നാൽ റോമിലെ പുരോഹിതരോടും ജനങ്ങളോടും ആലോചിക്കാതെ ചക്രവർത്തി എടുത്ത ഈ തീരുമാനം അവരുടെ എതിർപ്പിനിടയാക്കി.

മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് ഓട്ടോ ചക്രവർത്തി നേരിട്ടെത്തിയെങ്കിലും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മലേറിയ ബാധിച്ച് ഇരുപത്തിയെട്ടാമത്തെ വയസിൽ അദ്ദേഹം മാർപാപ്പയുടെ കരങ്ങളിൽ കിടന്ന് മരിക്കുന്നു. ഓട്ടോയുടെ ഭാര്യ തിയോഫാനു രാജ്ഞി, തന്റെ മൂന്നു വയസ്സ് പ്രായമുള്ള മകനെ സംരക്ഷിക്കുന്നതിനും പിന്തുടർച്ച ഉറപ്പാക്കുന്നതിനുമായി പെട്ടെന്നു തന്നെ ജർമ്മനിയിലേക്ക് തിരികെ പോകുന്നു. സംരക്ഷകരുടെ അഭാവം കാരണം ജോൺ പതിനാലാമൻ മാർപാപ്പയ്ക്ക് ഭരണകാര്യങ്ങൾ ശരിയായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നു. ഈ അവസരം മുതലാക്കി ആന്റിപോപ്പായിരുന്ന ബോനിഫസ് ഏഴാമൻ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും റോമിലെത്തി ജോൺ മാർപാപ്പയെ പുറത്താക്കുന്നു. കാസ്സൽ സാന്താഞ്ചലോയിൽ തടവിൽ കിടന്ന് ജോൺ പതിനാലാമൻ എ.ഡി. 984 ആഗസ്റ്റ് 20 -ന് മരിക്കുന്നു. അദ്ദേഹത്തെ വി. പത്രോസിന്റെ ബസിലിക്കയിൽ സംസ്കരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.