പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 133 – ജോൺ XIII (930-972)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 965 ഒക്ടോബർ 1 മുതൽ 972 സെപ്റ്റംബർ 6 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ജോൺ പതിമൂന്നാമൻ. എ.ഡി. 930 -ൽ ജോൺ എന്ന ആളുടെ മകനായി റോമിലാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് റോമിലെ പ്രസിദ്ധമായ ക്രസന്തി പ്രഭുകുടുംബത്തിലെ അംഗമായിരുന്നു. ഒരു ഡ്യൂക്കായിരുന്ന അദ്ദേഹം ഒരു ബിഷപ്പായിരുന്നു എന്നും ചില ചരിത്രരേഖകളിൽ കാണുന്നു. റോമിലെ ലാറ്ററൻ ബസിലിക്കയോട് ചേർന്നുള്ള പ്രസിദ്ധമായ “സ്കോള കന്തോരം” എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഉന്നതവിദ്യാഭ്യാസം നേടിയതിനു ശേഷം മാർപാപ്പമാരെ ഭരണനിർവ്വഹണത്തിൽ സഹായിക്കുന്ന ചാൻസറിയിൽ അദ്ദേഹത്തിന് ജോലി ലഭിക്കുന്നു. ജോൺ പന്ത്രണ്ടാമൻ, ലിയോ എട്ടാമൻ മാർപാപ്പമാരുടെ കൂരിയായിലെ ഉദ്യോഗസ്ഥനായിരുന്ന ജോൺ പിന്നീട് നാർണിയിലെ ബിഷപ്പായി നിയോഗിക്കപ്പെടുന്നു.

ലിയോ മാർപാപ്പ കാലം ചെയ്തപ്പോൾ ഓട്ടോ ഒന്നാമൻ ചക്രവർത്തിയോട് ബെനഡിക്റ്റ് അഞ്ചാമനെ വീണ്ടും മാർപാപ്പ ആക്കണമെന്ന റോമൻ നിവാസികളുടെ അഭ്യർത്ഥന നിരസിക്കപ്പെടുന്നു. അപ്പോൾ എല്ലാവർക്കും സ്വീകാര്യനായ ആളെന്ന നിലയിലാണ് ഐകകണ്ഠേന ജോൺ തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷേ, സ്ഥാനം ഏറ്റെടുത്തതു മുതൽ വിവിധ ആഭ്യന്തരപ്രശ്നങ്ങൾ സുഗമമായ ഭരണത്തിന് തടസ്സമായി ഭവിക്കുന്നു. മാത്രമല്ല, ജോൺ മാർപാപ്പ ഓട്ടോ ചക്രവർത്തിയുടെ സ്ഥാനാർത്ഥി ആയതിനാൽ തങ്ങളുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുമെന്ന് റോമിലെ പ്രഭുക്കന്മാർ ചിന്തിച്ചിരുന്നു. തുടർന്ന് റോമിലെ പൗരസേന അദ്ദേഹത്തെ ആദ്യം കാസിൽ സാന്താഞ്ചലോയിലും തുടർന്ന് കംപാഞ്യ എന്ന സ്ഥലത്തുള്ള റോഫ്രഡ്‌ കാസ്സിലിലും തടവുകാരനാക്കുന്നു. ഇതറിഞ്ഞ ഓട്ടോ ചക്രവർത്തി, റോമിലേക്ക് സൈന്യസമേതം വരികയും അതിനെ തുടർന്ന് വീണ്ടും ജോൺ മാർപാപ്പ സ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്തു.

ചക്രവർത്തിയുടെ ആവശ്യപ്രകാരം എ.ഡി. 967 -ല്‍ ക്രിസ്തുമസ് ദിനത്തിൽ ഓട്ടോ ഒന്നാമന്റെ പന്ത്രണ്ടു വയസ്സുള്ള മകനെ വിശുദ്ധ റോമൻ ചക്രവർത്തിയായി പിതാവിനോടൊപ്പം ഭരിക്കുന്നതിനായി അഭിഷേകം ചെയ്തു. എന്നാൽ ഓട്ടോ രണ്ടാമനും ബൈസന്റൈൻ ചക്രവർത്തിയുടെ കുടുംബാംഗവുമായി വിവാഹം നടത്തുന്നതിന് മാർപാപ്പ എഴുതിയ കത്തുകൾ പൗരസ്ത്യസഭയുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. പിന്നീട് ബൈസന്റൈൻ ചക്രവർത്തി നിക്കോഫോറോസിന്റെ മരണശേഷം അധികാരത്തിൽ വന്ന ജോൺ ഒന്നാമൻ ഈ വിവാഹത്തിന് മുൻകൈയ്യെടുക്കുകയും എ.ഡി. 972 ഏപ്രിൽ 14 -ന് ഓട്ടോ രണ്ടാമനും തെയോഫാനു രാജകുമാരിയുമായുള്ള വിവാഹം റോമിൽ വച്ച് ജോൺ പതിമൂന്നാമൻ മർപാപ്പ ആശീർവദിക്കുകയും ചെയ്തു. എ.ഡി. 972 സെപ്റ്റംബർ 6 -ന് കാലം ചെയ്ത ജോൺ പതിമൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പൗലോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.