പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 130 – ജോൺ XII (930-964)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 955 ഡിസംബർ 16 മുതൽ 964 മെയ് 14 വരെയുള്ള കാലഘട്ടത്തിലെ മാർപാപ്പയാണ് ജോൺ പന്ത്രണ്ടാമൻ. സഭാഭരണത്തിൽ കൈ കടത്തി മാർപാപ്പാ സ്ഥാനത്തിന്റെ വിലയിടിച്ച റോമിലെ ടുസ്കുളും പ്രഭുകുടുംബത്തിൽ റോമൻ ഭരണാധികാരിയായിരുന്ന ആൽബറിക്കിന്റെ മകനായി എ.ഡി. 937 -ലാണ് ഇദ്ദേഹത്തിന്റെ ജനനം. ഒക്‌ടേവിയൻ എന്ന തന്റെ ഈ മകനെ അടുത്ത മാർപാപ്പ ആക്കണമെന്ന് റോമിലെ പ്രഭുക്കന്മാരോടും പുരോഹിതരോടും തന്റെ മരണത്തിനു മുൻപായി ആൽബറിക്ക് കല്പിക്കുകയും അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. അങ്ങനെ സഭാനിയമങ്ങൾക്കു വിരുദ്ധമായി അഗാപ്പേത്തൂസ് മാർപാപ്പയുടെ മരണശേഷം നോവിചെല്ല സാന്താ മരിയ ബസിലിക്കയിലെ കർദ്ദിനാൾ ഡീക്കനായിരുന്ന, കേവലം പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഒക്‌ടേവിയൻ, ജോൺ ഏഴാമൻ എന്ന പുതിയ നാമത്തോടെ അടുത്ത മാർപാപ്പയായി അധികാരമേറ്റു.

സഭാചരിത്രത്തിലെ ഏറ്റവും മോശക്കാരായ മാർപാപ്പമാരിൽ ഒരാളായി ചരിത്രകാരന്മാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഒരു ആത്മീയനേതാവ് എന്നതിനേക്കാൾ തന്റെ പിതാവിനെപ്പോലെ റോമിന്റെ ഭരണാധികാരിയായിട്ടാണ് അദ്ദേഹം ജീവിച്ചത്. ഇറ്റലിയിലെ തന്റെ ശത്രുക്കളെ തോൽപ്പിക്കുന്നതിന് ജർമ്മൻ രാജാവായിരുന്ന ഓട്ടോ ഒന്നാമന്റെ സഹായം ജോൺ തേടുന്നു. അദ്ദേഹം റോമിലെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ പ്രതിനന്ദിയായി ഓട്ടോയെ വിശുദ്ധ റോമൻ സാമ്രാജ്യ ചക്രവർത്തിയായി ജോൺ വാഴിക്കുകയും ചെയ്യുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിലുള്ള ബന്ധം വഷളാവുകയും ലിയോ എന്നൊരാളെ മാർപാപ്പയായി ഓട്ടോയുടെ താൽപര്യപ്രകാരം തിരഞ്ഞെടുത്തെങ്കിലും അത് അധിക നാൾ നിലനിന്നില്ല. ഒരു മാർപാപ്പയുടെ ജോലിയൊഴിച്ച് ബാക്കിയെല്ലാം ചെയ്ത അദ്ദേഹം അധാർമ്മിക ജീവിതം നയിച്ച് സഭയുടെ പേര് ചരിത്രത്തിൽ കളങ്കിതമാക്കുന്നതിനു കാരണക്കാരനായി.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും വല്ലപ്പോഴും ചില നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തു. ജോൺ ജർമ്മനിയിലെയും ഫ്രാൻസിലെയും ബിഷപ്പുമാർക്കും രാജാക്കന്മാർക്കും സഭയുടെ വളർച്ചക്കായി പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കത്തെഴുതി. സ്പെയിനിലെ സഭയെ മുസ്ലീങ്ങൾക്കെതിരായ പ്രതിരോധത്തിനു സഹായിച്ചു. ഇറ്റലിയിലെ സുബിയാക്കോ ആശ്രമത്തിന് ചില ആനുകൂല്യങ്ങൾ നൽകിയപ്പോൾ പ്രതിഫലമായി എല്ലാ സന്യാസികളും തന്റെയും പിൻഗാമികളുടെയും ആത്മരക്ഷക്കായി ആഴ്ചയിൽ മൂന്നു പ്രാവശ്യം നൂറു കുറിയേലായിസോനും നൂറു ക്രിസ്തേലായിസോനും ചൊല്ലണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ളീഷ് സഭയുടെ നവീകരണത്തിന് കാരണക്കാരനായ വി. ഡുൺസ്റ്റനെ കാന്റർബെറിയിലെ ആർച്ചുബിഷപ്പായി നിയമിച്ചത് ഇദ്ദേഹമാണ്. എ.ഡി. 964 മെയ് 14 -ന് അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച ജോണിനെ അടക്കിയത് ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.