പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 129 – അഗാപ്പേത്തൂസ് II (905-955)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 946 മെയ് 10 മുതൽ 955 നവംബർ 8 വരെയുള്ള ദിവസങ്ങളിൽ മാർപാപ്പ സ്ഥാനം അലങ്കരിച്ച ആളാണ് അഗാപ്പേത്തൂസ് രണ്ടാമൻ. അദ്ദേഹത്തിന്റെ പിതാവ് റോമാക്കാരനും അമ്മ ഗ്രീക്ക് വംശജയും ആയിരുന്നു. റോം അക്കാലത്ത് ഒരു സ്വതന്ത്ര പ്രദേശവും അതിന്റെ ഭരണാധികാരി സ്പൊളെത്തോയിലെ ആൾബറിക്ക് എന്ന ഡ്യൂക്കും ആയിരുന്നു. മാർപാപ്പമാർ കയ്യാളിയിരുന്ന പേപ്പൽ സ്റ്റേറ്റിന്റെയും അധികാരം ആൾബറിക് കൈയ്യാളുന്ന ഒരു സമയമായിരുന്നു ഇത്. ആൾബറിക്കിന്റെ സ്വാധീനത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തന്റേതായ ശൈലി കൊണ്ട് ഇരുൾ മൂടിയ ഒരു കാലഘട്ടത്തിൽ കുറിച്ചെങ്കിലും പ്രകാശം പരത്താൻ അഗാപ്പേത്തൂസ് രണ്ടാമൻ മാർപാപ്പക്കു സാധിച്ചു.

ഫ്രാൻസിലെ ബർഗണ്ടിയിലുള്ള ക്ലൂണി ആശ്രമത്തിന് തന്റെ മുൻഗാമികൾ നൽകിയ പ്രത്യക ആനുകൂല്യങ്ങൾ അഗാപ്പേത്തൂസ് മാർപാപ്പയും തുടരുന്നു. അതുപോലെ, ഗോർസെ എന്ന സ്ഥലത്തെ പ്രസിദ്ധമായ ബെനഡിക്റ്റീൻ ആശ്രമത്തിലെ ഊർജ്ജസ്വലരായ ജർമ്മൻ സന്യാസികളെ പൗലോസിന്റെ ദേവാലയത്തിനടുത്തുള്ള ആശ്രമനവീകരണത്തിനായി റോമിൽ കൊണ്ടുവന്നു. ജർമ്മനിയിലെ ഓട്ടോ ഒന്നാമൻ ചക്രവർത്തിയും ഫ്രാൻസിലെ ലൂയി നാലാമൻ രാജാവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപാപ്പ അയച്ച സംഘത്തിന്റെ നേതൃത്വത്തിൽ ഇങ്കൾഹൈം എന്ന സ്ഥലത്തു വച്ച് ഒരു സിനഡ് ചേരുകയും അത് വിജയിക്കുകയും ചെയ്തു. ഇതുവഴി ഓട്ടോ ഒന്നാമൻ ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ പ്രദേശത്തുള്ള ആശ്രമങ്ങളുടെ മേൽ അധികാരം ലഭിക്കുകയും അദ്ദേഹം അത് സഭയുടെ നന്മക്കായി ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരൻ മഹാനായ ബ്രൂണോ, ജർമ്മനിയിലെ കൊളോൺ രൂപതയുടെ ആർച്ചുബിഷപ്പായി ഇക്കാലത്ത് സേവനമനുഷ്ഠിച്ചത് ഈ പ്രദേശങ്ങളിലൊക്കെ ക്രിസ്തീയത വലുതായി വളരുന്നതിന് ഇടയാക്കി.

ഇറ്റലിയിലെ ബെനവെന്തും, കാപ്പുവ എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങൾ അവിടെയുള്ള ഭരണാധികാരികൾ സന്യാസിമാരിൽ നിന്നും പിടിച്ചെടുത്ത് തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. എന്നാൽ അത് തിരികെ സന്യാസികളെ ഏൽപ്പിക്കണമെന്ന് അവരോട് മാർപാപ്പ കത്തിലൂടെ കർശനമായി ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങിയ തെർമൊളിയിലേയും ത്രിവന്തോയിലെയും ബിഷപ്പുമാരെ മാർപാപ്പ അധികാരത്തിൽ നിന്നും പുറത്താക്കി. എ.ഡി. 955 നവംബർ 8 -ന് കാലം ചെയ്ത അഗാപ്പേത്തൂസ് രണ്ടാമനെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കുന്ന പതിവിൽ നിന്നും വ്യത്യസ്തമായി ലാറ്ററൻ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്. “ഇരുണ്ട യുഗം” എന്ന് അറിയപ്പെട്ടിരുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശുദ്ധിക്കും ലളിതജീവിതത്തിനും പേരുകേട്ട ആളായിരുന്നു അഗാപ്പേത്തൂസ് മാർപാപ്പ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.