പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 119 – സേർജിയൂസ് III (860-911)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 904 ജനുവരി മുതൽ 911 ഏപ്രിൽ 14 വരെ മാർപാപ്പ ആയിരുന്ന ആളാണ് സേർജിയൂസ് മൂന്നാമൻ. ബെനഡിക്തൂസ് എന്ന റോമൻ പ്രഭുവിന്റെ മകനായി 860 -ൽ റോമിലാണ് അദ്ദേഹത്തിന്റെ ജനനം. മറിനൂസ് ഒന്നാമൻ അദ്ദേഹത്തെ സബ്ഡീക്കനായും സ്റ്റീഫൻ അഞ്ചാമൻ മാർപാപ്പ ഡീക്കനായും വാഴിക്കുന്നു. ഫോർമൂസൂസ് മാർപാപ്പ അദ്ദേഹത്തെ ചെർവത്തേറി രൂപതയുടെ മെത്രാനായി 893 -ല്‍ നിയമിച്ചു. ഇത് റോമിൽ നിന്നും അദ്ദേഹത്തെ മാറ്റുന്നതിനു വേണ്ടി ചെയ്തതാണ് എന്ന് പറയപ്പെടുന്നു. പിന്നീട് “കഡാവർ സിനഡിൽ” പങ്കെടുത്ത് ഫോർമൂസൂസ് മാർപാപ്പയെ കുറ്റവിചാരണ ചെയ്തവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ചരിത്രത്തിലുടനീളം വേട്ടയാടുന്ന സംഭവമായി അവശേഷിക്കുന്നു.

സഭാചരിത്രത്തിലെ കളങ്കിതരായ മാർപാപ്പമാരുടെ ഗണത്തിൽ എണ്ണപ്പെടുന്നയാളാണ് സേർജിയൂസ് മൂന്നാമൻ. അതിന്റെ പ്രധാന കാരണം തന്റെ മുൻഗാമി ലിയോ അഞ്ചാമന്റെയും ആന്റി-പോപ്പായി അറിയപ്പെട്ടിരുന്ന ക്രിസ്റ്റഫറിന്റെയും മരണത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു എന്നതാണ്. ഫോർമൂസൂസ് മാർപാപ്പയെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കുകയും അദ്ദേഹം നൽകിയ പട്ടങ്ങൾ അസാധുവാണെന്ന് വിധിക്കുകയും ചെയ്തു. അനേകം മെത്രാന്മാരുടെയും വൈദികരുടെയും പട്ടങ്ങൾ അസാധുവാക്കപ്പെട്ടത് സഭയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിത്തീർന്നു. കൂടാതെ ജോൺ പതിനൊന്നാമൻ മാർപാപ്പ ഇദ്ദേഹത്തിന്റെ വിവാഹേതരബന്ധത്തിലുണ്ടായ മകനാണെന്നും പറയപ്പെടുന്നു (ഇത് സേർജിയൂസിന്റെ ശത്രുക്കൾ മെനഞ്ഞെടുത്ത കഥയായാണെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്).

എ.ഡി. 898 -ൽ തെയഡോർ മാർപാപ്പ കാലം ചെയ്‍തപ്പോൾ റോമിലെ പ്രഭുക്കന്മാർ സേർജിയൂസിനെ പിൻഗാമിയായി തിരഞ്ഞെടുത്തു. എന്നാൽ ലാംബെർട്ട് ചക്രവർത്തിയുടെ സഹായത്തോടെ ജോൺ ഒൻപതാമൻ മാർപാപ്പ ആവുകയും അദ്ദേഹം സേർജിയൂസിനെ പുറത്താക്കുകയും ചെയ്തു. പിന്നീട് തെയോഫിലാക്ത്തിന്റെ സഹായത്താൽ റോമിൽ തിരിച്ചെത്തി എ.ഡി. 904 ജനുവരിയിൽ സേർജിയൂസ് മാർപാപ്പ ആയി അധികാരമേറ്റു. എന്നാൽ റോമൻ കൂരിയ ഭരണം തെയോഫിലാക്ത് കയ്യടക്കുകയും സേർജിയൂസ് അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തിയായി ഭരിക്കേണ്ടി വരികയും ചെയ്യുന്നു. സേർജിയൂസ് തന്റെ ആജ്ഞാനുവർത്തികളെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയമിക്കുന്നു. സഭാനിയമങ്ങൾക്കും പൗരസ്ത്യസഭയുടെ പാരമ്പര്യങ്ങൾക്കും വിരുദ്ധമായി ബൈസന്റൈൻ ചക്രവർത്തി ലിയോ നാലാമന്റെ നാലാം വിവാഹത്തിന് അംഗീകാരം നൽകുകയും അതിനെ എതിർത്ത കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസിനെ പുറത്താക്കുന്നതിന് കൂട്ടു നിൽക്കുകയും ചെയ്തു. എ.ഡി. 911 ഏപ്രിൽ 11 -ന് അന്തരിച്ച സേർജിയൂസ് മൂന്നാമനെ അടക്കിയത് ലാറ്ററൻ ബസിലിക്കയിലാണ്. എന്നാൽ അദ്ദേഹത്തിന്റെ കബറിടം സംരക്ഷിക്കപ്പെട്ടിട്ടില്ല.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.